Thursday, June 11, 2026
Home » സ്വയംഭരണം പ്രഖ്യാപിച്ച സൊമാലിലാന്റിലേക്ക് നയതന്ത്ര പ്രതിനിധി; ഇസ്രയേൽ നടപടിയിൽ പ്രതിഷേധവുമായി അറബ്-മുസ്ലിം രാജ്യങ്ങൾ.
സൊമാലിലാ‍ൻഡിന് ഇസ്രയേൽ അംഗീകാരം; നടപടിയെ വിമർശിച്ച് സൊമാലിയയും, തുർക്കിയും, ഖത്തറും.

സ്വയംഭരണം പ്രഖ്യാപിച്ച സൊമാലിലാന്റിലേക്ക് നയതന്ത്ര പ്രതിനിധി; ഇസ്രയേൽ നടപടിയിൽ പ്രതിഷേധവുമായി അറബ്-മുസ്ലിം രാജ്യങ്ങൾ.

by Editor

സൊമാലിയയിൽ നിന്നും വേർപെട്ട് സ്വയം സ്വയംഭരണം പ്രഖ്യാപിച്ച സൊമാലിലാന്റിലേക്ക് (Somaliland) നയതന്ത്ര പ്രതിനിധിയെ അയക്കാനുള്ള ഇസ്രായേലിന്റെ തീരുമാനത്തിനെതിരെ സൗദി അറേബ്യയും പാക്കിസ്ഥാനും ഉൾപ്പെടെയുള്ള അറബ്-മുസ്ലിം രാജ്യങ്ങൾ കടുത്ത പ്രതിഷേധവുമായി രംഗത്തെത്തി. ഒമാൻ, കുവൈറ്റ്, സൗദി അറേബ്യ, ഈജിപ്ത്, സൊമാലിയ, സുഡാൻ, ലിബിയ, ബംഗ്ലാദേശ്, അൾജീരിയ, തുർക്കി, ഇന്തോനേഷ്യ, പാകിസ്ഥാൻ, മൗറിട്ടേനിയ, ജോർദാൻ, ഫലസ്തീൻ അതോറിറ്റി എന്നീ രാജ്യങ്ങളാണ് ഇസ്രായേലിന്റെ നീക്കത്തിനെതിരെ സംയുക്ത പ്രസ്താവനയിൽ ഒപ്പിട്ടത്.

ഇസ്രായേലിന്റെ ഈ നീക്കം സൊമാലിയയുടെ പരമാധികാരത്തിനും പ്രാദേശിക അഖണ്ഡതയ്ക്കും മേലുള്ള കടന്നുകയറ്റമാണെന്ന് ഈ രാജ്യങ്ങൾ ആരോപിക്കുന്നു. ഇത് അന്താരാഷ്ട്ര നിയമങ്ങളുടെയും യുഎൻ ചാർട്ടറിന്റെയും ലംഘനമാണെന്നും അവർ ചൂണ്ടിക്കാട്ടി. ആഫ്രിക്കൻ മുനമ്പ് (Horn of Africa) മേഖലയിലെ സമാധാനത്തിനും സുരക്ഷിതത്വത്തിനും ഇസ്രായേലിന്റെ ഈ നടപടി ഭീഷണിയാണെന്നും ഭിന്നതകൾക്ക് ഇത് കാരണമാകുമെന്നും പ്രതിഷേധിച്ച രാജ്യങ്ങൾ മുന്നറിയിപ്പ് നൽകി.

അതേസമയം തങ്ങൾക്കെതിരെയുള്ള മുസ്ലിം രാജ്യങ്ങളുടെ നിലപാടിനെ ‘ഇരട്ടത്താപ്പ്’ എന്ന് വിളിച്ചാണ് സൊമാലിലാന്റ് പ്രതിരോധിക്കുന്നത്. മറ്റ് രാജ്യങ്ങൾ ഇസ്രായേലുമായി നയതന്ത്രബന്ധം സ്ഥാപിക്കുമ്പോൾ (ഉദാഹരണത്തിന് അബ്രഹാം ഉടമ്പടി വഴി യുഎഇ, ബഹ്‌റൈൻ തുടങ്ങിയവർ) അത് അവരുടെ പരമാധികാരമായി കണക്കാക്കുന്നു. എന്നാൽ സൊമാലിലാന്റ് ഇസ്രായേലുമായി സഹകരിക്കുമ്പോൾ മാത്രം അതിനെ എതിർക്കുന്നത് ഇരട്ടത്താപ്പാണെന്ന് അവർ ആരോപിക്കുന്നു. 1991 മുതൽ സൊമാലിലാന്റ് ഒരു സ്വതന്ത്ര രാഷ്ട്രമായിട്ടാണ് പ്രവർത്തിക്കുന്നത്. സ്വന്തമായി ഭരണഘടനയും തെരഞ്ഞെടുക്കപ്പെട്ട സർക്കാരും സൈന്യവും തങ്ങൾക്കുണ്ടെന്നും, എന്നിട്ടും ഒരു സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കാത്തത് നീതിയല്ലെന്നും അവർ വാദിക്കുന്നു.

അന്താരാഷ്ട്ര നിയമമനുസരിച്ച് ഒരു രാജ്യത്തിന് മറ്റ് രാജ്യങ്ങളുമായി ബന്ധം സ്ഥാപിക്കാൻ അവകാശമുണ്ടെന്നും, ഇസ്രായേലുമായുള്ള ബന്ധം തങ്ങളുടെ ആഭ്യന്തര കാര്യമാണെന്നും സൊമാലിലാന്റ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. “എന്തുകൊണ്ടാണ് നിങ്ങൾ അൽ-ഷബാബിനെയോ ഐസിസിനെയോ താലിബാനെയോ അപലപിക്കാത്തത്? ഹിസ്ബുള്ളയെയും ഇറാന്റെ ഭീകര ഗ്രൂപ്പുകളെയും കുറിച്ച് എന്താണ് പറയാനുള്ളത്? എന്ന് സൊമാലിലാൻഡ് ചോദിച്ചു. ഇസ്രായേലിനോടുള്ള വെറുപ്പും, ഒരു മുസ്ലിം രാഷ്ട്രമായ സൊമാലിലാന്റ് സ്വതന്ത്രമാകുന്നത് തടയാനുള്ള ആഗ്രഹവുമാണ് ഈ പ്രതിഷേധത്തിന് പിന്നിൽ എന്നും സൊമാലിലാന്റ് കുറ്റപ്പെടുത്തി. ഹോൺ ഓഫ് ആഫ്രിക്ക മേഖലയിലെ ഏക ജനാധിപത്യ-സമാധാന രാഷ്ട്രം തങ്ങളാണെന്നും ഇസ്രായേൽ ആ സത്യം തിരിച്ചറിഞ്ഞ് സഹകരിക്കുകയാണെന്നും അവർ പറഞ്ഞു.

1960-ൽ ബ്രിട്ടീഷുകാരിൽ നിന്ന് സ്വാതന്ത്ര്യം നേടിയ സൊമാലിലാന്റ്, പിന്നീട് സൊമാലിയയുമായി ലയിച്ചെങ്കിലും 1991-ൽ ആ ബന്ധം വേർപെടുത്തി സ്വയം പരമാധികാരം പ്രഖ്യാപിച്ച രാജ്യമാണ്. എന്നാൽ അന്താരാഷ്ട്ര തലത്തിൽ ഇപ്പോഴും ഒരു സ്വതന്ത്ര രാഷ്ട്രമായി സൊമാലിലാന്റിനെ പൂർണ്ണമായി അംഗീകരിച്ചിട്ടില്ല. ഇസ്രായേലിന്റെ നയതന്ത്ര നീക്കം സൊമാലിലാന്റിന് അന്താരാഷ്ട്ര അംഗീകാരം ലഭിക്കുന്നതിലേക്കുള്ള നിർണ്ണായക ചുവടുവെപ്പായാണ് കരുതപ്പെടുന്നത്.

Send your news and Advertisements

You may also like

error: Content is protected !!