മുസാഫറാബാദ്: ഇന്ത്യ തേടിക്കൊണ്ടിരുന്ന പ്രമുഖ കമാൻഡറും 2019-ലെ പുൽവാമ ഭീകരാക്രമണത്തിൻ്റെ പ്രധാന ആസൂത്രകരിലൊരാളുമായ ഹംസ ബുർഹാൻ പാക് അധീന കശ്മീരിൽ (PoK) അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടു. ഇന്ന് (വ്യാഴാഴ്ച, മേയ് 21) മുസാഫറാബാദിൽ വെച്ചാണ് അജ്ഞാതരായ അക്രമികൾ ഇയാൾക്ക് നേരെ വെടിയുതിർത്തത്. നിരോധിത സംഘടനയായ ‘അൽ ബദർ’ അംഗമായ ഹംസ ബുർഹാനെ രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയായതിനെ തുടർന്ന് 2022-ലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഔദ്യോഗികമായി ഭീകരപ്പട്ടികയിൽ ഉൾപ്പെടുത്തിയത്.
ഒരു സംഘം അക്രമികൾ ഹംസയ്ക്ക് നേരെ പെട്ടെന്ന് വെടിയുതിർക്കുകയായിരുന്നു. ശരീരത്തിൽ ഒന്നിലധികം വെടിയുണ്ടകൾ ഏറ്റ ഇയാൾ സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടതായാണ് പാക് മാധ്യമങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. കഴിഞ്ഞ കുറച്ചു മാസങ്ങളായി പാക്കിസ്ഥാനിലും അതിർത്തി പ്രദേശങ്ങളിലും സമാനമായ രീതിയിൽ നിരവധി ഭീകരവാദികൾ അജ്ഞാതരുടെ ആക്രമണത്തിന് ഇരയായി കൊല്ലപ്പെട്ടിരുന്നു.
ജമ്മു കാശ്മീരിലെ പുൽവാമ സ്വദേശിയായ ഹംസ ബുർഹാൻ മേഖലയിൽ ‘ഡോക്ടർ’ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. 2017-ൽ ഉപരിപഠനത്തിനായെന്ന വ്യാജേന അതിർത്തി കടന്ന് പാക്കിസ്ഥാനിലേക്ക് പോയ ഇയാൾ പിന്നീട് അൽ-ബദർ എന്ന ഭീകരസംഘടനയിൽ ചേരുകയായിരുന്നു. ചുരുങ്ങിയ കാലം കൊണ്ട് തന്നെ സംഘടനയുടെ കമാൻഡർ പദവിയിലെത്തിയ ഇയാൾ കാശ്മീരിലെ യുവാക്കളെ വഴിതെറ്റിക്കുന്നതിനും ഭീകരപ്രവർത്തനങ്ങളിലേക്ക് ആകർഷിക്കുന്നതിനും മുന്നിൽ നിന്നു.
40 സിആർപിഎഫ് ജവാന്മാരുടെ വീരമൃത്യുവിന് കാരണമായ 2019 ഫെബ്രുവരി 14-ലെ ലെത്പോറ കാർ ബോംബ് സ്ഫോടനത്തിന് പിന്നിൽ പ്രവർത്തിച്ച ബുദ്ധി കേന്ദ്രങ്ങളിൽ ഒന്ന് ഹംസയുടേതായിരുന്നു. കശ്‌മീർ താഴ്വരയിൽ അരങ്ങേറിയ ഒട്ടനവധി ഭീകരാക്രമണങ്ങളിലും വിഘടനവാദ പ്രവർത്തനങ്ങളിലും ഇയാൾക്ക് നേരിട്ട് പങ്കുണ്ടെന്ന് ഇന്ത്യൻ സുരക്ഷാ ഏജൻസികൾ കണ്ടെത്തിയിരുന്നു. വൻ സുരക്ഷാ വലയത്തിൽ കഴിഞ്ഞിരുന്ന ഭീകരനെ അജ്ഞാതർ വധിച്ച വാർത്ത ജമ്മു കശ്‌മീരിലെ സുരക്ഷാ നിരീക്ഷകർക്കിടയിലും വലിയ ചർച്ചയായിട്ടുണ്ട്.

