“അമ്മേ നിക്ക് ഇച്ചിരി മുള്ളണം” അനുജന്റെ ശബ്ദം കേട്ടു പാതിയുറക്കം മുറിഞ്ഞു ഞാൻ അന്ന് തിരിഞ്ഞു കിടന്നു. തെക്കുവശത്തെ നീളം കൂടിയ ചായ്‌പ്പിൽ ചേർത്തിട്ട രണ്ട് കട്ടിലുകളിൽ ആണ് ഞങ്ങൾ 4 മക്കളും അച്ഛനും അമ്മയും ഉറങ്ങാറുണ്ടായിരുന്നത്. ലൈറ്റ് ഇട്ട് എഴുന്നേറ്റിരുന്ന അമ്മ ഉടനെ ഉച്ചത്തിൽ നിലവിളിക്കുന്നതാണ് പിന്നെ കേട്ടത്
“ദേ.. ഒരു പാമ്പ്” ഒറ്റക്കുതിപ്പിന് അനുജത്തിമാരെ മറി കടന്നു ഞാൻ ആദ്യം ചാടി ഇറങ്ങി. അപ്പോൾ കട്ടിൽ കാൽക്കലൂടെ ഒരു കുഞ്ഞു പാമ്പ് ഇഴഞ്ഞു വരുന്നത് ഒറ്റ നോട്ടത്തിൽ ഞാൻ കണ്ടു. അമ്മ അനുജത്തിമാരെ വലിച്ചെടുത്തു ഇപ്പുറത്തെ മുറിയിലേക്ക് മാറ്റി നിർത്തി. പാമ്പ് കട്ടിലിന്റെ അറ്റത്തു കൂടി കിഴക്കോട്ട് ഇഴയുന്നു. അച്ഛൻ കരുതി വെച്ചിരുന്ന വടി എടുത്തു ഒറ്റയടിക്ക് പാമ്പിനെ കൊന്നു. വരയുള്ള ഒരു പാമ്പായിരുന്നു. ദേഹം മുഴുവൻ വള ഇട്ടതു പോലെ. അത് കടിച്ചാൽ ഉഗ്ര വിഷം ആണ് എന്ന് കേട്ടിരുന്നു. ഒരു വള ഊരുന്ന നേരം കൊണ്ട് കടിയേറ്റ ആൾ മരിക്കും എന്നും പറഞ്ഞു കേൾക്കുന്നു. എന്തായാലും ആ പാതിരാവിൽ ആ നേരത്ത് അനുജന് മൂത്രമൊഴിക്കാൻ തോന്നിയത് ഭാഗ്യം തന്നെയല്ലേ. അല്ലെങ്കിൽ നാല് പേരിൽ ആരെയെങ്കിലും പാമ്പ് കടിക്കുമായിരുന്നില്ലേ. ചുറ്റിനും വിശാലമായ മുറ്റവും തൊടികളും ഒക്കെ ഉള്ള വീടായിരുന്നു. തൊടികൾ പോലും അച്ഛമ്മ അടിച്ചു വൃത്തിയാക്കി മുറ്റം പോലെ ഇട്ടിരുന്നു. എന്നിട്ടും പാമ്പ് തേടി തിരഞ്ഞു വന്നു.
പിറ്റേന്ന് തന്നെ അച്ഛൻ ആ ജനാലകൾ വല കൊണ്ട് അടച്ചു. മരത്തിന്റെ ജനൽപ്പാളികൾ എപ്പോഴും തുറന്നിടു ന്നതായിരുന്നു. ഉറങ്ങും മുൻപ് എന്നും കട്ടിലിന്റെ അടിയിലേക്കും മുറികളുടെ കോണിലും ഒക്കെ ടോർച്ചു തെളിച്ചു നോക്കുന്നതും ഒക്കെ നേരത്തെ മുതൽ അമ്മയുടെ ശീലമായിരുന്നു.
ഇന്നലെ പത്രം തുറന്നപ്പോൾ കണ്ടത് ഉറക്കത്തിൽ പാമ്പ് കടിയേറ്റ് മരിച്ച കുട്ടിയുടെ ചിത്രമായിരുന്നു. മുറി നന്നായി പരിശോധിച്ച് പായും കിടക്കയും തലയണയും കുടഞ്ഞു വിരിച്ചു മാത്രം കിടക്കുക. തറയിൽ ആയാലും കട്ടിലിൽ ആയാലും ദിവസവും ഇങ്ങനെ ശീലിക്കുക. ജനാലകളിൽ നെറ്റ് ഉണ്ടെങ്കിൽ മാത്രം തുറന്നിടുക. വാതിലുകൾ അടച്ചിട്ടുക.
ഇന്ന് പത്ര വാർത്ത കണ്ടപ്പോൾ പെട്ടെന്ന് ഓർമ്മകൾ ബഹുദൂരം പിന്നിലേക്ക് പോയി. ആ ചായ്‌പ്പും ബാല്യവും ഓർമ്മയിൽ തെളിഞ്ഞു വന്നു. അന്ന് ഏത് അത്ഭുത ശക്തിയാണ് കൃത്യമായി ആ പാമ്പിനെ കാണിച്ചു തന്നത് അനുജനെ കൃത്യമായി ഉണർത്തിയത് എന്ന് ഇപ്പോഴും ചിന്തിക്കുന്നു.
വിധിച്ചതേ വരൂ. ആയുസ്സ് തീർന്നാൽ മാത്രമേ മരണം വന്നു ചേരൂ ആയില്ല്യത്തിൽ പിറന്ന ഞാനും അവരുടെ കൂട്ടത്തിൽ കിടന്നിരുന്നു. എന്നോട് നാഗ ദൈവങ്ങൾ കനിഞ്ഞതാകുമോ? അതോ എന്നെ തേടി വന്നതോ?
എങ്കിലും ഇതെഴുതുമ്പോഴും എന്റെ എല്ലാ ജാലകങ്ങളും വാതിലുകളും ഞാൻ ഭദ്രമായി ചേർത്തടച്ചിട്ടുണ്ട്. കാറ്റും വെളിച്ചവും കടന്നു വരാൻ ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല. ഇത്തരം ചില ഭീതികൾ എപ്പോഴും മനസ്സിനെ അലട്ടുന്നുണ്ട്. പൂമുഖത്ത് ആളില്ലാത്ത വീടുകളിൽ മുൻവാതിൽ ചേർത്തടയ്ക്കുന്നത് തന്നെയാണ് ഉചിതം. അന്തിയാകുമ്പോൾ സൂര്യന്റെ ചുവപ്പ് വിദൂരതയിൽ കാണാവുന്ന വിധത്തിലുള്ള പടിഞ്ഞാറൻ ആകാശം മാത്രമാണ് മറയില്ലാതെ മനസ്സിനെ സന്തോഷിപ്പിക്കുന്നത്. മറ്റെല്ലാ ദിക്കുകളും മരങ്ങളാൽ മറഞ്ഞ പുഴ പോലെ അദൃശ്യമായിരിക്കുന്നു. അവിടെക്ക് ചില്ലുജാലകങ്ങൾ തുറന്നിടാൻ പോലും ഇപ്പോൾ ഭയമായി രിക്കുന്നു.
പി. സീമ

