ഓരോ ജില്ലയുടെയും പ്രാധാന്യത്തെക്കുറിച്ചു പറയുമ്പോൾ, കശുവണ്ടി വ്യവസായത്തിന്റെ നാട് എന്ന നിലയിലാണ് പലരുടേയും മനസ്സിൽ കൊല്ലം ഓടിയെത്തുന്നത്. മറ്റു വിശേഷത്തെക്കുറിച്ചാകുമ്പോൾ സഹൃദയരുടെ മനസ്സിലേക്ക് “കഥാപ്രസംഗം” എന്ന കലയുടെ നാട് എന്നതും ശരിയാണ് അതാണ് കൊല്ലം..
അക്ഷരനഗരി എന്ന് കോട്ടയത്തെ പറയുന്നതുപോലെ, ക്രിക്കറ്റിൻ്റേയും സർക്കസിൻ്റേയും കേക്കിൻ്റേയും നാട് എന്ന് തലശ്ശേരിയെ വിശേഷിപ്പിക്കുന്നതുപോലെ കൊല്ലം.. കഥാപ്രസംഗത്തിൻ്റെ നാട്, അതേ, കൊച്ചി -മിമിക്രിയുടെ കളിത്തൊട്ടിൽ എന്നപോലെ കഥാപ്രസംഗം എന്ന കല, ഒരു കാലത്ത് കൊല്ലത്തുകാരുടെ, കൊല്ലം ജില്ലക്കാരുടെ കുത്തകയും.
കൊല്ലം ബാബു, കല്ലട വി.വി.കുട്ടി (ഇപ്പോൾ മകൻ അഡ്വ. വി.വി. ജോസ് കല്ലടയും), ഓച്ചിറ രാമചന്ദ്രൻ, കടയ്ക്കോട് വിശ്വംഭരൻ, ഇരിവിപുരം ഭാസി, കടവൂർ ബാലൻ, കുണ്ടറ സോമൻ, വി. ഹർഷകുമാർ, തേവർതോട്ടം സുകുമാരൻ, തെക്കുംഭാഗം വിശ്വംഭരൻ, ചവറ ധനപാലൻ, തഴവ കെ.പി. ജാനമ്മ, തൊടിയൂർ വസന്തകുമാരി, വെളിനെല്ലൂർ വസന്തകുമാരി, ഉഷാ രാജൻ, അങ്ങനെ പോകുന്നു ആ നിര…..
ഈ രംഗത്ത് അഗ്രിമ സ്ഥാനം അലങ്കരിച്ച, ഒരു പേര് മാറ്റി നിർത്തി, കൊല്ലത്തെ മാത്രമല്ല, കഥാപ്രസംഗ ചരിത്രവും രചിക്കാൻ ആർക്കുമാകില്ല! പകരം വെക്കാനില്ലാത്ത അതുല്യ കലാകാരൻ, കഥാപ്രസംഗ രംഗത്ത് കാലം മായ്ക്കാത്ത പേരുകാരൻ, സാക്ഷാൽ വി.സാംബശിവൻ.
വി. സാംബശിവൻ്റെ ഓർമ്മദിനം.
കഥാപ്രസംഗ രംഗത്തെ ഈ അജയ്യപ്രതിഭ ഓർമ്മയായിട്ട് 30 വർഷം തികയുന്നു.
വർഷം 1949, ഒരോണക്കാലം.. കൊല്ലം ജില്ലയിലെ ചവറ ഗുഹാനന്ദപുരം എന്ന ഗ്രാമത്തിലെ ക്ഷേത്രസന്നിധിയിൽ ഒരു ഇരുപതു വയസ്സുകാരൻ മൈക്ക് ഇല്ലാതെ, ഇലക്ട്രിക് ലൈറ്റുകളോ, ആലക്തിക ദീപങ്ങളുടെ വർണ്ണ പ്രസരിമയോ ഇല്ലാതെ ഒരു പെട്രോമാക്സിൻ്റെ വെളിച്ചത്തിൽ ഒരു കഥാപ്രസംഗം അവതരിപ്പിച്ചു. “ചങ്ങമ്പുഴയുടെ ദേവത”.
കഥാപ്രസംഗം തുടങ്ങുന്നതിന് മുൻപായി അത് കേൾക്കാൻ വന്ന നാട്ടിൻപുറത്തുകാരോട് ഇങ്ങനെ പറഞ്ഞു.
“വിദ്യാഭ്യാസം ചെയ്യാൻ എനിക്കതിയായ ആഗ്രഹമുണ്ട്, പക്ഷേ അതിനുള്ള സാമ്പത്തിക സാഹചര്യം വീട്ടിലില്ല. ഞാനൊരു കഥ പറയാം, അത് കേട്ട് നിങ്ങളെന്നെ സഹായിക്കണം”
ആദ്യ വേദിയിലെ ആമുഖം കേട്ടവർ സാമ്പത്തിക സഹായം ചെയ്തു. ആ പയ്യൻ തുടർന്ന് പഠനവും കഥാപ്രസംഗവുമായി നീങ്ങി, കൊല്ലം എസ് ‘എൻ. കോളേജിൽ നിന്നും ബി.എ. ഫസ്റ്റ് ക്ലാസ്സിൽ പാസ്സായി, തുടർന്ന് ബി.എഡ്ഡും, അദ്ധ്യാപക ജോലിയുമൊക്കെയായി. പക്ഷേ കഥാപ്രസംഗ രംഗത്ത് അപ്പോഴേക്കും വി.സാംബശിവൻ എന്ന പേര് കേരളക്കരയിൽ ഒന്നാം സ്ഥാനത്തെത്തി എന്നുവേണം പറയാൻ.
തുടർന്ന് എത്രയെത്ര കഥകൾ! കൊച്ചു സീതയും, വാഴക്കുലയും, ആയിഷയും പ്രേമശില്പിയുമൊക്കെ.
എത്രയെത്ര വേദികൾ, ഒരു ദിവസം മൂന്നു വേദികൾ വരെ, ആളുകൾ ക്ഷമയോടെ ഉത്സവപ്പറമ്പുകളിൽ കാത്തിരുന്നു. “പുഷ്പിത ജീവിതവാടിയിലോ ഒരപ്സരസുന്ദരിയാണനീസ്യ” ലിയോ ടോൾസ്റ്റോയിയുടെ ദ പവർ ഓഫ് ഡാർക്ക്നെസ്സ് “അനീസ്യ” എന്ന കഥാപ്രസംഗമായി അവതരിപ്പിച്ചത് കേൾക്കാൻ.
ഇതുപോലെ നിരവധി വിശ്വസാഹിത്യരചനകൾ കഥാപ്രസംഗമാക്കി സാധാരണക്കാരോട് സംവദിച്ചു.
പാശ്ചാത്യ സാഹിത്യത്തിലേയും ആംഗലേയ സാഹിത്യത്തിലേയും മികച്ച കൃതികളും സാധാരണക്കാരിൽ എത്തിച്ചു, അല്ലെങ്കിൽ എത്തി എന്നു വേണം പറയാൻ.
റോമിയോ & ജൂലിയറ്റ്, ജൂലിയസ് സീസർ, ഒഥല്ലോ മുകളിൽ സൂചിപ്പിച്ച വില്യം ഷേക്സ്പിയർ കൃതികൾ കഥാപ്രസംഗം ആക്കിയ കാര്യം സൂചിപ്പിക്കുമ്പോൾ ആ പ്രതിഭാധനനേയും ഇന്നു നാം ഓർക്കേണ്ടതുണ്ട്
ഇന്ന് ഷേക്സ്പിയറിൻ്റേയും ഓർമ്മ ദിനമാണ്.
വിശ്വസാഹിത്യ കൃതികളെ സാധാരണക്കാരിലേക്കെത്തിച്ച, കഥാപ്രസംഗം എന്ന കലയെ ജനകീയമാക്കിയ
കഥാപ്രസംഗ രംഗത്തെ ഈ ഒന്നാം സ്ഥാനക്കാരൻ്റെ പേര് പരാമർശിക്കാതെ കഥാപ്രസംഗം എന്ന കലാരൂപമില്ല,
KPAC നാടകങ്ങളിൽ അഭിനയിച്ചിട്ടുള്ള ഈ കലാകാരൻ പല്ലാങ്കുഴി എന്ന ചലച്ചിത്രത്തിലെ നായകനായും വേഷമിട്ടു.
നിരവധി നാടകങ്ങൾ മലയാളക്കരയിൽ ഉണ്ടായി. നാടകങ്ങളിൽ നിരവധിഗാനങ്ങളും. പക്ഷേ KPAC യിലെ നാടക ഗാനങ്ങളാണ് ജനഹൃദയങ്ങളിൽ സ്ഥാനം പിടിച്ചവ, അതുപോലെ തന്നെ കഥാപ്രസംഗത്തിൽ നിരവധി ഗാനങ്ങളും… പക്ഷേ, സാംബശിവൻ്റെ കഥാപ്രസംഗത്തിലെ രണ്ടു വരികൾ ഓർക്കാത്തവർ / മൂളാത്തവർ ഒരു കാലഘട്ടത്തിലില്ലായിരുന്നു എന്നു പറഞ്ഞാൽ അത് ഒട്ടും അതിശയോക്തിയല്ല.! അതായിരുന്നു വി.സാംബശിവനും കഥാപ്രസംഗവും….
1996 ഏപ്രിൽ 23ന് ഓർമ്മയായി
പ്രണാമം…!
മകൻ , പ്രൊഫ. വസന്തകുമാർ സാംബശിവൻ കഥാപ്രസംഗ രംഗത്ത് ശ്രദ്ധേയൻ..
വിജയൻ ന്യൂസ്പ്രിൻ്റ് നഗർ

