Thursday, May 21, 2026
Home » കരാറിലെത്തിയില്ലെങ്കിൽ യുദ്ധമെന്ന് ട്രംപ് ആവർത്തിക്കുന്നതിനിടെ പാക്കിസ്ഥാൻ ആഭ്യന്തര മന്ത്രി വീണ്ടും ഇറാനിൽ
സമാധാന ചർച്ച

കരാറിലെത്തിയില്ലെങ്കിൽ യുദ്ധമെന്ന് ട്രംപ് ആവർത്തിക്കുന്നതിനിടെ പാക്കിസ്ഥാൻ ആഭ്യന്തര മന്ത്രി വീണ്ടും ഇറാനിൽ

by Editor

വാഷിങ്ടൻ: ഇറാനുമായുള്ള ചർച്ചകളുടെ അവസാന ഘട്ടത്തിലാണ് അമേരിക്കയെന്നും കരാറിൽ ഒപ്പുവെക്കാൻ അവർ വിസമ്മതിച്ചാൽ ഇത്തിരി കടുത്ത രീതിയിൽ യുഎസ് പ്രതികരിക്കുമെന്നുമുള്ള ട്രംപിൻ്റെ മുന്നറിയിപ്പിനിടെ പാക്കിസ്ഥാൻ ആഭ്യന്തര മന്ത്രി വീണ്ടും ഇറാനിൽ എത്തി. ഇറാൻ-യുഎസ് സമാധാന ചർച്ചകൾ പുനരാരംഭിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ഒരു ആഴ്ചയ്ക്കുള്ളിൽ ഇത് രണ്ടാം തവണയാണ് പാക്കിസ്ഥാൻ ആഭ്യന്തര മന്ത്രി മുഹ്സിൻ നഖ്‌വി ഇറാൻ സന്ദർശിക്കുന്നത്.

പാക്കിസ്ഥാൻ സൈനിക മേധാവി അസിം മുനീറുമായി അടുത്ത ബന്ധമുള്ള വ്യക്തിയാണ് മുഹ്സിൻ നഖ്‌വി. കഴിഞ്ഞ മാസം അസിം മുനീറിൻ്റെ നേതൃത്വത്തിൽ പാക്കിസ്‌ഥാൻ പ്രതിനിധി സംഘം ഇറാൻ സന്ദർശിച്ചപ്പോഴും യുഎസ്-ഇറാൻ ചർച്ചകളായിരുന്നു പ്രധാന അജണ്ട. ഈ സാഹചര്യത്തിൽ നഖ്വിയുടെ ഇപ്പോഴത്തെ സന്ദർശനത്തിന് വലിയ രാഷ്ട്രീയ പ്രധാന്യമുണ്ട്. കഴിഞ്ഞ വാരാന്ത്യത്തിൽ നടത്തിയ ആദ്യ സന്ദർശനത്തിൽ ഇറാൻ പ്രസിഡന്റ്റ് മസൂദ് പെസെഷ്‌കിയൻ, വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചി, പാർലമെൻ്റ് സ്‌പീക്കർ മുഹമ്മദ് ബാഗർ ഘാലിബഫ്, ആഭ്യന്തര മന്ത്രി എസ‌ന്ദർ മൊമേനി എന്നിവരുമായി നഖ്‌വി കൂടിക്കാഴ്‌ച നടത്തിയിരുന്നു.

അതേസമയം അമേരിക്കയുമായുള്ള യുദ്ധത്തിൽ നയതന്ത്ര പരിഹാരത്തിന് ഒരുക്കമാണെന്ന് വ്യക്തമാക്കി ഇറാൻ പ്രസിഡൻ്റ് മസൂദ് പെസെഷ്കിയാൻ. നയതന്ത്ര പരിഹാരത്തിലേക്കുള്ള എല്ലാ വഴികളും ഞങ്ങളുടെ ഭാഗത്തുനിന്ന് തുറന്നിരിക്കുന്നു എന്നാണ് എക്സ് പോസ്റ്റിലൂടെ പെസെഷ്കിയാൻ വ്യക്തമാക്കിയിരിക്കുന്നത്. എന്നാൽ ബലപ്രയോഗത്തിലൂടെ ഇറാനെ കീഴടങ്ങുന്നതിനായി നിർബന്ധിക്കുന്നത് മിഥ്യയല്ലാതെ മറ്റൊന്നുമല്ലെന്ന മുന്നറിയിപ്പും ഇറാൻ പ്രസിഡൻ്റ് നൽകിയിട്ടുണ്ട്.

കരാർ സാധ്യമായില്ലെങ്കിൽ ഇറാനെ വീണ്ടും ആക്രമിക്കുമെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് തുടർച്ചയായി ഭീഷണി മുഴക്കുകയാണ്. യുദ്ധം വേഗത്തിൽ അവസാനിക്കുമെന്നും ഇറാൻ നേതാക്കൾ കരാറിനായി യാചിക്കുകയാണെന്നും ട്രംപ് പറഞ്ഞു. ഇറാനുമായി ഒരു കരാറിൽ എത്തിയില്ലെങ്കിൽ അമേരിക്കൻ സൈന്യം “പോകാൻ തയ്യാറാണെന്നും” സൈനിക പ്രവർത്തനങ്ങൾ പുനരാരംഭിക്കുമെന്നും ഡൊണാൾഡ് ട്രംപ് പറഞ്ഞു. നമുക്ക് ശരിയായ ഉത്തരങ്ങൾ ലഭിക്കണം. അത് പൂർണ്ണമായിരിക്കണം, 100 ശതമാനം നല്ല ഉത്തരങ്ങൾ, അങ്ങനെ ചെയ്താൽ, നമുക്ക് ധാരാളം സമയവും ഊർജ്ജവും ജീവനും ലാഭിക്കാം എന്നായിരുന്നു ട്രംപിൻ്റെ പ്രതികരണം. ഇറാന് എണ്ണ ഉപരോധത്തിൽ ഇളവ് നൽകിയെന്ന വാർത്തകളും അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് തള്ളി.

കഴിഞ്ഞ ചൊവ്വാഴ്ച അമേരിക്ക ഇറാനെ വീണ്ടും ആക്രമിക്കാൻ തീരുമാനിച്ചിരുന്നുവെന്ന് ട്രംപ് പറഞ്ഞു. എന്നാൽ ആക്രമണത്തിന് ഉത്തരവിട്ടതിന് ഒരു മണിക്കൂർ കഴിഞ്ഞാണ് താൻ അത് മാറ്റിവച്ചതെന്നും ട്രംപ് അവകാശപ്പെട്ടു. ഇറാന്റെ സമയം അതിക്രമിച്ചുകൊണ്ടിരിക്കുകയാണെന്നും കരാറിലെത്താൻ ഇനിയും വൈകിയാൽ ഇറാനിൽ ഒന്നും ബാക്കിയുണ്ടാവില്ലെന്നും ട്രംപ് കഴിഞ്ഞ ദിവസം ട്രൂത്ത് സോഷ്യലിലൂടെ പറഞ്ഞിരുന്നു. എന്നാൽ വീണ്ടും യുദ്ധം തുടങ്ങിയാൽ അമേരിക്കയ്ക്ക് സർപ്രൈസ് ഉണ്ടെന്നാണ് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി പ്രതികരിച്ചത്. അമേരിക്കൻ ഭീഷണിയെ ഭയക്കുന്നില്ലെന്നും തിരിച്ചടി ശക്തമായിരിക്കുമെന്നും ഇറാൻ സൈന്യവും വ്യക്തമാക്കി.

പാക്കിസ്ഥാൻ 8000 സൈനികരെയും, വലിയ തോതിലുള്ള ആയുധ സംവിധാനങ്ങളും സൗദി അറേബ്യയിൽ വിന്യസിച്ചു.

Send your news and Advertisements

You may also like

error: Content is protected !!