Thursday, June 11, 2026
Home » ഇറാനുമായുള്ള യുദ്ധത്തിൽ താൻ “വലിയ വിജയത്തിലേക്ക്” നീങ്ങുകയാണെന്ന് ഡോണൾ‍ഡ് ട്രംപ്.
ഇറാനുമായുള്ള യുദ്ധത്തിൽ താൻ "വലിയ വിജയത്തിലേക്ക്" നീങ്ങുകയാണെന്ന് ഡോണൾ‍ഡ് ട്രംപ്.

ഇറാനുമായുള്ള യുദ്ധത്തിൽ താൻ “വലിയ വിജയത്തിലേക്ക്” നീങ്ങുകയാണെന്ന് ഡോണൾ‍ഡ് ട്രംപ്.

by Editor

വാഷിങ്ടൺ: ഇറാനുമായുള്ള യുദ്ധത്തിൽ താൻ “വലിയ വിജയത്തിലേക്ക്” നീങ്ങുകയാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവകാശപ്പെട്ടു. തന്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിലൂടെയാണ് അദ്ദേഹം ഈ പ്രസ്താവന നടത്തിയത്. ഇറാന് മേൽ ഏർപ്പെടുത്തിയ കടുത്ത ഉപരോധം അവരെ സാമ്പത്തികമായി തകർക്കുകയാണെന്നും ഇറാൻ പ്രതിദിനം 50 കോടി ഡോളർ നഷ്ടം നേരിടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ ഉപരോധം ഇറാനുമായുള്ള ഒരു കരാറിൽ (Deal) എത്തുന്നതുവരെ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

“വ്യാജ വാർത്താ മാധ്യമങ്ങൾ വായിച്ചാൽ, നമ്മൾ യുദ്ധത്തിൽ തോൽക്കുകയാണെന്നു നിങ്ങൾക്ക് തോന്നിപ്പോകും. ശത്രുക്കളും ആശയക്കുഴപ്പത്തിലാണ്. കാരണം, അവരും ഈ മാധ്യമ റിപ്പോർട്ടുകൾ തന്നെയാണ് കാണുന്നത്. ഏറ്റവും പ്രധാനപ്പെട്ടത് നമ്മുടെ ഉപരോധമാണ്. കരാർ ഉണ്ടാകുന്നത് വരെ ഉപരോധം പിൽവലിക്കില്ല. ഇത് ഇറാനെ പൂർണ്ണമായും നശിപ്പിക്കുകയാണ്. പ്രതിദിനം 50 കോടി ഡോളർ വീതമാണ് അവർക്ക് നഷ്ട‌പ്പെടുന്നത്” – ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.

ഏപ്രിൽ 8-ന് ആരംഭിച്ച രണ്ടാഴ്ചത്തെ താൽക്കാലിക വെടിനിർത്തൽ നാളെ (ബുധനാഴ്ച) അവസാനിക്കുകയാണ്. ഇത് നീട്ടാൻ സാധ്യത കുറവാണെന്ന് പ്രസിഡന്റ് ട്രംപ് സൂചിപ്പിച്ചു. ഒരു കരാറിൽ എത്താൻ തനിക്ക് സമ്മർദ്ദമൊന്നുമില്ലെന്നും ഇറാൻ വഴങ്ങിയില്ലെങ്കിൽ ആക്രമണം പുനരാരംഭിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. എന്നാൽ വരാനിരിക്കുന്ന ആണവ കരാർ മുമ്പത്തെ കരാറിനേക്കാൾ മികച്ചതായിരിക്കുമെന്ന് അദ്ദേഹം അവകാശപ്പെട്ടു.

അതേസമയം പാക്കിസ്ഥാനിലെ ഇസ്ലാമാബാദിൽ നടക്കേണ്ട രണ്ടാം ഘട്ട ചർച്ചകളിൽ പങ്കെടുക്കുന്ന കാര്യത്തിൽ ഇറാൻ ഇതുവരെ ഔദ്യോഗികമായി സമ്മതം അറിയിച്ചിട്ടില്ല. ഭീഷണികൾക്ക് വഴങ്ങി ചർച്ചയ്ക്കില്ലെന്ന നിലപാടിലാണ് ഇറാൻ. ഇറാൻ തുറമുഖങ്ങൾക്കും കയറ്റുമതിക്കും മേൽ ഏർപ്പെടുത്തിയിരിക്കുന്ന നാവിക ഉപരോധം തുടരുമെന്ന് യുഎസ് വ്യക്തമാക്കിയിട്ടുണ്ട്. ഈ ഉപരോധം പിൻവലിക്കാതെ ചർച്ചകൾക്ക് പ്രസക്തിയില്ലെന്നാണ് ഇറാന്റെ പക്ഷം.

അതിനാൽ ഇന്ന് (ഏപ്രിൽ 21) സമാധാന ചർച്ചകൾ നടക്കുമോ എന്ന കാര്യത്തിൽ വലിയ അനിശ്ചിതത്വം നിലനിൽക്കുന്നു. പാക്കിസ്ഥാനിലെ ഇസ്‌ലാമാബാദിൽ ചർച്ചകൾക്കായി യുഎസ് പ്രതിനിധി സംഘം എത്തിയെങ്കിലും ഇറാൻ ഇതിനോട് ഇതുവരെ ഔദ്യോഗികമായി സഹകരിച്ചിട്ടില്ല. രണ്ടാഴ്ചത്തെ വെടിനിർത്തൽ നാളെ (ബുധനാഴ്ച) അവസാനിക്കാനിരിക്കെ, ഇന്നത്തെ ചർച്ചകൾ നിർണ്ണായകമാണ്. ഈ കാലാവധി നീട്ടാൻ സാധ്യത കുറവാണെന്ന് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. ചർച്ചകൾ നടന്നില്ലെങ്കിൽ യുദ്ധം വീണ്ടും ശക്തമാകാൻ സാധ്യതയുണ്ടെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

പശ്ചിമേഷ്യയിൽ അതീവ നിർണ്ണായകമായ സാഹചര്യമാണ് നിലനിൽക്കുന്നത്. ഉപരോധം ലംഘിച്ചു എന്നാരോപിച്ച് ഇറാനിയൻ കപ്പലായ ‘ടൗസ്ക’ (Touska) യുഎസ് സൈന്യം പിടിച്ചെടുത്തത് സംഘർഷം വർദ്ധിപ്പിച്ചു. ചർച്ചകൾക്ക് മുമ്പ് ഇറാന്റെ തുറമുഖ ഉപരോധം പിൻവലിക്കില്ലെന്ന നിലപാടിലാണ് ട്രംപ്. ലെബനനുമായി കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ച 10 ദിവസത്തെ വെടിനിർത്തൽ നിലവിലുണ്ടെങ്കിലും ദക്ഷിണ ലെബനനിൽ ഇപ്പോഴും ഏറ്റുമുട്ടലുകൾ നടക്കുന്നുണ്ട്. ഹിസ്ബുള്ളയുമായി ബന്ധമുള്ള ഭീകരരെ വധിച്ചതായി ഇസ്രായേൽ അവകാശപ്പെട്ടു. അതേസമയം, ലെബനനുമായുള്ള രണ്ടാം ഘട്ട ചർച്ചകൾ ഈ വ്യാഴാഴ്ച വാഷിംഗ്ടണിൽ നടന്നേക്കും.

ഹോർമുസിൽ ഇറാൻ്റെ കപ്പൽ കസ്റ്റഡിയിലെടുത്ത് യുഎസ്; യുദ്ധം അവസാനിച്ചിട്ടില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി.

Send your news and Advertisements

You may also like

error: Content is protected !!