ക്വറ്റ: പാകിസ്ഥാനിലെ ബലൂചിസ്ഥാനിൽ സൈനികർ സഞ്ചരിച്ച പാസഞ്ചർ ട്രെയിൻ ലക്ഷ്യമിട്ടുണ്ടായ ശക്തമായ ബോംബ് സ്ഫോടനത്തിൽ 24 പേർ കൊല്ലപ്പെടുകയും 70-ലധികം പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഇന്ന് ക്വറ്റയിലെ റെയിൽവേ സ്റ്റേഷനു സമീപമാണ് ഈ ഉഗ്ര സ്ഫോടനം നടന്നത്. ക്വറ്റയിലെ ചമൻ ഫടക് സ്റ്റേഷനിലൂടെ ഞായറാഴ്ച രാവിലെ ട്രെയിൻ സഞ്ചരിക്കുന്നതിനിടെയാണ് സ്ഫോടനം ഉണ്ടായത്.
സ്ഫോടനത്തിന്റെ ആഘാതത്തിൽ ട്രെയിനിന്റെ രണ്ട് ബോഗികൾ മറിയുകയും അവയ്ക്ക് തീപിടിക്കുകയും ചെയ്തു. റെയിൽവേ ട്രാക്കിന് സമീപം പാർക്ക് ചെയ്തിരുന്ന പത്തോളം വാഹനങ്ങൾക്കും അടുത്തുള്ള കെട്ടിടങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. പരുക്കേറ്റവരിൽ 20 ഓളം പേരുടെ നില അതീവ ഗുരുതരമായി തുടരുന്നതിനാൽ മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ട്.
പാക്കിസ്ഥാൻ സൈനികർ സഞ്ചരിച്ചിരുന്ന ട്രെയിൻ ആയിരുന്നു അക്രമികളുടെ ലക്ഷ്യം. മരിച്ചവരിൽ ഭൂരിഭാഗവും പെഷവാറിലേക്ക് യാത്ര തിരിച്ച പാക്കിസ്ഥാൻ സൈനിക ഉദ്യോഗസ്ഥരാണ് എന്നാണ് റിപ്പോർട്ടുകൾ. നിരോധിത സംഘടനയായ ബലൂചിസ്ഥാൻ ലിബറേഷൻ ആർമി (BLA) സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തതായാണ് പ്രാഥമിക വിവരങ്ങൾ.

