Saturday, May 23, 2026
Home » ലഹരി മാഫിയയ്ക്കെതിരെ ഓപ്പറേഷൻ തൂഫാൻ; പൊലീസ് സ്‌റ്റേഷനുകൾ ജനസേവന കേന്ദ്രങ്ങളാക്കും: രമേശ് ചെന്നിത്തല.
ലഹരി മാഫിയയ്ക്കെതിരെ ഓപ്പറേഷൻ തൂഫാൻ; പൊലീസ് സ്‌റ്റേഷനുകൾ ജനസേവന കേന്ദ്രങ്ങളാക്കും: രമേശ് ചെന്നിത്തല.

ലഹരി മാഫിയയ്ക്കെതിരെ ഓപ്പറേഷൻ തൂഫാൻ; പൊലീസ് സ്‌റ്റേഷനുകൾ ജനസേവന കേന്ദ്രങ്ങളാക്കും: രമേശ് ചെന്നിത്തല.

by Editor

തിരുവനന്തപുരം: സംസ്ഥാനത്ത് മയക്ക് മരുന്ന് വിപണനം ശക്തമാവുന്നത് തടയാൻ ”ഓപ്പറേഷന്‍ തൂഫാന്‍: ദ് നാര്‍ക്കോ ഹണ്ട്’ എന്ന പേരിൽ പുതിയ പദ്ധതി ജൂൺ ഒന്നു മുതൽ ആരംഭിക്കും. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായുള്ള യോഗത്തിന് ശേഷം ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയാണ് ഇക്കാര്യം അറിയിച്ചത്. ലഹരി വിൽപനയിൽ ഒരു തരത്തിലുള്ള വിട്ടുവീഴ്ചയും അനുവദിക്കില്ലെന്ന് മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് വളരെ വലിയ തോതിൽ മയക്കുമരുന്ന് കച്ചവടം നടക്കുന്നുണ്ട്. പ്രത്യേകിച്ച് സ്‌കൂൾ, കോളജ് വിദ്യാർത്ഥികളെയാണ് ഇത്തരം സംഘങ്ങൾ ചൂഷണം ചെയ്യാൻ ശ്രമിക്കുന്നത്. ഇതിനെതിരെ ‘ഓപ്പറേഷൻ തൂഫാൻ, നാർക്കോ ഹണ്ട്’ എന്ന പേരിൽ ഓപ്പറേഷൻ ആരംഭിക്കുകയാണ്. കേരളത്തിലെ മയക്കുമരുന്നിൻ്റെ വേരറുക്കാനാണ് ഈ ഓപ്പറേഷൻ. ജനങ്ങളുടെ ശ്രദ്ധയിൽ വരുന്ന ഏതൊരു സംഭവവും തൊട്ടടുത്തുള്ള പൊലീസ് സ്റ്റേഷനിൽ അറിയിക്കാം. മയക്കുമരുന്നിൻ്റെ ഉറവിടം കണ്ടെത്തുന്നതിനാണ് മുൻതൂക്കം നൽകിയിട്ടുള്ളത്. നമ്മുടെ ഭാവി തലമുറയ്ക്ക് വേണ്ടിയുള്ള വലിയൊരു ഓപ്പറേഷനാണിത്.

അന്തർസംസ്ഥഥാന ലഹരി മാഫിയയെ തകർക്കാൻ കേരള പൊലീസ് മേധാവി മറ്റ് സംസ്‌ഥാനങ്ങളിലെ പൊലീസ് മേധാവിമാരുമായി ഒരുമിച്ച് പ്രവർത്തിക്കും. കെമിക്കൽ/സിന്തറ്റിക് നർക്കോട്ടിക്സ്, ഹൈബ്രിഡ് കഞ്ചാവ് എന്നിവയുടെ ഒഴുക്ക് തടയാൻ പ്രത്യേക നിരീക്ഷണം ഉണ്ടാകും. സ്‌കൂൾ പരിസരങ്ങളിലെ പുകയില വിൽപനയ്ക്കെതിരെയും ഫൈവ് സ്‌റ്റാർ ഹോട്ടലുകൾ, ഡി.ജെ പാർട്ടികൾ, കായലുകളിലെയും കടലിലെയും പാർട്ടികൾ എന്നിവയ്ക്കെതിരെയും കർശന നടപടിയുണ്ടാകും.

പൊലീസ് സ്‌റ്റേഷനുകൾ ജനസേവന കേന്ദ്രങ്ങളാക്കും. സംസ്ഥാനത്തെ 484 പൊലീസ് സ്‌റ്റേഷനുകൾക്കും പുതിയ മുഖം നൽകും. സ്റ്റേഷനിൽ എത്തുന്നവരെ ‘ഗുഡ് മോണിങ്’, ‘നമസ്കാരം‘ പറഞ്ഞ് സ്വീകരിക്കണം. സ്‌റ്റേഷനുകൾ വൃത്തിയായി സൂക്ഷിക്കുന്നതിനൊപ്പം, വർഷങ്ങളായി കെട്ടിക്കിടക്കുന്ന വാഹനങ്ങൾ ലേലം ചെയ്‌ത്‌ ഒഴിവാക്കാൻ ഡിജിപിക്ക് നിർദേശം നൽകി.

പൊലീസ് സേന ജനങ്ങൾക്കുള്ളതാണെന്നും നിയമം വെല്ലുവിളിക്കുന്നവരെ വെറുതെ വിടില്ലെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു. ട്രാഫിക് അപകടങ്ങൾ കുറച്ചു കൊണ്ടുവരാൻ കൂടുതൽ സംവിധാനങ്ങൾ രൂപീകരിക്കാൻ തീരുമാനിച്ചു. റോഡ് അപകടങ്ങൾ കുറയ്ക്കാൻ പൊതുമരാമത്ത് വകുപ്പുമായി ചർച്ച നടത്തുമെന്ന് മന്ത്രി പറഞ്ഞു. പോലീസ് ട്രെയിനിങ് സിലബസിൽ മാറ്റം വരുത്തും. ഓപ്പറേഷൻ കുബേര അടക്കമുള്ള കാര്യങ്ങൾ ആലോചിച്ച് തീരുമാനമെടുക്കേണ്ടവയാണ്. നിലവിൽ ആദ്യപരിഗണന ഓപ്പറേഷൻ തുഫാൻ ദി നർക്കോ ഹണ്ടിനായിരിക്കുമെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞു. നവ കേരള യാത്രയ്ക്കിടെ ഉണ്ടായ സംഭവം നിർഭാഗ്യകരമാണെന്നും റിപ്പോർട്ട്‌ വന്ന ശേഷം നടപടിയെടുക്കുമെന്നും മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി. ആരാണെങ്കിലും സംരക്ഷിക്കില്ലെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

 

Send your news and Advertisements

You may also like

error: Content is protected !!