ദുബായ്: ദുബായിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവതിയും മകളും മരിച്ചു. അഴീക്കോട് പുതിയാപ്പറമ്പ് പുതിയകാവ് ഭഗവതി ക്ഷേത്രത്തിന് സമീപം ‘ആർഷ അഷിത’യിൽ ആർഷയും (35) ഏകമകൾ അഞ്ച് വയസുകാരി റൂഹിയുമാണ് മരിച്ചത്. കാർ നിർത്തി റോഡ് മുറിച്ചു കടക്കുമ്പോൾ മറ്റൊരു വാഹനം ഇവരെ ഇടിച്ചെന്നാണ് നാട്ടിൽ ലഭ്യമായ വിവരം. ബുധനാഴ്‌ച രാത്രിയാണ് സംഭവം.
കാറിൽ സാധനം വാങ്ങാൻ ടൗണിലേക്ക് പോയതായിരുന്നു. ലക്ഷ്യസ്ഥാനത്തെത്തി തങ്ങളുടെ കാര്‍ സുരക്ഷിതമായി പാര്‍ക്ക് ചെയ്ത ശേഷം, റോഡിന്റെ മറുഭാഗത്തുള്ള കടയിലേക്ക് പോകാനായി ഇരുവരും കൈകോര്‍ത്തു പിടിച്ച് റോഡ് മുറിച്ചുകടക്കുകയായിരുന്നു. ഈ സമയം അതീവ വേഗതയില്‍ പാഞ്ഞുവന്ന മറ്റൊരു വാഹനം ഇവര്‍ക്ക് മേലേക്ക് നിയന്ത്രണം വിട്ട് ഇടിച്ചു കയറുകയായിരുന്നുവെന്നാണ് നാട്ടില്‍ ബന്ധുക്കള്‍ക്ക് ലഭിച്ച പ്രാഥമിക വിവരം.
ഓൺലൈൻ ബിസിനസ് നടത്തി വരികയായിരുന്നു ആർഷ. കുറെ വർഷങ്ങളായി ഭർത്താവ് നിഹിലുമൊന്നിച്ച് ദുബായിലാണ് താമസം. നിഹിലിൻ്റെ അച്ഛനും സഹോദരനും ഭാര്യയും കുടുംബവും ദുബായിൽ തന്നെയാണ് താമസം. ആർഷയുടെ സഹോദരി അഷിത ഇവരുടെ അടുത്ത ഫ്ളാറ്റിലാണ്. ആർഷയുടെ അച്ഛൻ ടി.കെ പുരുഷോത്തമനും ഭാര്യ ഗീതയും അഴീക്കോട്ട് നിന്ന് ദുബായിലേക്ക് തിരിച്ചിട്ടുണ്ട്. യുഎഇയിലെ നിയമനടപടികള്‍ക്കും പോസ്റ്റ്മോര്‍ട്ടത്തിനും ശേഷം മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ ദുബായിലെ കെഎംസിസി ഉള്‍പ്പെടെയുള്ള പ്രവാസി കൂട്ടായ്മകളുടെ നേതൃത്വത്തില്‍ പുരോഗമിക്കുകയാണ്.

