ടെഹ്റാൻ: പശ്ചിമേഷ്യൻ സംഘർഷത്തിൽ ഇറാനും അമേരിക്കയും തമ്മിൽ സമാധാന കരാറിലേക്കെന്ന് സൂചന. ഇറാനും അമേരിക്കയും തമ്മിൽ കരാർ സംബന്ധിച്ചുള്ള ചർച്ചകൾ തുടരുന്നതായാണ് റിപ്പോർട്ടുകൾ. ഹോർമുസ് കടലിടുക്കു തുറക്കാൻ വ്യവസ്ഥ ചെയ്യുന്ന ധാരണാപത്രത്തിന് ഇറാനുമായി ഏതാണ്ടു കരാറായെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. മാസങ്ങൾ നീണ്ട സംഘർഷത്തിന് ശേഷം, ഇരുരാജ്യങ്ങളും തമ്മിലുള്ള താൽക്കാലിക സമാധാന ഉടമ്പടി ഉടൻ തന്നെ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് മാധ്യമ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
ഇറാന്റെ പക്കലുള്ള ഉയർന്ന തോതിൽ സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം കൈമാറണമെന്ന യുഎസ് ആവശ്യം തത്വത്തിൽ അംഗീകരിച്ചതായാണ് സൂചന. ഇറാൻ ആണവായുധം നിർമ്മിക്കുന്നില്ലെന്ന് ലോകത്തെ ബോധ്യപ്പെടുത്താൻ തയ്യാറാണെന്ന് പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ വ്യക്തമാക്കി. തങ്ങളുടെ ആണവ പദ്ധതികൾ പൂർണ്ണമായും സമാധാനപരമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണെന്ന് ഉറപ്പുനൽകിയ പ്രസിഡന്റ്, അന്താരാഷ്ട്ര സമൂഹത്തിന്റെ ആശങ്കകൾ പരിഹരിക്കാൻ തയ്യാറാണെന്നും അറിയിച്ചു. നയതന്ത്ര ചർച്ചകളിലെ തീരുമാനങ്ങൾ അംഗീകരിക്കണം എന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ ജനങ്ങളോടും മാധ്യമങ്ങളോടും ആഹ്വാനം ചെയ്‌തിരുന്നു. എല്ലാ തീരുമാനവും സുപ്രീം കൗൺസിലും പരമോന്നത നേതാവും അംഗീകരിച്ചത് മാത്രമാണ് എന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം 30 ദിവസത്തിനുള്ളിൽ യുദ്ധത്തിന്റെ മുൻപുള്ള സ്ഥിതിയിലേക്ക് തിരിച്ചെത്തുമെന്ന് ഇറാൻ്റെ വാർത്താ ഏജൻസിയായ ‘തസ്നിം’ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്‌തു. ഇക്കാലയളവിനുള്ളിൽ അമേരിക്കയുടെ നാവിക ഉപരോധവും പൂർണമായും ഒഴിവാക്കും. ഇറാന്റെ മരവിപ്പിച്ച വിദേശ ഫണ്ടുകളിൽ ഒരുഭാഗം വിട്ടുകൊടുക്കാനും കരാറിൽ നിർദേശമുണ്ടെന്നും തസ്‌നീം ന്യൂസ് ഏജൻസി റിപ്പോർട്ട്‌ചെയ്തു. വലിയ വിട്ടുവീഴ്ച്ചകൾക്ക് തയാറായിട്ടില്ലെന്ന് സ്ഥാപിക്കാനാണ് ഇറാൻ മാധ്യമങ്ങളുടെ ശ്രമം. ചർച്ചകൾ ധാരണയിലെത്തുന്നതായി അമേരിക്കയും പറഞ്ഞിരുന്നു. അതേസമയം പരസ്യ പ്രസ്താവനകളും പരസ്പര വിരുദ്ധ നിലപാടുകളും ധാരണയെ ബാധിക്കുമോ എന്ന ആശങ്കയുണ്ട്.
അതേസമയം ഇറാനുമായുള്ള സമാധാന ചർച്ചകളിൽ തിരക്കിട്ട് ഒരു കരാറിലെത്താൻ താൻ ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കിയ ട്രംപ് ഇരുപക്ഷവും ആവശ്യത്തിന് സമയമെടുത്ത് കൃത്യമായ ഒരു കരാറിലെത്തണമെന്നും അതിൽ പിഴവുകൾ ഉണ്ടാകാൻ പാടില്ലെന്നും കൂട്ടിച്ചേർത്തു. കരാർ ഔദ്യോഗികമായി പൂർത്തിയാക്കി ഒപ്പുവെക്കുന്നതുവരെ ഇറാനിയൻ തുറമുഖങ്ങൾക്കുമേലുള്ള അമേരിക്കയുടെ നാവിക ഉപരോധം പൂർണ്ണ ശക്തിയോടെ തുടരുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി.
ഇന്നലെ നടന്ന ടെലിഫോൺ ചർച്ചകളിൽ അമേരിക്ക – ഇറാൻ – പാക്കിസ്ഥാൻ എന്നിവർക്ക് പുറമെ സൗദി, ഖത്തർ, യു എ ഇ, ജോർദാൻ, തുർക്കി, ഈജിപ്ത് എന്നീ രാജ്യങ്ങളും പങ്കെടുത്തു എന്നാണ് റിപ്പോർട്ടുകൾ. എന്തായാലും ലോകം കാത്തിരിക്കുന്ന സമാധാന വാർത്ത അധികം വൈകാതെ പുറത്തുവരുമെന്നാണ് സൂചന.
ചർച്ചകളിൽ മിസൈൽ പദ്ധതികൾ ഉൾപെടാത്തതിൽ ഇസ്രായേലിന് അതൃപ്തി
ഇറാന്റെ ബാലിസ്റ്റിക് മിസൈൽ പദ്ധതികളും പ്രാദേശിക സായുധ ഗ്രൂപ്പുകൾക്കുള്ള പിന്തുണയും യുഎസ്-ഇറാൻ ചർച്ചകളിൽ ഉൾപ്പെടുത്താത്തതിൽ ഇസ്രായേലിന് കടുത്ത അതൃപ്തി. ഇസ്രായേലിന്റെ പ്രധാന സുരക്ഷാ ആശങ്കകളെ ഈ കരാർ പൂർണ്ണമായി അവഗണിക്കുന്നു എന്നാണ് അവരുടെ വിലയിരുത്തൽ. ഇറാന്റെ പക്കലുള്ള ബാലിസ്റ്റിക് മിസൈലുകൾക്ക് ഇസ്രായേലിലെ ഏത് നഗരത്തെയും നേരിട്ട് ആക്രമിക്കാനുള്ള ശേഷിയുണ്ട്. ഈ പദ്ധതികൾക്ക് മേൽ യാതൊരു നിയന്ത്രണവും കരാർ വ്യവസ്ഥ ചെയ്യുന്നില്ല എന്നാണ് പുറത്തുവരുന്ന സൂചനകൾ. ചർച്ചകളിൽ മിസൈൽ വിഷയം ഒഴിവാക്കുന്നത് ഇറാന് കൂടുതൽ വിനാശകരമായ ഡ്രോണുകളും ഹൈപ്പർസോണിക് മിസൈലുകളും നിർമ്മിക്കാനുള്ള അനുവാദമായി മാറുമെന്ന് ഇസ്രായേൽ ഭയപ്പെടുന്നു.
എണ്ണ ഉപരോധം നീങ്ങുന്നതോടെ ഇറാന്റെ സാമ്പത്തിക മേഖല വീണ്ടെടുക്കപ്പെടും. ഈ പണം ഉപയോഗിച്ച് ഇറാൻ ലബനനിലെ ഹിസ്ബുള്ള, ഗാസയിലെ ഹമാസ്, യെമനിലെ ഹൂതികൾ എന്നിവർക്ക് കൂടുതൽ വിപുലമായ മിസൈലുകളും സാങ്കേതികവിദ്യയും കൈമാറുമെന്നാണ് ഇസ്രായേലിന്റെ ആക്ഷേപം.
ഒന്നുകിൽ ഒരു നല്ല കരാറിൽ എത്തും അല്ലെങ്കിൽ ഇറാന് മേൽ വീണ്ടും ശക്തമായ സൈനിക ആക്രമണം: ട്രംപ്

