“എനിക്ക് ഒരു ടോൾസ്റ്റോയിയോ ദസ്തയേവ്സ്കിയോ ആകാൻ കഴിയില്ല, എനിക്ക് മുട്ടത്തുവർക്കി ആകാനേ കഴിയൂ. ഞാൻ ഞാനായിട്ടു തന്നെ മലയാളത്തിലെ പച്ചയായ മനുഷ്യരുടെ ഹൃദയത്തുടുപ്പുകൾ കുറിച്ചു. അത് മലയാളി നെഞ്ചിലേറ്റി. എൻ്റെ ഇണപ്രാവുകളും മയിലാടുംകുന്നുമെല്ലാം മുഷിഞ്ഞ കവർചട്ടയുമായി കേരളത്തിലെ വായനശാലകളിൽ സജീവമായിട്ടുണ്ട്. എനിക്കതുമതി.”
മലയാളത്തിലെ ജനപ്രിയ നോവൽശാഖയ്ക്ക് തുടക്കം കുറിച്ച, സാധാരണക്കാരെ വായനയുടെ ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോയി അവരെ വായനാശീലം പഠിപ്പിച്ച കഥാകാരൻ… മുട്ടത്തുവർക്കി.. ഓർമ്മയായിട്ട് ഇന്ന് 37 വർഷം തികയുന്നു (1989 മേയ് 28)
കോട്ടയം ജില്ലയിൽ ചങ്ങനാശേരിക്കടുത്ത് ചെത്തിപ്പുഴ എന്ന ഗ്രാമത്തിൽ ജനനം. ചങ്ങനാശ്ശേരി എസ്.ബി. കോളേജിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം. ഹൈസ്കൂൾ അദ്ധ്യാപകനായും പത്രപ്രവർത്തകനായും ജോലി ചെയ്തു.
പൈങ്കിളി സാഹിത്യകാരൻ എന്ന് ആക്ഷേപിച്ചവരോട് നേരേ പറഞ്ഞു. “അതേ ഞാൻ എഴുതുന്നത് മുഴുവൻ പൈങ്കിളികളാണ് .!”
നിരൂപകന്മാരും “ബുദ്ധിജീവികളും” അവഗണിച്ചപ്പോഴും സാധാരണ ജനങ്ങൾ അത് രണ്ടു കൈയ്യുംനീട്ടി സ്വീകരിച്ചു, ലക്ഷക്കണക്കിന് വായനക്കാരും.
മലയാളിയ്ക്ക് വായനയുടെ വാതായനങ്ങൾ തുറന്നിട്ട എഴുത്തുകാരൻ. മലയാള സാഹിത്യത്തെ ജനകീയവൽക്കരിച്ച എഴുത്തുകാരിൽ പ്രമുഖൻ. എം.പി. പോളിൻ്റെ അവതാരികയിൽ പ്രസിദ്ധീകരിക്കപ്പെട്ട ആത്മാഞ്ജലി എന്ന ഖണ്ഡകാവ്യമാണ് ആദ്യകൃതി. നോവലുകൾ, ചെറുകഥാ സമാഹാരങ്ങൾ ജീവചരിത്രങ്ങൾ, നാടകങ്ങൾ, വിവർത്തനങ്ങൾ, എന്നിവയിലായി 180 ലധികം കൃതികൾ.
മദ്ധ്യകേരളത്തിലെ സാധാരണക്കാരുടെ ജീവിതം ഹൃദയാവർജ്ജകമായി ആവിഷ്കരിച്ച മുട്ടത്തുവർക്കിയുടെ ഇരുപത്തിയഞ്ചിലധികം നോവലുകൾ ചലച്ചിത്രങ്ങളായിട്ടുണ്ട്. എല്ലാം തന്നെ വിജയിച്ച ചിത്രങ്ങളുടെ പട്ടികയിൽപ്പെടുത്താവുന്നതും. പാടാത്ത പൈങ്കിളി, ഇണപ്രാവുകൾ, വെളുത്ത കത്രീന, ലോറാ നീ എവിടെ, പ്രിയമുള്ള സോഫിയ, അഴകുള്ള സെലീന, തുടങ്ങിയവയെല്ലാം തന്നെ.
മലയാളത്തിൽ ഏറ്റവും കൂടുതൽ വായിച്ച ബാലനോവലും മുട്ടത്തുവർക്കിയുടേത് – ഒരു കുടയും കുഞ്ഞു പെങ്ങളും. മുട്ടത്തുവർക്കി ഫൗണ്ടേഷൻ മലയാള കഥാസാഹിത്യത്തിന് മാത്രമായി അവാർഡും ഏർപ്പെടുത്തി. 1992-ലെ ആദ്യ അവാർഡ് ഒ.വി. വിജയനിൽ തുടങ്ങി, തുടർന്ന് വൈക്കം മുഹമ്മദ് ബഷീർ, എം.ടി.വാസുദേവൻ നായർ, കോവിലൻ, കാക്കനാടൻ, എം.മുകുന്ദൻ, പുനത്തിൽ കുഞ്ഞബ്ദുള്ള, ആനന്ദ് അങ്ങനെ പോകുന്നു ആ നിര. ജനപ്രിയസാഹിത്യത്തിലെ കുലപതിയുടെ പേരിലുള്ളത്. പൈങ്കിളി എന്ന് ആക്ഷേപം കേട്ടവൻ്റെയും പേരിലുള്ളത്.
മദ്ധ്യകേരളത്തിലെ സാധാരണക്കാരായ ജനങ്ങളുടെ ജീവിതം അവലംബിച്ച് സാഹിത്യ രചന നടത്തിയിരുന്ന
മുട്ടത്തുവർക്കിയാണ് മലയാള സാഹിത്യത്തെ ജനകീയവല്ക്കരിച്ചതെന്നും, മുട്ടത്തുവർക്കിയെ വായിച്ചശേഷമാണ് മറ്റ് വായനയിലേക്കെത്തിയതെന്നും ഡോ എൻ.വി. കൃഷ്ണവാരിയർ അഭിപ്രായപ്പെട്ടപ്പോൾ “ജനങ്ങളോട് സംവദിക്കാൻ നിരൂപകൻ എന്ന ഇടനിലക്കാരനെ മാറ്റിയ മൂന്നംഗ ഘോഷയാത്രയിലെ (എഴുത്തുകാരൻ, വായനക്കാരൻ, നിരൂപകൻ) ഒറ്റയാനായിരുന്നു” മുട്ടത്തുവർക്കിയെന്ന് ഡോ. സുകുമാർ അഴീക്കോടും അഭിപ്രായപ്പെട്ടു.
സാധാരണക്കാരുടെ കഥ, അവർക്ക് മനസ്സിലാകുന്ന ഭാഷയിലെഴുതിയ ഈ ജനപ്രിയ കഥാകാരൻ 1989 മേയ് 28 ന് ഓർമ്മയായി.
വിജയൻ ന്യൂസ്പ്രിൻ്റ് നഗർ

