Wednesday, June 10, 2026
Home » തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട് പിവി അൻവര്‍, പുതിയ പാര്‍ട്ടി രൂപീകരിക്കും
പി വി അന്‍വര്‍

തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട് പിവി അൻവര്‍, പുതിയ പാര്‍ട്ടി രൂപീകരിക്കും

by Editor

കൊച്ചി: പിവി അൻവര്‍ തൃണമൂല്‍ കോണ്‍ഗ്രസ് വിട്ടു. പാര്‍ട്ടിയുടെ സംസ്ഥാന കണ്‍വീനര്‍ സ്ഥാനം രാജിവെച്ചെന്ന് പിവി അൻവര്‍ കൊച്ചിയിൽ വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു. മെയ് 15-നുള്ളിൽ പുതിയ സംസ്ഥാന പാര്‍ട്ടിക്ക് രൂപം നൽകുമെന്നും തൃണമൂൽ കോണ്‍ഗ്രസുമായി ഇനി ഒരു ബന്ധവുമില്ലെന്നും അൻവര്‍ പറഞ്ഞു. കോഴിക്കോട് ബേപ്പൂരിൽ യുഡിഎഫ് സ്വതന്ത്രനായി പിവി അൻവര്‍ ഈ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നു.

തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ ദേശീയ നേതൃത്വത്തിൽ നിന്ന് തനിക്ക് യാതൊരു പിന്തുണയും ലഭിച്ചില്ലെന്നും കോണ്‍ഗ്രസുമായുള്ള സഹകരണം ടിഎംസി അംഗീകരിക്കുന്നില്ലെന്നും അൻവര്‍ പറഞ്ഞു. ബേപ്പൂരിൽ മത്സരിക്കുമ്പോള്‍ അടക്കം പാര്‍ട്ടിയുടെ പിന്തുണയുണ്ടായില്ല. കോണ്‍ഗ്രസുമായി സഹകരിക്കുന്നത് പശ്ചിമ ബംഗാളിലെ രാഷ്ട്രീയത്തിന് ബുദ്ധിമുട്ടാകുമെന്നാണ് അവര്‍ അറിയിച്ചത്. എന്നാൽ, അത് കേരളത്തിൽ നടക്കില്ലെന്നും ഇപ്പോഴത്തെ ദേശീയ രാഷ്ട്രീയത്തിലും കോണ്‍ഗ്രസിനെ പിന്തുണക്കേണ്ട സാഹചര്യം അറിയിച്ചെങ്കിലും അനുകൂല നിലപാട് ഉണ്ടായില്ല. ഈ സാഹചര്യത്തിലാണ് താൻ പാര്‍ട്ടി വിടാൻ തീരുമാനിച്ചതെന്നും അൻവര്‍ പറഞ്ഞു.

2024-ൽ ‘ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള’ (DMK) എന്ന പാർട്ടി രൂപീകരിച്ച അൻവർ പിന്നീട് അത് തൃണമൂൽ കോൺഗ്രസിൽ ലയിപ്പിച്ചിരുന്നു. എന്നാൽ തൃണമൂൽ കോൺഗ്രസ് സംസ്ഥാന നേതൃത്വവുമായി അഭിപ്രായ വ്യത്യാസങ്ങൾ നിലനിന്നിരുന്നു. സി.പി.എമ്മിൽ നിന്ന് പുറത്തുപോയ നേതാക്കളുടെ ഒരു കൂട്ടായ്മ രൂപീകരിക്കാനാണ് അദ്ദേഹം ലക്ഷ്യമിടുന്നത് എന്നാണ് സൂചന. സംസ്ഥാനത്തിന് ഉപകാരപ്രദമാകുന്ന രീതിയില്‍ മതേതര – ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ഒരു സംസ്ഥാന പാര്‍ട്ടിക്ക് രൂപം നല്‍കാനും, ദേശീയതലത്തില്‍ രാഹുല്‍ ഗാന്ധിയും, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസും ഉയര്‍ത്തിപ്പിടിക്കുന്ന രാഷ്ട്രീയത്തോട് സമരസപ്പെടുന്ന ആശയ ഘടനയുള്ള പുതിയ സംവിധാനം മെയ് രണ്ടാം വാരത്തോടുകൂടി പ്രഖ്യാപിച്ച് പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകാനും മുഴുവന്‍ ജില്ലാ കമ്മിറ്റികളുടെയും പിന്തുണയോടെ തീരുമാനിച്ച വിവരം അറിയിക്കുന്നു എന്നാണ് അൻവർ പറഞ്ഞത്.

 

Send your news and Advertisements

You may also like

error: Content is protected !!