മലയാള ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യിൽ (AMMA) പൊട്ടിത്തെറി. നടൻ ടിനി ടോമിന് എതിരായ ആരോപണത്തിൽ ചേരിതിരിഞ്ഞ് പോർവിളി. നടൻ ടിനി ടോമിനെതിരെ നടി അൻസിബ ഹസ്സൻ ഉന്നയിച്ച ആരോപണങ്ങളാണ് നിലവിലെ തർക്കങ്ങൾക്ക് കാരണമായത്.
അൻസിബയുടെ ആരോപണങ്ങൾ തികച്ചും അടിസ്ഥാനരഹിതമാണെന്ന് ‘അമ്മ’ സംഘടനയുടെ വൈസ് പ്രസിഡന്റ് ലക്ഷ്മിപ്രിയ വ്യക്തമാക്കി. ഈ പ്രശ്നങ്ങൾക്കെല്ലാം പിന്നിൽ നടി നീനാ കുറുപ്പാണെന്ന് ലക്ഷ്മിപ്രിയ പരസ്യമായി കുറ്റപ്പെടുത്തി. അന്‍സിബയ്‌ക്കെതിരെ വ്യാജ കേസ് നല്‍കി എന്ന് പറഞ്ഞ എക്‌സിക്യുട്ടീവ് അംഗം താനാണെന്ന് ലക്ഷ്മിപ്രിയ മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ ഡിസംബര്‍ 10ന് അന്‍സിബ തനിക്ക് മെസേജ് അയച്ചെന്നും മെസേജ് അയയ്ക്കാനിടയായ കാരണം ചോദിച്ചിരുന്നുവെന്നും ലക്ഷ്മിപ്രിയ പറഞ്ഞു. മെസ്സേജ് അയക്കാനുള്ള കാരണം ചോദിച്ചെങ്കിലും പറഞ്ഞില്ല. ഈ മെസ്സേജിനെ ചൊല്ലി വീട്ടിൽ ഭർത്താവുമായി പ്രശ്നങ്ങൾ ഉണ്ടായി. കുടുംബജീവിതം മോശമാകുന്ന ഘട്ടത്തിൽ എത്തിയപ്പോഴാണ് വനിതാസെല്ലിൽ പരാതി നൽകിയത്. കുടുംബ പ്രശ്നങ്ങൾ പരിഹരിക്കാൻ ഭർത്താവിനോട് സംസാരിക്കണം എന്ന് മാത്രമാണ് അൻസിബയോട് പറഞ്ഞത്.
അതേസമയം നടന്‍ ടിനി ടോമിനെതിരെ നടി അന്‍സിബ ഹസന്‍ നടത്തിയ ആരോപണങ്ങള്‍ ശരിവെച്ച് നീന കുറുപ്പിന്റെ പരാതി. അന്‍സിബ മാധ്യമങ്ങളോട് ആരോപണം ഉന്നയിക്കുന്നതിന് മുമ്പ് തന്നെ ടിനി ടോമിനെതിരെ നീന കുറുപ്പ് ‘അമ്മ’യില്‍ പരാതി നല്‍കിയിരുന്നു. അമ്മ കുടുംബ സംഗമത്തിന്റെ റിഹേഴ്‌സലില്‍ ടിനി ടോം തന്നെ പരസ്യമായി അപമാനിച്ചെന്നും അസഭ്യവും അശ്ലീല പ്രയോഗവും നടത്തിയെന്നും നീന കുറുപ്പ് പറഞ്ഞു. ഒരു സഹ എക്‌സിക്യൂട്ടീവ് അംഗത്തിന്റെ മേല്‍ മതതീവ്രവാദവും മതപരിവര്‍ത്തന ശ്രമങ്ങളും ആരോപിക്കുന്നതിന് താന്‍ സാക്ഷിയാണെന്നുമാണ് നീന കുറുപ്പിന്റെ പരാതിയില്‍ പറയുന്നത്. കഴിഞ്ഞ ദിവസം ടിനി ടോം തന്നെ വ്യക്തിഹത്യ ചെയ്യുന്നുവെന്നും മതതീവ്രവാദി എന്ന് വിളിച്ചെന്നുമുള്ള ആരോപണങ്ങള്‍ അന്‍സിബ പറഞ്ഞിരുന്നു. തന്നെ ജിഹാദി എന്ന് വിളിച്ചുവെന്നും ഇക്കാരണങ്ങളാലാണ് അമ്മയില്‍ നിന്ന് താന്‍ രാജിവെച്ചതെന്നുമാണ് അന്‍സിബയുടെ മറുപടി.
അൻസിബയെ ജിഹാദി എന്ന് വിളിച്ചിട്ടില്ലെന്ന് നടൻ ടിനി ടോം പ്രതികരിച്ചു. സ്റ്റേജ് ഷോ നടക്കുമ്പോൾ എന്തെങ്കിലും പ്രശ്നങ്ങളുണ്ടാകാമെന്നും ടിനി ടോം പറഞ്ഞു. ഇവിടുത്തെ അംഗങ്ങളോട് വിവരങ്ങൾ പറയുന്നു എന്നല്ലാതെ ഒരു മോശമായ മെസേജും ഞാൻ അയക്കാറില്ല. മെഡിക്കൽ ക്യാംപ് നടക്കുകയായിരുന്നു. അപ്പോഴാണ് പെട്ടെന്ന് ഒരു പൊട്ടിത്തെറി പോലെ ഇത് വരുന്നത്. പ്രവർത്തിക്കുന്നവരെ തകർക്കാനുള്ള എന്തോ ഒരു ഗൂഢാലോചന നടക്കുന്നുണ്ട്. ജിഹാദി എന്ന് വിളിച്ചതും അവിഹിത കഥ പറഞ്ഞതുമൊക്കെ വേറെ ആരോ പറഞ്ഞാണ് അറിഞ്ഞതെന്ന് അൻസിബ പറയുന്നു. അങ്ങനെ പറയാൻ പാടില്ലല്ലോ. നമുക്കൊരു നിയമസംവിധാനമുണ്ടല്ലോ. ഞാൻ എങ്ങനെ ജിഹാദി എന്നൊക്കെ വിളിക്കും. എന്റെ കൂട്ടുകാരൻമാരെല്ലാം മുസൽമാൻമാരാണെന്നും ടിനി ടോം പറഞ്ഞു.
നടി അൻസിബയുടെ രാജി വ്യക്‌തിപരവും തൊഴിൽപരവുമായ കാരണങ്ങളാലാണെന്നും താരം ഉന്നയിച്ച മറ്റ് ആരോപണങ്ങളെക്കുറിച്ച് മുൻപ് സംഘടനയ്ക്ക് അറിവുണ്ടായിരുന്നില്ലെന്നും ‘അമ്മ’ സംഘടനയുടെ പ്രസിഡന്റ് ശ്വേത മേനോൻ മാധ്യമങ്ങളോട് പറഞ്ഞു. സംഘടനയിൽ മികച്ച ഒരു ക്ഷേമപദ്ധതി നടക്കുന്ന ദിവസം തന്നെ ഈ വിവാദം ഉയർന്നുവന്നതിന് പിന്നിൽ കൃത്യമായ ആസൂത്രണമുണ്ടോ എന്ന് സംശയിക്കുന്നതായും അവർ കൂട്ടിച്ചേർത്തു. ഒരു എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമായ അൻസിബയ്ക്ക് എന്തെങ്കിലും പരാതികൾ ഉണ്ടെങ്കിൽ അത് സംഘടനയ്ക്കുള്ളിൽ ഉന്നയിക്കാൻ സാധിക്കുമെന്ന് അവർക്കറിയാമെന്നും ശ്വേത ഓർമ്മിപ്പിച്ചു. ജനുവരിയിൽ അൻസിബ ഒരു പരാതി നൽകിയിട്ടുണ്ടെങ്കിലും അതിനു നടൻ ടിനി ടോമുമായി യാതൊരുവിധ ബന്ധവുമില്ലെന്ന് ശ്വേത വെളിപ്പെടുത്തി. ടിനി ടോമിനെതിരെയുള്ള ആരോപണങ്ങൾ മാധ്യമങ്ങൾ വഴിയാണ് സംഘടന അറിഞ്ഞതെന്ന് ശ്വേത പറഞ്ഞു. അതിനുശേഷമാണ് സംഘടനയുടെ ഔദ്യോഗിക മെയിലിൽ അൻസിബയുടെ ഒരു പരാതി ലഭിക്കുന്നത് എന്നും ശ്വേത പറഞ്ഞു.
നടൻ ടിനി ടോമിനെ പിന്തുണച്ച് നടി പ്രിയങ്ക അനൂപ് പ്രതികരിച്ചു. അമ്മയിൽ എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ അത് ‘അമ്മ’യിൽ തന്നെ പറഞ്ഞു തീർക്കണമെന്നും പ്രിയങ്ക മാധ്യമങ്ങളോട് പറഞ്ഞു. ടിനിക്കെതിരെ നടക്കുന്നത് വ്യക്തിഹത്യയാണ്. അൻസിബയക്ക് പറയാനുള്ളത് അമ്മയിൽ പറയാമായിരുന്നു. ടിനിയെക്കുറിച്ച് പറയാനാണെങ്കിൽ അദ്ദേഹം എന്റെ സഹപ്രവർത്തകനാണ്. എന്റെ ഭർത്താവിന്റെയും സഹപ്രവർത്തകനാണ്. ഒരുപാട് വർഷം കൊണ്ട് കണ്ടുകൊണ്ടിരിക്കുന്ന ആളാണ്. വ്യക്തിപരമായി ഒരാളെ കീറി മുറിക്കാൻ ഞങ്ങൾ സമ്മതിക്കില്ല. ഞങ്ങളെല്ലാവരും ടിനിയുടെ കൂടെ തന്നെ നിൽക്കും. കാരണം ഒരു തെറ്റും ചെയ്യാത്ത ഒരാളെ അങ്ങനെ ശിക്ഷിക്കാൻ പാടില്ലെന്നും പ്രിയങ്ക പറഞ്ഞു.
താരസംഘടനയായ ‘അമ്മ’ യുടെ ഭരണസമിതി പിരിച്ചുവിടണമെന്ന് നടി മാല പാര്‍വതി പറഞ്ഞു. ശ്വേത മേനോനും കുക്കു പരമേശ്വരനും നിരാശപ്പെടുത്തിയെന്ന് മാല പാര്‍വതി പറഞ്ഞു. ഇരുവരും സ്വയം മാറി നില്‍ക്കണം. ജനറല്‍ബോഡി വിളിച്ചുചേര്‍ത്ത് ഭരണസാരഥ്യം ഒഴിയണം. വനിതാ സാരഥ്യം വേണമെന്ന് നിലപാടെടുത്തതില്‍ കുറ്റബോധം തോന്നുന്നു. അമ്മയിലെ അംഗങ്ങള്‍ക്ക് ഓണ്‍ലൈന്‍ മീഡിയയിലൂടെ കാര്യങ്ങള്‍ അറിയേണ്ട സാഹചര്യമാണുള്ളത്. ഔദ്യോഗിക അറിയിപ്പുകള്‍ ഒന്നും തന്നെയില്ല. അമ്മയില്‍ കെട്ടഴിഞ്ഞ പ്രവര്‍ത്തനങ്ങളാണെന്നും മാല പാര്‍വതി പറഞ്ഞു. അന്‍സിബയുടെ പരാതി ഗൗരവകരമാണെന്നും മാല പാര്‍വതി ചൂണ്ടാക്കാട്ടി. പൊതുസമൂഹത്തിന് ക്ലാരിറ്റി നല്‍കാന്‍ സാരഥികള്‍ ബാധ്യസ്ഥരാണ്. സ്ത്രീകള്‍ക്ക് നീതി കിട്ടുന്ന രീതിയിലല്ല അമ്മയുടെ പ്രവര്‍ത്തനം. പ്രവര്‍ത്തനത്തിനെതിരെയുള്ള പരാതി താന്‍ ഇമെയില്‍ ആയി അയച്ചിട്ടുള്ളതാണ്. ഒരു മറുപടിയും ലഭിച്ചിട്ടില്ലെന്നും മാല പാര്‍വതി പറഞ്ഞു.
മലയാള ചലച്ചിത്ര താരങ്ങളുടെ സംഘടനയായ ‘അമ്മ’യുടെ (AMMA) ജോയിന്റ് സെക്രട്ടറി സ്ഥാനത്തുനിന്നാണ് നടി അൻസിബ ഹസൻ രാജിവെച്ചത്. തുടക്കത്തിൽ വ്യക്തിപരമായ കാരണങ്ങളാലാണ് അൻസിബ രാജിവെച്ചതെന്നാണ് പ്രസിഡന്റ് ശ്വേതാ മേനോനും സംഘടനയിലെ മറ്റ് ഭാരവാഹികളും അറിയിച്ചിരുന്നത്. എന്നാൽ, സംഘടനയിലെ മറ്റ് ചില അംഗങ്ങളിൽ നിന്നും താൻ നേരിട്ട കടുത്ത മാനസിക പീഡനങ്ങളും അപവാദ പ്രചാരണങ്ങളുമാണ് രാജിക്ക് പിന്നിലെ യഥാർത്ഥ കാരണമെന്ന് അൻസിബ പിന്നീട് വെളിപ്പെടുത്തി. നടൻ ടിനി ടോമും സംഘടനയിലെ ചിലരും ചേർന്ന് തനിക്കെതിരെ മോശം കഥകൾ പ്രചരിപ്പിച്ചുവെന്ന് അൻസിബ ആരോപിക്കുന്നു. തന്റെ പേര് അൻസിബ ഹസ്സൻ എന്നായതുകൊണ്ട് തന്നെ പല രീതിയിലും മോശമായി ചിത്രീകരിക്കാൻ ശ്രമിച്ചുവെന്നും തനിക്കെതിരെ ‘ജിഹാദി’ എന്ന വിളിപ്പേര് ഉപയോഗിച്ച് ആക്ഷേപിച്ചുവെന്നും അൻസിബ ആരോപിക്കുന്നു. ‘അമ്മ’ എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ ഒരംഗം തനിക്കെതിരെ പൊലീസിൽ വ്യാജ പരാതി നൽകിയതായും അൻസിബ പറഞ്ഞു. ഈ വിഷയങ്ങളിൽ ‘അമ്മ’യുടെ പ്രസിഡന്റോ സെക്രട്ടറിയോ തന്റെ കൂടെ നിന്നില്ലെന്നും കടുത്ത മാനസിക സംഘർഷത്തിലൂടെയാണ് കടന്നുപോകുന്നതെന്നും അൻസിബ മാധ്യമങ്ങളോട് വ്യക്തമാക്കി

