ന്യൂ ഡൽഹി: അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സുരക്ഷാ, വ്യാപാര ബന്ധങ്ങള്‍ കൂടുതല്‍ ദൃഢമാക്കുന്നതിനായി നരേന്ദ്ര മോദിയും മാര്‍ക്കോ റൂബിയോയും തമ്മില്‍ നിര്‍ണായക ചര്‍ച്ച നടത്തി. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് വേണ്ടി പ്രധാനമന്ത്രി മോദിയെ വൈറ്റ് ഹൗസ് സന്ദര്‍ശിക്കാന്‍ റൂബിയോ ഔദ്യോഗികമായി ക്ഷണിച്ചു.
ഇറാൻ യു എസ് സംഘർഷം ഒഴിവാക്കാൻ പാക്കിസ്ഥാന്റെ മധ്യസ്ഥതയിൽ സമാധാന ചര്‍ച്ചകള്‍ നടക്കുന്ന സന്ദർഭത്തിൽ ആണ് ഈ കൂടിക്കാഴ്ച നടക്കുന്നത് എന്നതും ശ്രദ്ധേയമാണ്. ‘യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയെ സ്വീകരിച്ചതില്‍ സന്തോഷമുണ്ട്. ഇന്ത്യ-യുഎസ് തന്ത്രപരമായ പങ്കാളിത്തത്തിലെ പുരോഗതിയും ആഗോള സമാധാനവുമായി ബന്ധപ്പെട്ട വിഷയങ്ങളും ഞങ്ങള്‍ ചര്‍ച്ച ചെയ്തു. ആഗോള നന്മയ്‌ക്കായി ഇരുരാജ്യങ്ങളും ഒന്നിച്ച് പ്രവര്‍ത്തിക്കുന്നത് തുടരും.’ എന്നാണ് കൂടിക്കാഴ്ചക്ക് ശേഷം പ്രധാനമന്ത്രി മോദി സോഷ്യൽ മീഡിയയിൽ കുറിച്ചത്.
ഇന്ത്യ-യുഎസ് സമഗ്ര ആഗോള തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനൊപ്പം പ്രാദേശികവും ആഗോളവുമായ സമാധാനവും സുരക്ഷയും കൂടിക്കാഴ്‌ചയിൽ ചർച്ചയായി. ചൈന സ്വാധീനം വർദ്ധിപ്പിക്കാൻ ശ്രമിക്കുന്ന ഇൻഡോ-പസഫിക് മേഖലയിലെ സാഹചര്യങ്ങളും ചർച്ചയിൽ ഉയർന്നുവന്നതായി കൂടിക്കാഴ്‌ചയിൽ പങ്കെടുത്ത യുഎസ് പ്രതിനിധി സെർജിയോ ഗോർ വ്യക്തമാക്കി. ഇന്ത്യ അമേരിക്കയുടെ സുപ്രധാന പങ്കാളിയാണ് എന്നും സെര്‍ജിയോ ഗോര്‍ എക്‌സില്‍ കുറിച്ചു.
വിദേശകാര്യമന്ത്രി ഡോ. എസ്. ജയശങ്കറും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയും തമ്മിലുള്ള നിര്‍ണായക ഉഭയകക്ഷി ചര്‍ച്ച ഇന്ന് ന്യൂഡല്‍ഹിയിലെ ഹൈദരാബാദ് ഹൗസില്‍ നടക്കും. പ്രാദേശിക-ആഗോള സമാധാനം, സുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ ഇരുനേതാക്കളും ചര്‍ച്ച ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.
യുഎസ് എംബസിയുടെ സ്വാതന്ത്ര്യദിന ആഘോഷങ്ങളിലും അദ്ദേഹം പങ്കെടുക്കും. നാളെ ആഗ്രയും ജയ്പൂരും സന്ദര്‍ശിച്ച ശേഷം ചൊവ്വാഴ്ച രാവിലെ ഡല്‍ഹിയില്‍ നടക്കുന്ന ക്വാഡ് വിദേശകാര്യ മന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുക്കാന്‍ അദ്ദേഹം തിരിച്ചെത്തും.
ഇന്ത്യൻ വിദേശകാര്യമന്ത്രി ഡോ. എസ്. ജയശങ്കർ, ഓസ്ട്രേലിയൻ വിദേശകാര്യമന്ത്രി പെന്നി വോങ്, ജപ്പാൻ വിദേശകാര്യമന്ത്രി തോഷിമിത്സു മൊട്ടേഗി, യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ എന്നിവർ ക്വാഡ് സമ്മേളനത്തിൽ പങ്കെടുക്കും. സ്വതന്ത്രവും തുറന്നതുമായ ഇൻഡോ-പസഫിക് മേഖല എന്ന ക്വാഡ് കാഴ്‌ചപ്പാടിന് അനുസൃതമായി, മുൻഗണനാ മേഖലകളിൽ സഹകരണം ശക്തമാക്കുന്നതിനെക്കുറിച്ച് മന്ത്രിമാർ ആശയവിനിമയം നടത്തും. നിലവിലുള്ള ക്വാഡ് പദ്ധതികളുടെ പുരോഗതി വിലയിരുത്തുന്നതിനൊപ്പം ഇൻഡോ-പസഫിക് മേഖലയിലെ സമീപകാല സംഭവവികാസങ്ങളും പരസ്‌പര താൽപ്പര്യമുള്ള അന്താരാഷ്ട്ര വിഷയങ്ങളും യോഗം ചർച്ച ചെയ്യും.
നാല് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്നലെയാണ് മാര്‍ക്കോ റൂബിയോ ഇന്ത്യയിലെത്തിയത്.
ഒന്നുകിൽ ഒരു നല്ല കരാറിൽ എത്തും അല്ലെങ്കിൽ ഇറാന് മേൽ വീണ്ടും ശക്തമായ സൈനിക ആക്രമണം: ട്രംപ്

