തിരുവനന്തപുരം: രാഷ്ട്രീയ കൊലപാതകങ്ങളോട് ഈ സർക്കാരിന് യാതൊരു വിട്ടുവീഴ്‌ചയുമില്ലെന്നും ആയുധമെടുത്താൽ ജയിലാണ് കാത്തിരിക്കുമെന്നും രമേശ് ചെന്നിത്തല. ഫേസ്ബുക്ക് കുറിപ്പിലൂടെ ആഭ്യന്തര മന്ത്രി മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. പെരിയ ഇരട്ടക്കൊലപാതക കേസിലെ പ്രതികൾക്ക് പരോൾ അനുവദിച്ച സംഭവത്തിൽ അടിയന്തര റിപ്പോർട്ട് തേടിയതായും അദ്ദേഹം കുറിച്ചു.
പെരിയ കല്യോട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷ്, ശരത് ലാൽ എന്നിവരെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ കേസിലെ ആറ് പ്രതികൾക്കാണ് 15 മുതൽ 20 ദിവസത്തേക്ക് പരോൾ അനുവദിച്ചത്. മുൻ ഇടതുപക്ഷ സർക്കാരിൻ്റെ കാലാവധി അവസാനിക്കുന്നതിന് തൊട്ടുമുമ്പാണ് പരോൾ നടപടിക്രമങ്ങൾ പൂർത്തിയാക്കിയതെന്നാണ് ലഭ്യമാകുന്ന വിവരം. ഈ സാഹചര്യത്തിലാണ് വിഷയം അടിയന്തരമായി പരിശോധിച്ച് റിപ്പോർട്ട് നൽകാൻ ആഭ്യന്തര വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹയോട് ചെന്നിത്തല ആവശ്യപ്പെട്ടത്.
ഫേസ്ബുക് പോസ്റ്റിന്റെ പൂർണ രൂപം…
പെരിയ കൊലക്കേസ് പ്രതികൾക്ക് പരോൾ അനുവദിച്ചതുമായി ബന്ധപ്പെട്ട് അടിയന്തര റിപ്പോർട്ട് സമർപ്പിക്കാൻ ആഭ്യന്തര മന്ത്രി എന്ന നിലയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യ പോലെ ഒരു ജനാധിപത്യ രാജ്യത്ത് ഒരു രാഷ്ട്രീയ പാർട്ടിയിൽ പ്രവർത്തിച്ചു എന്നതിൻ്റെ പേരിൽ മാത്രം രണ്ട് ചെറുപ്പക്കാർ ക്രൂരമായി കൊലചെയ്യപ്പെട്ട സാഹചര്യം ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ല. അത് ആഭ്യന്തര മന്ത്രി എന്ന നിലയോടൊപ്പം തന്നെ ആ പ്രായത്തിലുള്ള മക്കളുള്ള ഒരു അച്ഛൻ എന്ന നിലയിലെ ധർമ്മം കൂടിയാണ്.
ഇത്രയും നിഷ്ഠൂരമായ ഒരു കൊലപാതകക്കേസിലെ പ്രതികൾ പുറത്ത് ഒരു കൂസലുമില്ലാതെ നടക്കുക എന്നത് തന്നെ ഒരു സിവിൽ സൊസൈറ്റിയിൽ തെറ്റായ സന്ദേശം നൽകുന്നതാണ്. പെരിയ കൊലക്കേസ് എന്ന് മാത്രമല്ല, എല്ലാ രാഷ്ട്രീയ കൊലപാതകങ്ങളോടും സീറോ ടോളറൻസ് ആയിരിക്കും ഈ സർക്കാരിന്. നമുക്ക് നന്നായി രാഷ്ട്രീയം പറയാം, ആശയപരമായി ഏറ്റുമുട്ടാം. ആയുധമെടുത്താൽ ജയിൽ നിങ്ങളെ കാത്തിരിക്കും.

