Thursday, June 11, 2026
Home » ലഗേജിൽ സാറ്റലൈറ്റ് ഫോൺ; യുഎസ് പൗരൻ ശ്രീനഗറിൽ അറസ്റ്റിൽ.
ലഗേജിൽ സാറ്റലൈറ്റ് ഫോൺ; യുഎസ് പൗരൻ ശ്രീനഗറിൽ അറസ്റ്റിൽ.

ലഗേജിൽ സാറ്റലൈറ്റ് ഫോൺ; യുഎസ് പൗരൻ ശ്രീനഗറിൽ അറസ്റ്റിൽ.

by Editor

ശ്രീനഗർ: ശ്രീനഗർ വിമാനത്താവളത്തിൽ സാറ്റലൈറ്റ് ഫോണുമായി എത്തിയ അമേരിക്കൻ പൗരനെയും ഒപ്പമുണ്ടായിരുന്ന കൊൽക്കത്ത സ്വദേശിയെയും സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. ജെഫ്രി സ്കോട്ട് പ്രഥർ എന്ന അമേരിക്കൻ പൗരനേയും ഹൽദാർ കൗശിക് എന്ന കൊൽക്കത്ത സ്വദേശിയേയുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കൊൽക്കത്ത സ്വദേശിയോടൊപ്പമാണ് ജെഫ്രി സ്കോട്ട് പ്രഥർ യാത്ര ചെയ്‌തിരുന്നതെന്ന്‌ സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു.

ഇന്ത്യയിൽ, പ്രത്യേകിച്ച് കശ്മീർ പോലുള്ള അതീവ സുരക്ഷാ മേഖലകളിൽ സാറ്റലൈറ്റ് ഫോണുകൾക്ക് കർശന നിയന്ത്രണമുണ്ട്. അതുകൊണ്ട് തന്നെ ഫോൺ കണ്ടെത്തിയത് ഉടനടി സുരക്ഷാ മുന്നറിയിപ്പിന് കാരണമായി. ഈ ഉപകരണം കൈവശം വെക്കാൻ മുൻകൂർ അനുമതിയുണ്ടോ എന്നറിയാൻ ഇവരെ പ്രാദേശിക പൊലീസും രഹസ്യാന്വേഷണ ഏജൻസികളും ചോദ്യം ചെയ്യുകയാണ്. ഇവർ കശ്മീർ താഴ്‌വരയിൽ എവിടെയൊക്കെ യാത്ര ചെയ്തു എന്നും അധികൃതർ പരിശോധിക്കുന്നുണ്ട്.

മുൻകൂട്ടി അനുമതി വാങ്ങാതെ സാറ്റലൈറ്റ് ഫോണുകൾ ഉപയോഗിക്കുന്നത് ഇന്ത്യയിൽ നിരോധിച്ചിട്ടുണ്ട്. ഇത്തരം ഉപകരണങ്ങൾ കൈവശം വയ്ക്കാനോ ഉപയോഗിക്കാനോ ടെലികമ്യൂണിക്കേഷൻ വകുപ്പിൻ്റെ രേഖാമൂലമുള്ള അനുമതി വേണം. ചില സാറ്റലൈറ്റ് ഫോണുകൾക്ക് രാജ്യത്ത് കർശനമായ നിയന്ത്രണങ്ങളുണ്ട്. അനുമതിയില്ലാതെ ഇവ കൈവശം വയ്ക്കുന്നത് ഇന്ത്യൻ ടെലിഗ്രാഫ് ആക്‌ട് പ്രകാരം കുറ്റകരമാണ്. മുൻപും വിദേശ പൗരന്മാർക്കും ഇന്ത്യക്കാർക്കുമെതിരെ സമാനമായ നടപടികൾ ഉണ്ടായിട്ടുണ്ട്.

ഇന്ത്യയിലെ ഈ കർശന നിയമങ്ങളെക്കുറിച്ച് അമേരിക്കയും ബ്രിട്ടനും തങ്ങളുടെ പൗരന്മാർക്ക് യാത്രാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സാറ്റലൈറ്റ് ഫോണുകളോ ജിപിഎസ് ഉപകരണങ്ങളോ അനുമതിയില്ലാതെ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നത് 2 കോടി രൂപ വരെ പിഴ ലഭിക്കുന്നതിനോ ഉപകരണം കണ്ടുകെട്ടുന്നതിനോ അറസ്‌റ്റിലാകുന്നതിനോ കാരണമാകുമെന്ന് മുന്നറിയിപ്പുകളിൽ പറയുന്നു.

Send your news and Advertisements

You may also like

error: Content is protected !!