ന്യൂഡൽഹി: ഹൈദരാബാദ് ഹൗസിൽ വെച്ച് ഇന്ത്യൻ വിദേശകാര്യമന്ത്രി ഡോ. എസ്. ജയശങ്കറും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും തമ്മിൽ നിർണായകമായ ഉഭയകക്ഷി ചർച്ചകൾ നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാനമായ പങ്കാളിത്തം കൂടുതൽ ശക്തമാക്കുന്നതിനെക്കുറിച്ചാണ് പ്രധാനമായും ഇരുവരും ചർച്ച നടത്തിയത്.
ഇന്ത്യ-യുഎസ് വ്യാപാര കരാറിന്റെ (Interim Trade Agreement) അന്തിമ രൂപരേഖ തയ്യാറാക്കുന്നതിനെക്കുറിച്ച് ഇരു നേതാക്കളും സംസാരിച്ചു. വ്യാപാര കരാര്‍ എത്രയും വേഗം പൂര്‍ത്തിയാക്കേണ്ടതിന്റെ ആവശ്യകത ജയശങ്കര്‍ എടുത്തുപറഞ്ഞു. വിസ പ്രതിസന്ധികളും വ്യാപാര തീരുവയുമായി ബന്ധപ്പെട്ട വിഷയങ്ങളും ഇന്ത്യ യുഎസിന് മുന്നിൽ ഉന്നയിച്ചു. ഇന്ത്യയും യുഎസും തമ്മിൽ ആഴത്തിലുള്ളതും വിപുലവുമായ ആഗോള തന്ത്രപ്രധാന പങ്കാളിത്തമാണ് പങ്കിടുന്നതെന്ന് ഡോ. ജയശങ്കർ പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ലോകത്തെത്തന്നെ സ്വാധീനിക്കുന്നതാണെന്നും വിവിധ മേഖലകളിൽ ഇരുവർക്കും സമാനമായ താൽപ്പര്യങ്ങളുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സങ്കീർണ്ണമായ ആഗോള സാഹചര്യങ്ങൾക്കിടയിലാണ് ഈ ചർച്ചകൾ നടക്കുന്നതെന്ന് വ്യക്തമാക്കിയ അദ്ദേഹം, സുതാര്യവും ഫലപ്രദവുമായ ചർച്ചകളിൽ ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഇറാൻ സംഘർഷത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി, ആഗോള ഊർജ്ജ വില കുറഞ്ഞുനിൽക്കുന്നതിലും തടസ്സമില്ലാത്ത വാണിജ്യം ഉറപ്പാക്കുന്നതിലും ഇന്ത്യക്കും യുഎസിനും ശക്തമായ താൽപ്പര്യമുണ്ടെന്ന് ജയശങ്കർ പറഞ്ഞു.
ഇന്ത്യയെ അമേരിക്കയുടെ ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട പങ്കാളികളിലൊന്നായി വിശേഷിപ്പിച്ച യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൻ്റെ തന്ത്രപരമായ പ്രാധാന്യത്തെ ശക്തമായി അടിവരയിട്ടു. ഇരുരാജ്യങ്ങളും ഭീകരവാദം മൂലം കഷ്ടപ്പെട്ടിട്ടുണ്ടെന്നും പുതിയ നൂറ്റാണ്ടിനെ നിർണ്ണയിക്കുന്ന എല്ലാ പ്രധാന വിഷയങ്ങളിലും ഇന്ത്യയും യുഎസും തന്ത്രപരമായി ഒരുമിച്ചാണെന്നും അദ്ദേഹം പറഞ്ഞു. ഇറാന്‍ വിഷയത്തില്‍ നല്ല വാര്‍ത്തകളുണ്ടെന്ന് സൂചിപ്പിച്ച അദ്ദേഹം, അടുത്ത ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ കൂടുതല്‍ നല്ല പുരോഗതി പ്രതീക്ഷിക്കുന്നതായും അറിയിച്ചു.
21-ാം നൂറ്റാണ്ടിന് അനുയോജ്യമായ രീതിയില്‍ അമേരിക്ക തങ്ങളുടെ കുടിയേറ്റ സംവിധാനം നവീകരിക്കുകയാണെന്ന് ഒരു ചോദ്യത്തിന് മറുപടിയായി റൂബിയോ വ്യക്തമാക്കി. വരാനിരിക്കുന്ന ‘ക്വാഡ്’ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിന് മുന്നോടിയായി ഗള്‍ഫ്, ഇന്‍ഡോ-പസഫിക് മേഖലകളിലെ സംഭവവികാസങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രാദേശിക പ്രശ്‌നങ്ങളും ഇരു നേതാക്കളും ചര്‍ച്ച ചെയ്തു.
ഈ മാസം 26ന് നടക്കുന്ന ക്വാഡ് വിദേശകാര്യ മന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുക്കാനായി നാല് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്നലെയാണ് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ ഇന്ത്യയിലെത്തിയത്.
അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി

