Thursday, April 23, 2026
Home » എല്ലാം പറഞ്ഞു കോംപ്ലിമെന്റ്സാക്കി..
എല്ലാം പറഞ്ഞു കോംപ്ലിമെന്റ്സാക്കി..

എല്ലാം പറഞ്ഞു കോംപ്ലിമെന്റ്സാക്കി..

by Editor
Send your news and Advertisements

പള്ളിയിലിന്നു സെലീന ചേച്ചി (92) -യുടെ നാൽപ്പത്തി ഒന്നാം ചരമ ദിനത്തിൻറെ പ്രത്യേക കുർബാനയും ഒപ്പീസും സ്നേഹവിരുന്നുമുണ്ട്. ഇടവകക്കാരൊക്ക ഒന്നൊഴിയാതെ പള്ളിയിലേക്ക് ഒഴുകി. കാരണം സെലീന ചേച്ചിയുടെ സാമ്പത്തിക സഹായമോ സ്നേഹമസൃണമായ ഒരു തലോടലോ ഒരു ആശ്വാസവാക്കോ കിട്ടാത്ത ഒരാൾ പോലും അവിടെ ഉണ്ടായിരുന്നില്ല എന്നതുകൊണ്ടുതന്നെ. കുർബാനയുടെ പ്രസംഗമധ്യേ ചേടത്തിയെ വാനോളം പുകഴ്ത്തി വൈദീകൻ. മരിച്ചു കഴിഞ്ഞല്ലോ ഇനി എന്തെങ്കിലും ഇവരെ കുറിച്ച് നല്ലത് പറയണമല്ലോ എന്നോർത്ത് പറയുന്നതല്ല ഇതെന്ന് ആ നാട്ടുകാർക്കെല്ലാം അറിയാം. അത്രയ്ക്ക് പരമ സ്വാതികയായ സ്ത്രീയായിരുന്നു അവർ. കർഷക കുടുംബത്തിൽ നിന്ന് വലിയൊരു സമ്പന്ന കുടുംബത്തിലേക്ക് പതിനാറാം വയസ്സിൽ വിവാഹം ചെയ്തു വന്ന ചേച്ചിക്ക് അതിൻറെ അഹങ്കാരമോ പത്രാസോ ഒന്നുമുണ്ടായിരുന്നില്ല.

സ്നേഹവിരുന്ന് കഴിഞ്ഞു ആൾക്കാരെല്ലാം പിരിഞ്ഞിട്ടും കരഞ്ഞുകലങ്ങിയ കണ്ണുകളുമായി ഒരാൾ മാത്രം ആ കുഴിമാടത്തിനടുത്തിരിപ്പുണ്ടായിരുന്നു. സെലീന ചേച്ചിയുടെ ഇളയസഹോദരനായിരുന്നു അത്. പത്തറുപത് വർഷം മുമ്പ് നടന്ന കഥയായിരുന്നു അദ്ദേഹത്തിന് പറയാനുണ്ടായിരുന്നത്.

സെലീന ചേച്ചിയും രണ്ട് സഹോദരന്മാരും അടക്കം ആറ് സഹോദരങ്ങളായിരുന്നു അവർ. നാല് പെൺമക്കളിൽ സെലീന ചേച്ചി ഒഴിച്ച് ബാക്കി എല്ലാവരും കന്യാസ്ത്രീകളായി. മൂത്ത സഹോദരന് തൊട്ടടുത്തുള്ള സ്കൂളിൽ ജോലിയായിരുന്നു. ഇളയ സഹോദരൻ ഗൾഫിലേക്ക് ചേക്കേറി. കുടുംബസമേതം വർഷത്തിലൊരിക്കൽ നാട്ടിൽ കുറേ സമ്മാനങ്ങളുമായി വരും തിരികെ പോകും ഇതായിരുന്നു പതിവ്. അപ്പോഴാണ് എല്ലാവരും ചോദിച്ചു തുടങ്ങിയത് നാട്ടിലൊരു വീടൊക്കെ വയ്ക്കേണ്ടേ എന്നും ഗൾഫിൽ കഴിയാൻ പറ്റില്ലല്ലോയെന്നും. അത് ശരിയാണല്ലോ എന്ന് അനിയനും തോന്നി. തറവാടിനടുത്ത്‌ തനിക്ക് വീതം കിട്ടിയ സ്ഥലത്ത് വീട് വയ്ക്കാം എന്ന ആലോചനയിൽ തറകെട്ടി വീടുപണി തുടങ്ങി.

വീടുപണി പുരോഗമിക്കുന്നതിനിടയിൽ ലീവ് തീർന്ന് അനിയനും കുടുംബവും എല്ലാ കാര്യങ്ങളും ചേട്ടനെ ഏൽപ്പിച്ചു ഗൾഫിലേക്ക് തിരികെ പോയി. തറവാട്ടിൽ താമസിക്കുന്ന ചേട്ടൻ അനിയന്റെ വീടുപണിക്ക് നേതൃത്വം കൊടുത്തു. അനിയൻറെ വീടുപണിക്ക് വാങ്ങിക്കുന്ന സാധനങ്ങളിൽ ചിലത് മിച്ചം വന്നപ്പോൾ അത് വെറുതെ കളയേണ്ടല്ലോ എന്ന് കരുതി അത് ചേട്ടൻറെ വീടിനു വേണ്ടി ഉപയോഗിച്ചു. അതായിരുന്നു തുടക്കം. പിന്നീട് കാശ് നിർലോഭം ഗൾഫിൽ നിന്ന് വരുന്നത് കൊണ്ട് മുക്കാൽ പങ്ക് ചേട്ടൻ ചേട്ടൻറെ വീട് പുതുക്കി പണിയാനും കാൽഭാഗം അനിയൻറെ വീട് പണിക്കും ഉപയോഗിച്ചു കൊണ്ടിരുന്നു. ഒരു വർഷം കഴിഞ്ഞിട്ടും വീടു പണിതീർന്നോയെന്ന് അന്വേഷിക്കുമ്പോൾ തീരാറായി……. തീർന്നു കൊണ്ടിരിക്കുന്നു……. കുറച്ചു കാശ് കൂടി അയയ്ക്കൂ എന്ന് പറഞ്ഞുകൊണ്ടിരുന്നു ചേട്ടൻ.

ഏതായാലും വീട് പൂർത്തിയാക്കിയതിനുശേഷം ഒരു പാലുകാച്ചൽ കൂടി നടത്തണമല്ലോ അതുകൊണ്ട് അപ്പോൾ നാട്ടിൽ പോകാമെന്ന് കരുതി അനിയൻ വരവ് നീട്ടിവെച്ചു കൊണ്ടേയിരുന്നു. ഏകദേശം പതിനെട്ട് മാസം പിന്നിട്ടിട്ടും പണിയൊന്നും തീർന്നില്ലയെന്നറിഞ്ഞപ്പോൾ അനിയന്റെ സംശയം ബലപ്പെട്ടു. ഇന്നത്തെ പോലെ ഫോട്ടോയെടുത്ത് അയക്കാൻ മൊബൈൽ ഒന്നുമില്ലാത്ത കാലമല്ലേ. അപ്രതീക്ഷിതമായി അനിയൻ നാട്ടിൽ തിരിച്ചെത്തി. തൻറെ പണിതീരാത്ത വീടിൻറെ അവസ്ഥ കണ്ട് ഞെട്ടിത്തെറിച്ചു പോയി. കാരണം ചേട്ടൻറെ തറവാട് വീട് നിന്ന സ്ഥാനത്ത് വലിയൊരു ബംഗ്ലാവ്. അനിയൻ ഗൾഫിലേക്ക് പോകുമ്പോൾ എങ്ങനെയാണോ ആ വീടിരുന്നത് അതുപോലെ തന്നെയാണതിപ്പോഴും നിൽക്കുന്നത്. കുറേ കാടും വള്ളിച്ചെടികളും അതിനുമേൽ ചുറ്റിയിട്ടുണ്ടെന്നു മാത്രം.

അനിയൻറെ അപ്രതീക്ഷിത വരവിൽ അന്തംവിട്ട് ചേട്ടനും അനിയനും മുഖത്തോടുമുഖം നോക്കി അൽപ്പനേരം നിന്നു. ഒരക്ഷരം ഉരിയാടാതെ അനിയൻ സെലിനചേച്ചിയുടെടുത്തേക്ക് കുതിച്ചു. നെഞ്ചു പൊട്ടി, കാര്യങ്ങളൊക്കെ പറഞ്ഞു കേൾപ്പിച്ചു. എല്ലാം ക്ഷമയോടെ കേട്ട സെലിന ചേച്ചി, ചേച്ചിയുടെ മൂത്തമകനെ വിളിച്ച് ഇതിൻറെ നിജസ്ഥിതി അന്വേഷിച്ചു വരാൻ ആവശ്യപ്പെട്ടു. ലീവ് തീരുന്നതു വരെ നീ എൻറെ വീട്ടിൽ നിന്നാൽ മതിയെന്നും പറഞ്ഞു ചേച്ചി.

ചേച്ചിയുടെ മൂത്തമകൻ എല്ലാ വിവരങ്ങളും അന്വേഷിച്ചറിഞ്ഞു. ചേട്ടന് ഒന്നും പറയാനുണ്ടായിരുന്നില്ല. എല്ലാം ചേട്ടത്തിയുടെ (ചേട്ടന്റെ ഭാര്യ) കുതന്ത്രങ്ങളായിരുന്നു. താനിതിൽ നിരപരാധിയാണ്, ചേട്ടത്തിയുടെ ആങ്ങള ദുബായിലേക്ക് പോകാൻ ശ്രമിക്കുന്നുണ്ട്. ജോലികിട്ടി അവൻ പൈസ അയക്കുമ്പോൾ അനിയൻറെ വീട് പണിയാം എന്നാണ് കരുതിയത് അങ്ങനെയങ്ങനെ ചില മുട്ടാപ്പോക്ക് ന്യായങ്ങൾ രണ്ടുപേരും നിരത്തി.

ഇനിയെന്ത്? എല്ലാവരും തലപുകഞ്ഞാലോചിച്ചു. കേസ് കൊടുക്കണം ചേട്ടനെ കോടതിയിൽ കയറ്റണം. നീ ഗൾഫിൽ കിടന്ന് ചോര നീരാക്കി ഉണ്ടാക്കിയ കാശ് എന്തിന് ചേട്ടന് വീടുപണിക്ക് കൊടുത്തു എന്നാണ് കുടുംബത്തിലെ കാരണവന്മാരടക്കം മിക്കവരും അഭിപ്രായപ്പെട്ടത്. പക്ഷേ സെലീന ചേച്ചിയുടെ അഭിപ്രായം മറ്റൊന്നായിരുന്നു.

കേസും കോടതിയും ഒന്നും വേണ്ട. ഒരു അനുരഞ്ജന ചർച്ചക്ക് സെലീനചേച്ചിയുടെ വീട്ടിലേക്ക് ചേട്ടനെ വിളിച്ചു വരുത്തി. നടുക്ക് ചേച്ചിയും ഇരുവശത്തും രണ്ട് ആങ്ങളമാരും ആയി ചർച്ച തുടങ്ങി. ആറു മണിക്കൂർ നീണ്ട ചർച്ച കഴിഞ്ഞു ജനാർദ്ദനൻ മാന്നാർ മത്തായി സ്‌പീക്കിങ് എന്ന സിനിമയിൽ പറഞ്ഞതുപോലെ എല്ലാം കോമ്പ്ലീമെൻസിയ ആയി എന്ന് പറഞ്ഞു കൈ കൊടുത്തു പിരിഞ്ഞു. എന്താണ് ഫോർത്ത് ഫോറം വരെ മാത്രം വിദ്യാഭ്യാസമുള്ള സെലീന ചേച്ചി എന്ന ജഡ്ജി ചെയ്തത് എന്ന് എല്ലാവർക്കും അജ്ഞാതമായിരുന്നു. നിജസ്ഥിതി അന്വേഷിക്കാൻ പോയ മൂത്തമകന് പോലും കാര്യം അറിയില്ലായിരുന്നു. 60 വർഷം കഴിഞ്ഞ് ആ സെമിത്തേരിയിൽ വച്ച് അനിയൻ പറയുമ്പോൾ മാത്രമാണ് അതിന്റെ ചുരുളഴിഞ്ഞത്.

എങ്ങനെയാണെന്നല്ലേ സെലീന ചേച്ചി ആ പ്രശ്നം കൈകാര്യം ചെയ്തത്?
ചേട്ടനോട് പറഞ്ഞു. നീ ചെയ്തത് തെറ്റ് തന്നെ. അനിയൻ അയച്ചു തന്ന ഏകദേശം 10 ലക്ഷം രൂപ മുടക്കി നീ വീടു പുതുക്കി പണിതു. നിന്റെ ഭാര്യാസഹോദരൻ അയച്ചു തരും എന്ന പ്രതീക്ഷയിൽ നീയത് ചെയ്തു എന്ന് പറയുന്ന ന്യായം പൊട്ടന്മാർക്ക് പോലും മനസ്സിലാകാത്ത കാര്യമാണ്. ആട്ടെ, എത്രയെങ്കിലും രൂപ ഇപ്പോൾ തിരിച്ചു കൊടുക്കാനുണ്ടോ എന്ന ചോദ്യത്തിന് സ്കൂളിൽ നിന്ന് കിട്ടുന്ന ശമ്പളം അല്ലാതെ തന്റെ കയ്യിൽ മറ്റൊന്നുമില്ല. വേണമെങ്കിൽ പറമ്പിന്റെ ഒരു ഭാഗം വിറ്റു കുറച്ചു കാശ് മടക്കി തരാൻ ഞാൻ ശ്രമിക്കാം എന്ന് പറഞ്ഞു. അനിയൻറെ നിലപാട് എന്തെന്ന് ചോദിച്ചപ്പോൾ അനിയൻ പറഞ്ഞത് സെലീന ചേച്ചി പറയുന്നതുപോലെ ഞാൻ ചെയ്യാം എന്നായിരുന്നു.

ചേച്ചിയുടെ മറുപടി ഇങ്ങനെയായിരുന്നു. കുടുംബത്തിലെ മൂത്ത മകൻ എന്ന നിലയിൽ അപ്പനോടൊപ്പം ഒരുപാട് കഷ്ടപ്പാട് സഹിച്ചിട്ടുണ്ട് ഈ ചേട്ടൻ. നിന്നെക്കാൾ ബുദ്ധിമാനായ ചേട്ടൻ പ്രീഡിഗ്രി കൊണ്ട് കോളേജ് പഠനം നിർത്തി ടിടിസി പാസായി സ്കൂളിലെ മാഷിൻറെ ജോലി സ്വീകരിച്ചത് നിന്നെ കോളേജിൽ വിട്ട് പഠിപ്പിക്കാൻ കൂടി വേണ്ടിയായിരുന്നു. അതുപോലെ എന്നെ കല്യാണം കഴിച്ച് അയക്കാനുള്ള ചെലവ്, ബാക്കി പെൺകുട്ടികളെ കന്യാസ്ത്രീ മഠത്തിൽ ആക്കാനുള്ള ചെലവ് ഇതൊക്കെ അപ്പനോടൊപ്പം നിന്ന് തന്റെ കൂടി ചുമതലയാണിതെന്ന ബോധത്തോടെ ചെയ്ത ചേട്ടൻറെ ആ നന്മ മനസ്സ് നമ്മൾ രണ്ടു പേരെങ്കിലും കാണാതെ പോകരുത്. ഒരു പത്ത് ലക്ഷത്തിന്റെ വിലയല്ല നമ്മുടെ സഹോദര ബന്ധത്തിനുള്ളത്. അതുകൊണ്ട് ഇതുവരെ പോയ കാശൊക്കെ കടലിൽ കായം കലക്കിയത് പോലെ പോയി എന്ന് സമാധാനിക്കുക. എന്തെങ്കിലും ഒരു അസുഖം നിനക്ക് വന്നിരുന്നെങ്കിലോ ഒരു അപകടം വന്നു പെട്ടിരുന്നങ്കിലോ ഇത്രയും കാശ് തന്നെ നഷ്ടപ്പെടുമായിരുന്നില്ല? അങ്ങനെ കരുതി സഹിക്കുക. ചേട്ടനോട് ക്ഷമിക്കുക.

ഇതാണത്രെ അന്നവിടെ നടന്ന ചർച്ച. നമ്മൾ മൂന്നു പേരൊഴികെ മറ്റുള്ളവരോട് പറയേണ്ട കാര്യം എന്തെന്ന് സെലീന ചേച്ചി പറഞ്ഞു കൊടുത്തു. ചേട്ടൻ പറയേണ്ടത്: അനിയൻ കാശയച്ചുതന്ന് നമ്മുടെ തറവാട് വീടൊക്കെ പുതുക്കി പണിയാൻ പറഞ്ഞു. അവന് 30 വയസ്സല്ലേ ആയുള്ളൂ. ഗൾഫിൽ ജോലി ഉണ്ടല്ലോ എപ്പോഴായാലും ഞാൻ സാവകാശം വീടുപണിതു കൊള്ളാം എന്ന് പറഞ്ഞു.

ഇനി അനിയൻ പറയേണ്ടത്: ചേട്ടൻ കുടുംബത്തിനു വേണ്ടി കുറെ കഷ്ടപ്പെട്ടതല്ലേ അതുകൊണ്ട് ഞാനാണ് പറഞ്ഞത് നമ്മുടെ തറവാട് വീട് പുതുക്കി പണിയാമെന്ന്.

സെലീന ചേച്ചിയുടെ ഉപദേശം ശിരസ്സാ വഹിച്ച അനിയനും ചേട്ടനും പിരിഞ്ഞു. അനിയൻ ഗൾഫിലേക്ക് മടങ്ങി. ഈയൊരു കാര്യം മറന്നതായി തന്നെ രണ്ടുപേരും ഭാവിച്ചു.

കാലചക്രം ഉരുണ്ടു. കണ്ണടച്ചു തുറക്കുന്നതുപോലെ പത്തറുപത് വർഷം കടന്നു പോയി. ചേട്ടൻറെ മൂന്ന് ആൺമക്കളും ഇന്ന് ഉദ്യോഗസ്ഥരായി കുടുംബസമേതം ഗൾഫ് നാടുകളിൽ സസന്തോഷം ജീവിക്കുന്നു. അനിയൻ മൂന്നു പെൺമക്കളെയും വിവാഹം ചെയ്‌തയച്ചു സ്വസ്ഥമായി തറവാടിന് അടുത്തുതന്നെ വീടുപണി മുഴുവനാക്കി അവിടെ തന്നെ താമസിക്കുന്നു. അന്ന് നടന്ന അനുരഞ്ജന ചർച്ചയെക്കുറിച്ച് സെലീന ചേച്ചിയുടെ മൂത്തമകനു മാത്രമേ ഇന്നും അറിയുകയുള്ളൂ.

വിവരത്തെക്കാൾ പ്രധാനമാണ് വിവേകം. ഇന്നത്തെ തലമുറയ്ക്ക് ഇല്ലാത്തതും അതു തന്നെ. അന്ന്കാരണവന്മാരുടെ വാക്കും കേട്ട് കേസിന് പോയിരുന്നെങ്കിൽ ഉണ്ടാകുമായിരുന്ന ഭവിഷ്യത്തുകൾ എന്തെല്ലാമായിരിക്കുമെന്ന് വെറുതെ നമുക്കൊന്ന് ഓർത്തു നോക്കാം.

ജേഷ്ഠനുജന്മാർ തമ്മിലുള്ള അടി നാട്ടുകാർക്കും ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും പറഞ്ഞു ചിരിക്കാൻ ഉള്ള ഒരു വക. നീണ്ടു നീണ്ടു പോകുന്ന കേസുകൾ, കോടതി ചെലവ്, ഓരോ പ്രാവശ്യവും ഗൾഫിൽ നിന്നുള്ള വരവ്, വണ്ടിക്കൂലി ഇതൊക്കെ വരുത്തിവെക്കുന്ന സാമ്പത്തിക ബാധ്യത ഒരു വശത്ത്. മറുവശത്തു കുടുംബബന്ധങ്ങൾ തകരുന്നതിന്റെ മാനസികസമ്മർദ്ദം. കേസിന് ബലം കൂട്ടാൻ ഇരു വക്കീലന്മാരും എഴുതിച്ചേർക്കുന്ന നുണക്കഥകൾ. അവസാനം വിധി വരുമ്പോഴേക്ക് ഒരാൾ കുഴിയിലായിട്ടുണ്ടാകും. പിന്നെയും മറുകക്ഷിക്കു ഹൈക്കോടതിയിൽ പോകാം. അപ്പോൾ കേസ് വീണ്ടും നീളാം.

അവിടെയാണ് സെലീനചേച്ചിയെ പോലുള്ള പുണ്യാത്മാക്കളുടെ പ്രസക്തി. പൂവിൽ നിന്ന് സുഗന്ധവും മാലിന്യത്തിൽ നിന്നു ദുർഗന്ധവും മാത്രമേ പുറപ്പെടൂ. അതത്രേ പ്രകൃതിനിയമം. ഒരാളുടെ ഉള്ളിലെ ശാന്തതക്ക് ഒരു വ്യക്തിയെ, ഒരു കുടുംബത്തെ, സമൂഹത്തെ മുഴുവൻ ശാന്തിയിലേക്ക് നയിക്കാനാകും.
“സമാധാനത്തിനും ക്ഷമയ്ക്കും അതിന്റേതായ വിജയങ്ങൾ ഉണ്ട്. അവ യുദ്ധത്തേക്കാൾ ഒട്ടും പ്രശസ്തി കുറഞ്ഞവയല്ല. “ (മിൽട്ടൺ)

ഇതിൻറെ മനോഹരമായ കഥാന്ത്യം എന്താണെന്നറിയാമോ ? ചേട്ടൻറെ മൂന്ന് ആൺമക്കളും ചേർന്ന് അനിയൻറെ മൂന്ന് പെൺമക്കളുടെ കല്യാണ ആവശ്യം വന്നപ്പോൾ ആ തുക പലിശ സഹിതം സമ്മാനമായി തിരിച്ചു കൊടുക്കുകയും ചെയ്തു. ഇന്ന് അനിയന്റെയും കുടുംബത്തിന്റെയും ഏതാവശ്യത്തിനും വലംകയ്യായി ചേട്ടന്റെ മൂന്നാണ്മക്കളും കൂടെയുണ്ട്.

ഇതൊക്കെ ഈ ലോകത്ത് നടക്കുമോ എന്ന് അത്ഭുതം കൂറുന്നവരോട് …..
ഇതൊരു ഭാവനാസൃഷ്ടിയല്ല.
കഥാപാത്രങ്ങളുടെ പേര് മാറ്റിയിട്ടുണ്ടെന്നതൊഴിച്ചാൽ ഇതൊരു സത്യാനുഭവത്തിന്റെ നേർകാഴ്ച്ച.

മേരി ജോസി മലയിൽ, തിരുവനന്തപുരം
maryjosey5361@gmail.com

You may also like

error: Content is protected !!