ന്യൂഡല്‍ഹി: ‘യുവാക്കളുടെ, യുവാക്കള്‍ക്ക് വേണ്ടിയുള്ള, യുവാക്കള്‍ നയിക്കുന്ന രാഷ്‌ട്രീയ മുന്നണി’ എന്ന മുദ്രാവാക്യവുമായി സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നുവന്ന ‘കോക്രോച്ച് ജനതാ പാര്‍ട്ടി’യുടെ (സിജെപി) ഔദ്യോഗിക എക്‌സ് (ട്വിറ്റര്‍) അക്കൗണ്ട് ഇന്ത്യയില്‍ ബ്ലോക്ക് ചെയ്തു. തൊഴിലില്ലാത്ത യുവാക്കളെ പ്രതിനിധീകരിച്ച് സോഷ്യൽ മീഡിയയിൽ രൂപംകൊണ്ട ഒരു പരിഹാസ സ്വഭാവമുള്ള (Satirical) രാഷ്ട്രീയ കൂട്ടായ്മ മേയ് പകുതിയോടെയാണ് ഇന്റർനെറ്റിൽ വലിയ തരംഗമായി മാറിയത്.
മേയ് 15-ന് നടന്ന ഒരു കോടതി വാദത്തിനിടയിൽ, സോഷ്യൽ മീഡിയയിൽ സജീവമായ ചില ഉദ്യോഗസ്ഥരെയും യുവാക്കളെയും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ‘പാറ്റകൾ’, ‘പരാദങ്ങൾ‘ എന്നിവയോട് ഉപമിച്ചു എന്ന രീതിയിൽ വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ, ഈ പ്രയോഗത്തിൽ പ്രകോപിതരായ ഒരു വിഭാഗം യുവാക്കൾ ഇതൊരു കാമ്പെയ്‌നായി ഏറ്റെടുക്കുകയും, അത് ഒടുവിൽ ‘കോക്രോച്ച് ജനതാ പാർട്ടി’ എന്ന സംഘടനയുടെ രൂപീകരണത്തിൽ കലാശിക്കുകയുമായിരുന്നൂ. തൊഴിലില്ലാത്ത യുവാക്കൾ പാറ്റകളാണെന്നും അവർ സോഷ്യൽ മീഡിയ, ആർടിഐ ആക്ടിവിസ്റ്റുകളായി സിസ്റ്റത്തെ ആക്രമിക്കാൻ തുടങ്ങിയെന്നുമായിരുന്നു പരാമർശം. സംഭവം വിവാദമായതോടെ ചീഫ് ജസ്റ്റിസിന് വിശദീകരണ കുറിപ്പ് ഇറക്കേണ്ടി വന്നു. തൻ്റെ വാക്കുകൾ തെറ്റായി വ്യാഖ്യാനിച്ചതാണെന്ന് ചീഫ് ജസ്റ്റിസ് പിന്നീട് വ്യക്തമാക്കുകയുണ്ടായി.
ചീഫ് ജസ്റ്റിസിന്റെ ഈ അധിക്ഷേപത്തിന് മറുപടിയായി മേയ് 16-ന് അഭിജീത് ദിപ്കെ (Abhijeet Dipke) എന്ന 30-കാരനായ സോഷ്യൽ മീഡിയ സ്ട്രാറ്റജിസ്റ്റാണ് ‘കോക്രോച്ച് ജനത പാർട്ടി’ രൂപീകരിച്ചത്. അമേരിക്കയിലെ ബോസ്റ്റൺ യൂണിവേഴ്സിറ്റി വിദ്യാർത്ഥിയായ ഇദ്ദേഹം മുൻപ് ആം ആദ്മി പാർട്ടിയുടെ (AAP) സോഷ്യൽ മീഡിയ വളന്റിയറായി പ്രവർത്തിച്ചിട്ടുണ്ട്.
ഇൻസ്റ്റാഗ്രാമിൽ 15 ദശലക്ഷത്തിലധികം (1.5 കോടി) ഫോളോവേഴ്‌സാണ് കോക്രോച്ച് ജനതാ പാർട്ടിക്കുള്ളത്. എന്നാൽ ഇതിൽ ഭൂരിഭാഗവും വിദേശ രാജ്യങ്ങളിൽ നിന്നുള്ളവരാണെന്നും, ഇന്ത്യൻ ഫോളോവേഴ്‌സ് വളരെ ചെറിയൊരു ശതമാനം മാത്രമാണെന്നുമാണ് റിപ്പോർട്ടുകൾ. ഇന്ത്യയിൽ നിന്ന് എസ്.ഡി.പി.ഐ, ആം ആദ്മി പാർട്ടി (എ.എ.പി) എന്നീ രാഷ്ട്രീയ സംഘടനകൾ കോക്രോച്ച് ജനതാ പാർട്ടിക്ക് പിന്നിൽ നിന്ന് പിന്തുണ നൽകുന്നുണ്ടെന്നും ആരോപണങ്ങൾ ഉയരുന്നുണ്ട്.
സോഷ്യൽ മീഡിയയിൽ വളരെ പെട്ടെന്ന് തരംഗമായ കോക്രോച്ച് ജനത പാർട്ടിയുടെ എക്‌സ് അക്കൗണ്ടിനാണു അധികൃതർ പൂട്ടിട്ടത്. തൊട്ടുപിന്നാലെ സിജെപി പുതിയ എക്‌സ് അക്കൗണ്ട് തുറന്നു. ‘കോക്രോച്ച് ഈസ് ബാക്ക്’ എന്ന പേരിലാണ് അക്കൗണ്ട്. ഞങ്ങളെ ഒഴിവാക്കാൻ പറ്റുമെന്ന് കരുതിയോ എന്ന് എക്‌സിൽ അവർ കുറിച്ചു. കോക്രോച്ച് ജനതാ പാർട്ടിയുടെ എക്‌സ് അക്കൗണ്ട് അപ്രത്യക്ഷമായതിന് പിന്നാലെ പ്രതീക്ഷിച്ചത് സംഭവിച്ചെന്നാണ് സ്ഥാപകൻ അഭിജീത്ത് ദീപ്കേ പ്രതികരിച്ചത്. ‘കോക്രോച്ച് ഈസ് ബാക്ക്’ എന്ന പുതിയ അക്കൗണ്ടിലൂടെയാണ് പ്രതികരണം. അതേസമയം ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യാൻ ശ്രമം നടക്കുന്നുവെന്നും സിജെപി സ്ഥാപകൻ അഭിജിത്ത് ദീപ്‌ക്കെ വ്യക്തമാക്കി.
യുവത്വത്തിൻ്റെ ശക്തിയെ കുറച്ചു കാണരുതെന്നും അഭിജീത്ത് ദീപ്‌ക്കേ പറഞ്ഞു. ചീഫ് ജസ്റ്റിസിന്റെറെ പരാമർശത്തിനെതിരെ ‘മടിയന്മാരുടെയും തൊഴിലില്ലാത്തവരുടെയും ശബ്ദ’മെന്ന മുദ്രാവക്യവുമായി എത്തുന്ന സിജെപി ഒരു ജെൻസി മൂവ്മെൻ്റായി മാറിക്കൊണ്ടിരിക്കുകയാണ്. തൊഴിലില്ലാത്തവർ, മടിയന്മാർ, 12 മണിക്കൂറിൽ കൂടുതൽ സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കുന്നവർ എന്നിവയാണ് കോക്രോച്ച് ജനതാ പാർട്ടിയിൽ അംഗങ്ങളാകാനുള്ള മാനദണ്ഡങ്ങൾ. ഇതിൽ അംഗങ്ങളാകാൻ ഇന്ത്യക്കാർക്ക് മാത്രമായി നിബന്ധനകളൊന്നുമില്ല. കോക്രോച്ച് ജനതാ പാർട്ടി (CJP) ഒരു ഔദ്യോഗിക രാഷ്ട്രീയ പാർട്ടി അല്ലാത്തതിനാലും, ഇതൊരു ഓൺലൈൻ പ്രസ്ഥാനം ആയതിനാലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആളുകൾ ഇതിൽ ചേരുന്നുണ്ട്.

