Friday, May 22, 2026
Home » സമ്പുഷ്‌ടീകരിച്ച യുറേനിയം ശേഖരം വിദേശത്തേക്ക് അയയ്ക്കില്ലെന്ന് ആയത്തുള്ള മുജ്‌താബ ഖൊമേനി; പാക് സൈനിക മേധാവി വീണ്ടും ഇറാനിൽ.
മൊജ്താബ ഖൊമേനി

സമ്പുഷ്‌ടീകരിച്ച യുറേനിയം ശേഖരം വിദേശത്തേക്ക് അയയ്ക്കില്ലെന്ന് ആയത്തുള്ള മുജ്‌താബ ഖൊമേനി; പാക് സൈനിക മേധാവി വീണ്ടും ഇറാനിൽ.

by Editor

ടെഹ്റാൻ: ഇറാന്റെ പക്കലുള്ള സമ്പുഷ്‌ടീകരിച്ച യുറേനിയം ശേഖരം ഒരു കാരണവശാലും വിദേശത്തേക്ക് അയയ്ക്കില്ലെന്ന് ഇറാൻ്റെ പരമോന്നത നേതാവ് ആയത്തുള്ള മുജ്‌താബ ഖൊമേനി. സമാധാന ചർച്ചകളിൽ യുറേനിയം കൈമാറണമെന്ന യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ പ്രധാന ഒത്തുതീർപ്പ് വ്യവസ്ഥകളാണ് ഇറാൻ ഇതിലൂടെ തള്ളിക്കളഞ്ഞത്. അന്താരാഷ്ട്ര മാധ്യമമായ റോയിട്ടേഴ്‌സ് ആണ് ഈ വിവരം പുറത്തുവിട്ടത്.

നിലവിലെ സമാധാന ചർച്ചകളിൽ ഇറാന്റെ പക്കലുള്ള 400 കിലോഗ്രാമിലധികം വരുന്ന സമ്പുഷ്‌ടീകരിച്ച യുറേനിയം ശേഖരം പൂർണമായും രാജ്യാന്തര സമൂഹത്തിന് കൈമാറണമെന്നും, ആണവ പ്രവർത്തനങ്ങൾ ഒരൊറ്റ നിലയത്തിലേക്ക് മാത്രമായി പരിമിതപ്പെടുത്തണമെന്നും യു.എസ് ആവശ്യപ്പെട്ടിരുന്നു. കൂടാതെ യുദ്ധം മൂലം ഇറാനുണ്ടായ നാശനഷ്ടങ്ങൾക്ക് അമേരിക്ക നഷ്ടപരിഹാരം നൽകില്ലെന്ന നിലപാടും ട്രംപ് ഭരണകൂടം മുന്നോട്ട് വെച്ചിരുന്നു. യുറേനിയം പൂർണ്ണമായി ഇറാനിൽ നിന്ന് മാറ്റാതെ യുദ്ധം അവസാനിച്ചതായി കണക്കാക്കില്ലെന്നാണ് ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിൻ്റെ നിലപാട്.

എന്നാൽ പരമോന്നത നേതാവിൻ്റെ പുതിയ നിർദേശവും ഭരണകൂടത്തിലെ ഭൂരിപക്ഷാഭിപ്രായവും അനുസരിച്ച്, യുറേനിയം ശേഖരം വിദേശത്തേക്ക് മാറ്റുന്നത് രാജ്യത്തിൻ്റെ സുരക്ഷയെ ബാധിക്കുമെന്നും യു.എസിന്റെയും ഇസ്രയേലിന്റെയും ഭാവി ആക്രമണങ്ങൾക്ക് ഇത് വഴിതുറക്കുമെന്നുമാണ് ഇറാൻ്റെ വിലയിരുത്തൽ.

കഴിഞ്ഞ ഏപ്രിലിൽ ഇറാൻ തങ്ങളുടെ യുറേനിയം ശേഖരം കൈമാറാൻ സമ്മതിച്ചതായും ഇരുപക്ഷവും സമാധാന ഉടമ്പടിയോട് അടുത്തു കഴിഞ്ഞതായും യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് അവകാശപ്പെട്ടിരുന്നു. ഇറാന്റെ ആണവായുധ നിർമ്മാണ ശേഷി പൂർണമായും ഇല്ലാതാക്കുന്ന തരത്തിൽ യുറേനിയം ശേഖരം പുറത്തെത്തിക്കുമെന്ന് ട്രംപ് ഇസ്രയേലിന് ഉറപ്പ് നൽകിയിരുന്നതായി ഇസ്രയേലി ഉദ്യോഗസ്ഥരും വ്യക്തമാക്കിയിരുന്നു.

ഇറാന്റെ നിലപാട് ട്രംപിനെ പ്രകോപിപ്പിച്ചേക്കാമെന്നും യുദ്ധം അവസാനിക്കുന്നത് ലക്ഷ്യമിട്ടുള്ള ചർച്ചകൾ കൂടുതൽ സങ്കീർണ്ണമായേക്കുമെന്നാണു വിലയിരുത്തൽ. അതിനിടെ പാക്കിസ്ഥാൻ സൈനിക മേധാവി ഫീൽഡ് മാർഷൽ അസിം മുനീർ അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന ചർച്ചകൾക്ക് മധ്യസ്ഥത വഹിക്കുന്നതിൻ്റെ ഭാഗമായി വീണ്ടും ടെഹ്റാനിൽ എത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം പാക് ആഭ്യന്തരമന്ത്രി മൊഹ്സിൻ നഖ്‌വിയും ഇറാനിലെത്തി പ്രസിഡൻ്റ് മസൂദ് പെസഷ്കിയാൻ അടക്കമുള്ളവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

മധ്യസ്ഥരായ പാക്ക് സൈനിക മേധാവി അസിം മുനീർ ഇറാനിലെത്തി ചർച്ചകൾ തുടരുന്നതോടെ വെടിനിർത്തൽ പ്രതീക്ഷയുണ്ടെന്ന് യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പറഞ്ഞു. കരാറിൽ തൃപ്‌തിയില്ലെങ്കിൽ യുഎസ് പ്രസിഡന്റ്റ് ഡോണൾഡ് ട്രംപ് വേറെ വഴി തേടുമെന്നും റൂബിയോ പറഞ്ഞു. ഹോർമുസ് കടലിടുക്കിൽ ഇറാൻ ടോൾ പിരിവ് തുടർന്നാൽ കരാറിന്റെ കാര്യം ബുദ്ധിമുട്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

കരാറിലെത്തിയില്ലെങ്കിൽ യുദ്ധമെന്ന് ട്രംപ് ആവർത്തിക്കുന്നതിനിടെ പാക്കിസ്ഥാൻ ആഭ്യന്തര മന്ത്രി വീണ്ടും ഇറാനിൽ

Send your news and Advertisements

You may also like

error: Content is protected !!