Saturday, April 25, 2026
Home » മലയാള സിനിമയിലെ ‘സംസാരിക്കുന്ന ആദ്യ നായിക’ എം.കെ. കമലം
മലയാള സിനിമയിലെ 'സംസാരിക്കുന്ന ആദ്യ നായിക' എം.കെ. കമലം

മലയാള സിനിമയിലെ ‘സംസാരിക്കുന്ന ആദ്യ നായിക’ എം.കെ. കമലം

ആർ. ഗോപാലകൃഷ്ണൻ

by Editor
Send your news and Advertisements

മലയാളത്തിലെ ആദ്യ ശബ്ദചലച്ചിത്രമായ ‘ബാലനി’ലെ നായികയായിരുന്നു ‘എം.കെ. കമലം‘ എന്ന ‘കുമരകം കമലം’. കോട്ടയം ജില്ലയിലെ കുമരകം മങ്ങാട്ടുവീട്ടിൽ കൊച്ചപ്പപ്പണിക്കരുടെയും കാർത്ത്യായനിയുടെയും മകളായി 1923-ൽ ജനിച്ചു. നാടക നടനും, നാടകകൃത്തുമായ അച്ഛന്റെ നാടകത്തിൽ നടിക്കാൻ മറ്റൊരു ബാലതാരത്തെ കിട്ടാനില്ലാത്തതിനെത്തുടർന്നാണ്‌ കമലം നാടക രംഗത്ത് എത്തിച്ചേരുന്നത്. ‘അല്ലിറാണി‘ എന്ന നാടകത്തിലാണ്‌ ആദ്യമായി അഭിനയിച്ചത്. തുടർന്ന് ‘സത്യവാൻ സാവിത്രി’, ‘പാരിജാത പുഷ്പാഹരണം’, ‘ഗായകൻ’ തുടങ്ങിയ നാടകങ്ങളിൽ അഭിനയിച്ചു.

കോട്ടയത്തെ ‘ആര്യ ഗാനനടനസഭ’യുടെ ‘വിചിത്ര വിജയം‘ നാടകത്തിൽ അഭിനയിച്ചു വരുമ്പോഴാണ് ‘ബാലനി’ൽ അഭിനയിക്കാൻ അവസരം കിട്ടുന്നത്. ബാലനിലെ മൂന്നു ഗാനങ്ങൾ പാടിയതും കമലമായിരുന്നു. ആദ്യഗാനം “ജഗദീശ്വര ജയജയ…” എന്നതായിരുന്നു.

ഇന്ത്യൻ സിനിമ ശബ്ദിച്ചു തുടങ്ങി ഏഴു വര്‍ഷം കഴിഞ്ഞ്, മലയാളത്തിലെ (കേരളത്തിലെ കഥ ചിത്രീകരിക്കുന്ന) മൂന്നാമത്തേതും, മലയാളം ‘സംസാരിക്കുന്ന ആദ്യത്തേതുമായ‘ സിനിമ വരുന്നത് 1938-ലാണത്. ‘ബാലൻ‍‘: അതു ചരിത്രമായി മാറി.

പാട്ടുകൾ “പിന്നണി പാടുക” എന്നത് അക്കാലത്തു സാധ്യതമല്ലാതിരുന്നതിനാൽ ‘ചെഞ്ചുരുട്ടി‘ രാഗത്തിൽ ചിട്ടപ്പെടുത്തിയിട്ടുള്ളതും, ഈ ചിത്രത്തിലെ നായിക കൂടിയായ എം.കെ. കമലം തന്നെ ആലപിച്ചതുമായ, “ജാതകദോഷത്താലേ…” എന്ന ഗാനമായിരുന്നു ഏറ്റവും ജനപ്രീതി ആകർഷിച്ചത്. ആദ്യത്തെ മലയാള സിനിമാ ഗാനവും ഇതു തന്നെ…..

(‘നിർമ്മല’ സിനിമയിലെ “ചേട്ടൻ വരുന്ന ദിനമേ ….” പിന്നണി റെക്കാർഡു ചെയ്യപ്പെട്ട ആദ്യ പിന്നണിഗാനം.)

തുടർന്ന്, ‘ഭൂതരായർ’ (തൃശൂരിലെ അപ്പൻ തമ്പുരാൻ എഴുതി നിർമ്മിച്ചത്) എന്ന ഒരു ചലച്ചിത്രത്തിൽ അഭിനയിച്ചെങ്കിലും അതു പൂർത്തിയായില്ല; പുറത്തിറങ്ങിയതുമില്ല.

മുന്നൂറ് രൂപയായിരുന്നു, ‘ബാലനി‘ൽ‍ അഭിനയിച്ചതിന് എം.കെ. കമലത്തിന് ലഭിച്ച പ്രതിഫലം. ‘ജ്ഞാനാംബിക‘യിൽ അഭിനയിക്കുവാർ കമലത്തിന് രണ്ടായിരം രൂപ കിട്ടിയെ പറ്റൂ എന്ന് അവരുടെ പിതാവ് കൊച്ചുപിള്ളയാശാൻ‍ ശഠിച്ചുപോലും! (ഇപ്രകാരം രേഖപ്പെടുത്തുന്ന ചേലങ്ങാട്ട് ഗോപാലകൃഷ്ണൻ തന്നെ, ‘ജ്ഞാനാംബിക‘യെക്കുറിച്ചുള്ള മറ്റൊരു കുറിപ്പിൽ കമലത്തിന് പകരം നായികയായി അഭിനയിച്ച ‘സി. കെ. രാജ‘ത്തിന് നൽകിയ ‘നിസ്സാരമായ‘ പ്രതിഫലം മൂവായിരം രൂപയായിരുന്നു എന്ന് എഴുതിക്കണ്ടു!)

കമലത്തിന് സിനിമാ അഭിനയത്തിനു മുമ്പ് ചില നാടകങ്ങളിൽ അഭിനയിച്ചിരുവെങ്കിലും അതിവിപുലമായ എന്തെങ്കിലും ‘നാടകപ്പെരുമ’യൊന്നും അവകാശപ്പെടാൻ ഇല്ലായിരുന്നു; ‘ബാലനി’ൽ അഭിനയിച്ചതിൻ്റെ ക്രെഡിറ്റാണ് ആകെ അവർക്ക് പ്രതിഫലം പേശാനായി ഉണ്ടായിരുന്നത്. എന്നാൽ, ‘സി.കെ. രാജം‘ (യഥാർത്ഥ നാമം ‘കാർ‍ത്യായനി‘) ആകട്ടെ സിനിമയിൽ പുതുമുഖമായിരുന്നെങ്കിലും അക്കാലത്ത് നാടകരംഗത്ത് പ്രസിദ്ധയായിരുന്നു.

എന്തായാലും പ്രതിഫല കാര്യത്തില്‍ കടുംപിടുത്തം പിടിച്ചതിനു വന്ന ദുഷ്ഖ്യാതി കമലത്തിന്റെ സിനിമയിലെ അഭിനയ തുടർച്ചക്ക് ഗുരുതരമായ ഇടർ‍ച്ചയായി. കുറച്ചുകാലം കൂടി നാടകങ്ങളില്‍ അഭിനയിച്ചു തുടർന്നു; പിന്നീട് അവർ കഥാപ്രസംഗവേദികളിൽ പ്രത്യക്ഷപ്പെട്ടു.

പിന്നീറ്റ് തൻ്റെ 24 വയസ്സു മുതൽ 40 വയസ്സുവരെ ഒരു കഥാപ്രസംഗക (കാഥിക) ആയിട്ടായിരുന്നു കമലം അറിയപ്പെട്ടത്. ആദ്യം അരങ്ങിൽ അവതരിപ്പിച്ച കഥ ഉള്ളൂരിൻ്റെ ‘മൃണാളിനി’ ആയിരുന്നു. തുടർന്ന് വയലാറിന്റെ ‘ആയിഷ‘, വള്ളത്തോളിൻ്റെ ‘മഗ്ദലന മറിയം’, എസ്.എൽ. പുരത്തിന്റെ ‘മറക്കാത്ത മനുഷ്യൻ‘ തുടങ്ങിയ പ്രസിദ്ധങ്ങളായ മലയാള രചനകൾ കഥാപ്രസംഗ രൂപത്തിൽ അവതരിപ്പിച്ചു.

2000-ൽ എം.പി. സുകുമാരൻ നായർ സം‌വിധാനം ചെയ്ത ‘ശയനം’ ആണ്‌ അവസാനം അഭിനയിച്ച് പുറത്തിറങ്ങിയ ചലച്ചിത്രം. 2001-ൽ വിനോദ് കുമാർ സംവിധാനം ചെയ്ത ‘ഒരു ഡയറിക്കുറിപ്പ്‘ എന്ന ഡോക്യുമെന്ററിയിലും 2006-ൽ കെ.ജി. വിജയകുമാർ സംവിധാനം ചെയ്ത ‘മൺസൂൺ‘ എന്ന ചിത്രത്തിലും കമലം അഭിനയിച്ചിട്ടുണ്ട്.

പരേതനായ വി.കെ. ദാമോദരൻ വൈദ്യനാണ് കമലത്തിന്റെ ഭർത്താവ്. മൂന്നു പെണ്മക്കളുണ്ട്. രാധ, മീര, ഇന്ദുലേഖ.

സൂര്യാകൃഷ്ണ മൂർത്തിയുടെ ‘മുറിവുകൾ‘ എന്ന പുസ്തകത്തിൽ അവരെക്കുറിച്ചുണ്ടായിരുന്നു. നിത്യദാരിദ്ര്യത്തിന്റെയും അവശതയുടെയും കണ്ണുനിറയിക്കുന്ന പശ്ചാത്തലത്തിൽ. എന്തെങ്കിലും സ്വപ്നം അവശേഷിക്കുന്നുണ്ടോ എന്ന ചോദ്യത്തിനുത്തരം “മൂന്നുനേരം വയറുനിറയെ ആഹാരം” എന്നായിരുന്നു കമലത്തിന്റെ മറുപടി.

സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടായിരുന്ന കാലത്ത് ഇവരെ സൂര്യാ കൃഷ്‌ണമൂർത്തിയും അടുത്ത സുഹൃത്തുക്കളുമാണ് ഏറെയും സഹായിച്ചത്. താര സംഘടനയായ ‘അമ്മ’ നൽകിയ 2500 രൂപയും സർക്കാരിന്റെ പെൻഷൻ ആയിരം രൂപയുമാണു കമലത്തിനു മലയാളം നൽകിയ ആദരം.

2010 ഏപ്രിൽ 20-ന്, 87-ാം വയസ്സിൽ കമലം അന്തരിച്ചു.

സ്മരണാഞ്ജലികൾ!

ആർ. ഗോപാലകൃഷ്ണൻ

You may also like

error: Content is protected !!