Monday, April 20, 2026
Home » ഹോർമുസിൽ ഇറാൻ്റെ കപ്പൽ കസ്റ്റഡിയിലെടുത്ത് യുഎസ്; യുദ്ധം അവസാനിച്ചിട്ടില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി.

ഹോർമുസിൽ ഇറാൻ്റെ കപ്പൽ കസ്റ്റഡിയിലെടുത്ത് യുഎസ്; യുദ്ധം അവസാനിച്ചിട്ടില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി.

by Editor
Send your news and Advertisements

ഹോർമുസ് കടലിടുക്കിൽ ഇറാൻ്റെ ചരക്ക് കപ്പൽ ആക്രമിച്ച ശേഷം യുഎസ് സൈന്യം കസ്റ്റഡിയിലെടുത്തു. അമേരിക്കയുടേത് വെടിനിർത്തൽ കരാറിൻ്റെ ലംഘനമെന്ന് പ്രതികരിച്ച ഇറാൻ തിരിച്ചടിക്കുമെന്നും പറഞ്ഞു. ഹോർമുസ് കടലിടുക്കിലെ പുതിയ സംഭവവികാസങ്ങൾ യുഎസും ഇറാനും തമ്മിലുള്ള സംഘർഷം യുദ്ധസമാനമായ സാഹചര്യത്തിലേക്ക് എത്തിച്ചിരിക്കുകയാണ്. സമാധാന ചർച്ചയ്ക്ക് ഇല്ലെന്ന് ഇറാൻ നിലപാടെടുത്തതായി ഇറാനിലെ ഔദ്യോഗിക മാധ്യമം റിപ്പോർട്ട് ചെയ്യുന്നുണ്ട്.

ഹോർമുസ് കടലിടുക്ക് മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇറാൻ്റെ ചരക്ക് കപ്പൽ യുഎസ് ആക്രമിച്ചതും പിന്നീട് കസ്റ്റഡിയിലെടുത്തതും. ഹോർമുസ് കടലിടുക്കിൽ യുഎസ് ഏർപ്പെടുത്തിയ ഉപരോധം മറികടക്കാൻ ശ്രമിച്ച ഇറാനിയൻ പതാകയേന്തിയ കപ്പൽ തടഞ്ഞെന്ന് യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. “യുഎസ് നാവിക കപ്പലായ യുഎസ്എസ് സ്പ്രൺസ്, ടൗസ്‌ക എന്ന കപ്പലിനെ തടഞ്ഞു. ആദ്യം അവർക്ക് മുന്നറിയിപ്പ് നൽകി. എന്നാൽ ഇറാനിയൻ സംഘം അത് കേൾക്കാൻ തയാറായില്ല. പിന്നാലെ ഞങ്ങളുടെ നാവിക കപ്പൽ അവരുടെ കപ്പൽ തടഞ്ഞു. കപ്പലിൻ്റെ പൂർണ അവകാശം ഞങ്ങൾക്കാണ്. അതിൽ എന്താണ് എന്ന് പരിശോധിക്കുകയാണ്“- ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.

അതേസമയം ബുധനാഴ്‌ചയ്ക്കകം കരാർ ആയില്ലെങ്കിൽ വെടിനിർത്തൽ അവസാനിപ്പിക്കുമെന്ന്  ട്രംപ് മുന്നറിയിപ്പ് ആവർത്തിച്ചു. എന്നാൽ പരാജയപ്പെടാൻ സാധ്യതയുള്ള ഒരു ചർച്ചയ്ക്കും തിരക്കിട്ട് ഒരുങ്ങേണ്ടതില്ലെന്നാണ് ഇറാൻ്റെ നിലപാട്. കാരണം ചർച്ചകൾ പരാജയപ്പെടുന്നത് സംഘർഷം കൂടുതൽ വഷളാക്കാൻ മാത്രമേ സഹായിക്കൂവെന്ന് ഇറാൻ കരുതുന്നു. ഇറാന്റെ ആണവ പരിപാടിയും യുറേനിയം സമ്പുഷ്‌ടീകരണവുമാണ് പ്രധാന തർക്ക വിഷയങ്ങൾ. ഇക്കാര്യത്തിൽ അന്താരാഷ്ട്ര നിയമങ്ങൾക്ക് പുറത്തുള്ള ഒരു നിബന്ധനയും തങ്ങൾ അംഗീകരിക്കില്ലെന്ന് ഇറാൻ ഉപവിദേശകാര്യ മന്ത്രിയായ സയീദ് ഖത്തീബ്സാദെ വ്യക്തമാക്കി. അമേരിക്ക വാക്കു പാലിക്കാതെ വെടിനിർത്തൽ ലംഘിക്കാനാണ് പോകുന്നതെങ്കിൽ അതിന്റെ പ്രത്യാഘാതം അവർ നേരിടേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

ഇസ്ലമാബാദിൽ നടക്കാനിരിക്കുന്ന ഇറാൻ-അമേരിക്ക രണ്ടാം ഘട്ട നയതന്ത്ര ചർച്ച ഇതോടെ അനിശ്ചിതത്വത്തിലായി. ഇസ്ലമാബാദിലേക്ക് പോകുന്ന തൻ്റെ പ്രതിനിധി സംഘത്തിനൊപ്പം വൈസ് പ്രസിഡൻ്റ് ജെ.ഡി വാൻസ് ഇല്ലെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. വാൻസ് ചർച്ചകൾക്ക് നേതൃത്വം നൽകുമെന്ന് നേരത്തെ യുഎന്നിലെ യു.എസ് പ്രതിനിധി മൈക്ക് വാൾട്ട്സും ഊർജ്ജ സെക്രട്ടറി ക്രിസ് റൈറ്റും സൂചിപ്പിച്ചിരുന്നു. സുരക്ഷാ കാരണങ്ങളെ തുടർന്നാണ് ട്രംപ് തീരുമാനം മാറ്റിയതെന്നാണ് സൂചന. വാൻസ് മികച്ച രീതിയിൽ പ്രവർത്തിക്കുന്നുണ്ടെങ്കിലും അദ്ദേഹത്തെ പാക്കിസ്ഥാനിലേക്ക് അയക്കാൻ നിലവിലെ സുരക്ഷാ സാഹചര്യം അനുവദിക്കുന്നില്ലെന്ന് ട്രംപിനെ ഉദ്ധരിച്ച് എബിസി ന്യൂസ് റിപ്പോർട്ട് ചെയ്തു. ഇതിനിടെ ഇസ്ലമാബാദിലേക്ക് പ്രതിനിധി സംഘത്തെ അയക്കുന്ന കാര്യത്തിൽ ഇതുവരെ തീരുമാനം എടുത്തിട്ടില്ലെന്ന് ഇറാനും വ്യക്തമാക്കി. നാവിക ഉപരോധം നിലനിൽക്കുന്നിടത്തോളം കാലം പാക്കിസ്ഥാനിലേക്ക് ചർച്ചകൾക്കായി പ്രതിനിധി സംഘത്തെ അയക്കില്ലെന്ന നിലപാടിലാണ് ഇറാൻ.

അതേസമയം ഇറാനുമായുള്ള യുദ്ധം അവസാനിച്ചിട്ടില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. തൻ്റെ രാജ്യവും യുഎസും ക്രൂരതയ്ക്കെതിരെയുള്ള പോരാട്ടത്തിലാണെന്ന് ഇറാനെ ലക്ഷ്യമിട്ട് നെതന്യാഹു പറഞ്ഞു പറഞ്ഞു. “ലോകത്തെ ഭീകരതയിലാഴ്ത്തുന്ന, നമ്മുടെ നാശം ആഗ്രഹിക്കുന്ന, യുഎസിനെ തകർക്കാൻ ശ്രമിക്കുന്ന, പാശ്ചാത്യ നാഗരികതയെ തകർക്കാൻ ശ്രമിക്കുന്ന ഇറാൻ എന്ന വലിയ ഏകാധിപത്യത്തിനെതിരെ യുഎസുമായി ചേർന്ന് ഞങ്ങൾ പോരാടുകയാണ്. നമ്മൾ വലിയ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. ഇത് അവസാനിച്ചിട്ടില്ല. ഏത് നിമിഷവും നമുക്ക് പുതിയ മുന്നേറ്റങ്ങൾ ഉണ്ടാകാം“- നെതന്യാഹു പറഞ്ഞു.

പാക് സംയുക്ത സൈനിക മേധാവി അസിം മുനീർ ട്രംപ് ഭരണകൂടത്തിന് ബാധ്യതയാകാൻ സാധ്യതയുണ്ടെന്നു മുന്നറിയിപ്പ്

You may also like

error: Content is protected !!