Thursday, June 11, 2026
Home » കാബൂൾച്ചറിൽ ഡേകെയറിൽ നിന്ന് മടങ്ങുകയായിരുന്ന മൂന്നുവയസ്സുകാരി വാഹനം ഇടിച്ച് മരിച്ചു
കാബൂൾച്ചറിൽ ഡേകെയറിൽ നിന്ന് മടങ്ങുകയായിരുന്ന മൂന്നുവയസ്സുകാരി വാഹനം ഇടിച്ച് മരിച്ചു

കാബൂൾച്ചറിൽ ഡേകെയറിൽ നിന്ന് മടങ്ങുകയായിരുന്ന മൂന്നുവയസ്സുകാരി വാഹനം ഇടിച്ച് മരിച്ചു

by Editor

കാബൂൾച്ചർ: ഓസ്‌ട്രേലിയയിലെ ക്വീൻസ്‌ലാൻഡിലുള്ള കാബൂൾച്ചറിൽ (Caboolture) ഡേകെയറിൽ നിന്ന് മടങ്ങുകയായിരുന്ന മൂന്ന് വയസ്സുകാരി വാഹനം ഇടിച്ച് മരിച്ചു. ഇഷ (Esha) എന്ന് പേരുള്ള കുട്ടിയാണ് ഈ അപകടത്തിൽ മരിച്ചത്. ഏപ്രിൽ 21 ചൊവ്വാഴ്ച വൈകുന്നേരം ഏകദേശം 6:47-ഓടെയാണ് അപകടമുണ്ടായത്.

ലിൻഫീൽഡ് ഡ്രൈവിൽ (Lynfield Drive) നിന്ന് റ്റൂഹി സ്ട്രീറ്റിലേക്ക് (Toohey Street) തിരിയുകയായിരുന്ന വാഹനമാണ് കുട്ടിയെ ഇടിച്ചത്. വലത്തോട്ട് തിരിയുകയായിരുന്ന ഒരു നിസ്സാൻ നവാര യൂട്ടിലിറ്റി (ute) വാഹനമാണ് കുട്ടിയെ ഇടിച്ചത്. ഡേകെയറിൽ നിന്ന് അമ്മയ്ക്കും മുത്തശ്ശിക്കും സഹോദരനുമൊപ്പം വീട്ടിലേക്ക് നടന്നു പോകുകയായിരുന്നു ഇഷ. നടന്നു പോകുന്നതിനിടെ കുട്ടി അപ്രതീക്ഷിതമായി റോഡിലേക്ക് ഇറങ്ങിയതാണോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.

ഗുരുതരമായി പരിക്കേറ്റ കുട്ടി സംഭവസ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടു. അപകടസമയത്ത് ഒപ്പമുണ്ടായിരുന്ന അമ്മയും മുത്തശ്ശിയും സഹോദരനും മാനസികാഘാതത്തെത്തുടർന്ന് ചികിത്സ തേടി. വാഹനം ഓടിച്ചിരുന്ന 49 വയസ്സുകാരിയായ സ്ത്രീ പോലീസുമായി സഹകരിക്കുന്നുണ്ട്. വാഹനം തിരിയുന്നതിനിടെ നിർത്തിയിട്ടിരുന്ന ഒരു ബസ്സ് കാരണം ഡ്രൈവറുടെ കാഴ്ച മറഞ്ഞിരിക്കാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സമീപത്തെ വീടുകളിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ ശേഖരിച്ച് ബർപെൻഗറി ഫോറൻസിക് ക്രാഷ് യൂണിറ്റിന്റെ അന്വേഷണം പുരോഗമിക്കുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങളോ ഡാഷ്‌കാം/സിസിടിവി ദൃശ്യങ്ങളോ ലഭിക്കുന്നവർ പോലീസിനെ (റഫറൻസ് നമ്പർ: QP2600772013) ബന്ധപ്പെടാൻ അധികൃതർ അഭ്യർത്ഥിച്ചിട്ടുണ്ട്.

Send your news and Advertisements

You may also like

error: Content is protected !!