വാഷിങ്ടൺ: ഇറാനുമായി ഒന്നുകിൽ ഒരു നല്ല സമാധാന കരാറിൽ എത്തും, അല്ലെങ്കിൽ അവരെ വീണ്ടും ശക്തമായി ആക്രമിക്കും എന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വാഷിംങ്ടണും ടെഹ്‌റാനും തമ്മിലുള്ള സമാധാന ചർച്ചകൾ നിർണായക ഘട്ടത്തിൽ എത്തിനിൽക്കവെയാണ് ട്രംപിന്റെ ഈ കടുത്ത മുന്നറിയിപ്പ്.
ഇറാനുമായുള്ള നിലവിലെ സാഹചര്യം ഒരു “സോളിഡ് 50/50” (50/50 സാധ്യത) ആണെന്നാണ് ട്രംപ് മാധ്യമങ്ങളോട് പ്രതികരിച്ചത്. ഒരു നല്ല കരാർ ഉണ്ടാക്കാൻ സാധിച്ചില്ലെങ്കിൽ ഇറാന്റെ മേൽ വീണ്ടും വ്യോമാക്രമണം നടത്താൻ യുഎസ് പൂർണ്ണ സജ്ജമാണെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇറാന്റെ പക്കൽ ഒരിക്കലും ഒരു ആണവായുധം ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്തുന്നതും, സമ്പുഷ്ടീകരിച്ച യുറേനിയം പൂർണ്ണമായും കൈമാറുന്നതുമായ ഒരു മികച്ച കരാറിൽ മാത്രമേ താൻ ഒപ്പുവെക്കൂ എന്ന് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്.
പാക്കിസ്ഥാൻ, ഖത്തർ തുടങ്ങിയ രാജ്യങ്ങളുടെ മധ്യസ്ഥതയിലാണ് ഇറാനും അമേരിക്കയും തമ്മിലുള്ള ചർച്ചകൾ പുരോഗമിക്കുന്നത്. ഒരു അന്തിമ ധാരണാപത്രം (MoU) രൂപപ്പെടുത്തുന്നതിനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. ആറ് ആഴ്ചകൾക്ക് മുൻപ് പ്രഖ്യാപിച്ച താല്ക്കാലിക വെടിനിർത്തലിന് ശേഷം സമാധാന ശ്രമങ്ങളും സൈനിക ഭീഷണികളും ഒരേസമയം മുന്നോട്ട് കൊണ്ടുപോകുന്ന നയമാണ് അമേരിക്ക സ്വീകരിക്കുന്നത്. ശനിയാഴ്ച ഗൾഫ് രാജ്യങ്ങളിലെ നേതാക്കളുമായി ട്രംപ് ടെലിഫോണിലൂടെ ചർച്ച നടത്തിയിരുന്നു. സൗദി അറേബ്യ, യു.എ.ഇ, ഖത്തർ, ഈജിപ്റ്റ്, പാക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങൾ ഈ കരാർ അംഗീകരിക്കാൻ ട്രംപിന് മേൽ സമ്മർദ്ദം ചെലുത്തുന്നുണ്ട്.
ശനിയാഴ്ച മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിലാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ചർച്ചകളിൽ വലിയ പുരോഗതിയുണ്ടായതായി ട്രംപ് വെളിപ്പെടുത്തിയത്. ഈ കരാറിലൂടെ ഇറാന്റെ കൈവശമുള്ള സമ്പുഷ്ടീകരിച്ച യുറേനിയം സുരക്ഷിതമായ രീതിയിൽ കൈകാര്യം ചെയ്യുമെന്നും ഇറാൻ ആണവായുധം നിർമ്മിക്കുന്നത് പൂർണ്ണമായും തടയാൻ ഇതിലൂടെ സാധിക്കുമെന്നും ട്രംപ് അവകാശപ്പെട്ടു. തങ്ങൾ ആവശ്യപ്പെടുന്ന എല്ലാ കാര്യങ്ങളും ഉൾപ്പെടുത്തിയാൽ മാത്രമേ കരാറിൽ ഒപ്പുവെക്കൂ എന്നും ട്രംപ് കൂട്ടിച്ചേർത്തു. എന്നാൽ നിലവിലെ നിർദ്ദിഷ്ട കരാർ ഒരു രൂപരേഖ മാത്രമാണെന്നും യുദ്ധം പൂർണ്ണമായി അവസാനിപ്പിക്കുന്നതിനാണ് തങ്ങൾ ഇപ്പോൾ മുൻഗണന നൽകുന്നതെന്നും ഇറാന്റെ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കുന്നത്.

