പാലക്കാട് ജില്ലയിൽ കടുത്ത ചൂട് തുടരുന്ന പശ്ചാത്തലത്തിൽ, വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നേരിട്ടുള്ള ക്ലാസുകൾ താൽക്കാലികമായി നിർത്തിവെക്കാനും ഓൺലൈൻ ക്ലാസുകൾ ആരംഭിക്കാനും ജില്ലാ കളക്ടർ നിർദ്ദേശം നൽകി. സ്കൂളുകൾ, പ്രൊഫഷണൽ/ടെക്നിക്കൽ ഉൾപ്പെടെയുള്ള കോളജുകൾ, കോച്ചിങ് സെന്ററുകൾ തുടങ്ങി എല്ലാ വിദ്യഭ്യാസ സ്ഥാപനങ്ങളിലെയും ഫിസിക്കൽ ക്ലാസുകൾ ഇന്ന് (ഏപ്രിൽ 20) മുതൽ താൽക്കാലികമായി നിർത്തിവെക്കാനാണ് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപഴ്സൻ കൂടിയായ ജില്ലാ കലക്ടർ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
നിലവില്‍ ജില്ലയിലെ താപനില 40.1° സെൽഷ്യസ് ആണ്. ഉയർന്ന അൾട്രാ വയലറ്റ് (യുവി) ഇൻഡക്‌സ്, സൂര്യാതപം, സൂര്യാഘാതം, ഡീഹൈഡ്രേഷൻ എന്നിവയ്ക്ക് സാധ്യതയുമുണ്ട്. ഈ സാഹചര്യത്തിൽ ക്ലാസ് മുറികളിലെ താപനില, വെൻ്റിലേഷൻ സൗകര്യങ്ങളുടെ അഭാവം, താപനില കുറയാനുള്ള സാധ്യത കുറവ് എന്നിവ പരിഗണിച്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. തുടർച്ചയായ രണ്ട് ദിവസങ്ങളിൽ താപനില 37° സെൽഷ്യസോ അതിൽ താഴെയോ രേഖപ്പെടുത്തിയാൽ മാത്രമേ ഉത്തരവ് പിൻവലിക്കയുള്ളു എന്നും കലക്ടർ അറിയിച്ചു.
ഗൂഗിൾ ക്ലാസ് റൂം, മൈക്രോസോഫ്റ്റ് ടീംസ്, സൂം തുടങ്ങിയ യൂണിവേഴ്‌സിറ്റി /ബോർഡുകൾ അംഗീകരിച്ച പ്ലാറ്റ്ഫോമുകളിലൂടെ ക്ലാസുകൾ, പരീക്ഷകൾ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ നടത്താവുന്നതാണ്. ഓൺലൈനിലൂടെ മാത്രം ക്ലാസുകളും ഹാജറും തുടരണമെന്നും അതുവഴി ഒരു വിദ്യാർഥിക്കും അക്കാദമിക് തലത്തിൽ നഷ്‌ടങ്ങൾ ഉണ്ടാകരുതെന്നും ഉത്തരവിൽ പറയുന്നു.
ഇതിനകം നിശ്ചയിച്ച പരീക്ഷകളും പ്രാക്ടിക്കൽ ക്ലാസുകളും മിതമായ താപനിലയിൽ, കുടിവെള്ളം, ORS ലായനി എന്നിവ ഉറപ്പാക്കി കൊണ്ട് നടത്താം. ഒഴിച്ചുകൂടാൻ പറ്റാത്തതും ഓൺലൈനായി സാധ്യമാകാത്തതുമായ ലാബോറട്ടറി, ക്ലിനിക്കൽ, പ്രാക്ടിക്കൽ പരീക്ഷകൾ ചെറിയ ബാച്ചുകളായി രണ്ട് മണിക്കൂറിൽ കൂടാത്ത സമയ പരിധിക്കുള്ളിൽ മതിയായ വെന്റിലേഷനോടെയും മിതമായ താപനിലയും ഉറപ്പാക്കി കൊണ്ട് നടത്താവുന്നതാണ്.
രാവിലെ 10 മുതൽ വൈകീട്ട് 4 വരെ പുറത്തിറങ്ങുന്നത് ഒഴിവാക്കണം. മതിയായ അളവിൽ വെള്ളം കുടിക്കണം. ഹോസ്റ്റലുകളിലും റെസിഡൻഷ്യൽ സ്ഥാപനങ്ങളിലും ആവശ്യമായ ശുദ്ധജല ലഭ്യത, ശീതീകരണ സംവിധാനങ്ങൾ, മെഡിക്കൽ സഹായം ഉറപ്പാക്കണം. ഉത്തരവിൻ്റെ ലംഘനം ശ്രദ്ധയിൽപ്പെട്ടാൽ ഡിസ്ട്രിക്റ്റ് എമർജൻസി ഓപ്പറേഷൻ സെൻറർ ഹെൽപ്പ് ലൈൻ നമ്പറായ 1077 എന്നതിൽ ബന്ധപ്പെടാവുന്നതാണ്. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ Disaster Management Act, 2005 പ്രകാരം നടപടി സ്വീകരിക്കുമെന്നും ഉത്തരവ് വ്യക്തമാക്കുന്നു.

