Tuesday, April 28, 2026
Home » ഇന്ത്യൻ സർക്കസിന്റെ ചരിത്രം; ജെമിനി ശങ്കരൻ
ഇന്ത്യൻ സർക്കസിന്റെ ചരിത്രം; ജെമിനി ശങ്കരൻ

ഇന്ത്യൻ സർക്കസിന്റെ ചരിത്രം; ജെമിനി ശങ്കരൻ

ആർ. ഗോപാലകൃഷ്ണൻ

by Editor

ഇന്ത്യൻ സർക്കസ് രംഗത്തെ പ്രമുഖനും ആദ്യകാല കലാകാരനും ജെമിനി, ജംബോ എന്നീ സർക്കസ് കമ്പനികളുടെ സ്ഥാപകനുമായ എം.വി. ശങ്കരൻ എന്ന ജെമിനി ശങ്കരൻ അന്തരിച്ചിട്ട് രണ്ടു വർഷം. കണ്ണൂർ വാരത്ത് ശങ്കർ ഭവനിലായിരുന്നു താമസം.

ഇന്ത്യൻ സർക്കസ് കുലപതി കീലേരി കുഞ്ഞിക്കണ്ണൻ ഗുരുക്കളുടെ ശിഷ്യനാണ്, ശങ്കരൻ.
ഒരു സർക്കസ് കലാകാരനായി ജീവിതം തുടങ്ങിയ അദ്ദേഹം ആ രംഗത്തെ ഏറ്റവും പ്രമുഖ വ്യക്തികളിലൊരാളായി; സർക്കസുമായി ബന്ധപ്പെട്ട് ഇന്ത്യയ്ക്കകത്തും പുറത്തുമായി ഏറെ സഞ്ചരിച്ചു.

ഇന്ത്യൻ പ്രധാനമന്ത്രിമാരായ ജവാഹർലാൽ നെഹ്‌റു, ഇന്ദിരാഗാന്ധി, മൊറാർജി ദേശായി, രാജീവ് ഗാന്ധി എന്നിവർക്ക് പുറമേ ലോകനേതാക്കളായ മാർട്ടിൻ ലൂതർകിങ്‌, മൗണ്ട്ബാറ്റൺ, കെന്നത്ത് കൗണ്ട, ബഹിരാകാശയാത്രകയായ വാലന്റീന തെരഷ്‌കോവ തുടങ്ങിയ പ്രമുഖരുമായി സൗഹൃദമുണ്ടായിരുന്നു. ഇന്ത്യൻ സർക്കസ് ഫെഡറേഷന്റെ പ്രസിഡന്റായിരുന്നു.

1924 ജൂൺ 13-ന് തലശ്ശേരി കൊളശ്ശേരിയിലെ കവണിശ്ശേരി രാമൻ നായരുടെയും മൂർക്കോത്ത് കല്യാണിയുടെയും ഏഴുമക്കളിൽ അഞ്ചാമത്തെ മകനായി ജനനം. പൂർണ്ണനാമം: ‘മൂർക്കോത്ത് വേങ്ങക്കണ്ടി ശങ്കരൻ’. എഴാം ക്ലാസിൽ പഠനം പൂർത്തിയാക്കിയ ശേഷം, സർക്കസ് കലയോടുള്ള അഭിനിവേശം മൂലം 1938-ൽ തലശ്ശേരി ചിറക്കരയിൽ, പിൽക്കാലത്ത് സർക്കസ് കുലപതിയായ കീലേരി കുഞ്ഞിക്കണ്ണൻ ഗുരുക്കളുടെ കളരിയിൽ ചേർന്നു സർക്കസ് അഭ്യാസങ്ങൾ പരിശീലിച്ചു. തുടർന്ന് നാട്ടിൽ ഒരു പലചരക്ക് കടയും നടത്തി പരാജയപ്പെട്ടു.

അതിനിടെ, തന്റെ ജ്യേഷ്ഠന് പിന്നാലെ ശങ്കരനും പട്ടാളത്തിൽ ചേർന്നു. നാലരവർഷത്തോളം പട്ടാളത്തിൽ തുടർന്ന അദ്ദേഹം സ്വയം വിരമിച്ചു. 1946-ൽ കൊൽക്കത്തയിലെ അക്കാലത്ത് ഏറെ പ്രശസ്തമായിരുന്ന ബോസ്‌ലിയൻ സർക്കസിൽ ചേർന്നു. ഹൊറിസോണ്ടൽ ബാറിൽ കലാകാരനായിരുന്നു. തുടർന്ന് ഇന്ത്യയിലെ അക്കാലത്തെ ശ്രദ്ധേയമായ നാഷണൽ സർക്കസിലും ഗ്രേറ്റ്‌ ബോംബെ സർക്കസിലും സർക്കസിലും കലാകാരനെന്ന നിലയിൽ പ്രവർത്തിച്ചിട്ടുണ്ട്.

തുടർന്ന്, സാമ്പത്തിക പ്രശ്‌നം കാരണം തകർന്ന വിജയ സർക്കസ് ശങ്കരനും കൂട്ടുകാരനും ചേർന്ന് ഏറ്റെടുത്തു. പിന്നീടാണ് ആ കമ്പനി പേരു മാറ്റി, തന്റെ ജന്മരാശിയുടെ പേരു ചേർത്ത് ‘ജെമിനി സർക്കസ്‘ എന്ന പേരിൽ തുടങ്ങുന്നത്.

വിദേശരാജ്യങ്ങളിലെ കലാകാരൻമാരെയും വന്യമൃഗങ്ങളെയും സർക്കസിൽ അണിനിരത്തി ജെമിനിയെ ശ്രദ്ധേയമാക്കി. 1977-ൽ ജംബോ സർക്കസ് കൂടി ശങ്കരൻ ഏറ്റെടുത്തു.

ചൈനയിൽ നടന്ന ഇന്റർനാഷണൽ സർക്കസ് ഫെസ്റ്റിവലിൽ അദ്ദേഹം പങ്കെടുത്തിരുന്നു. കുവൈത്ത് ഗോൾഡൻ ഫോക് പുരസ്‌കാരത്തിന് അർഹനായിട്ടുണ്ട്. സർക്കസിലെ സേവനം മാനിച്ച് ഭാരത സർക്കാരിന്റെ ലൈഫ്‌ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം ലഭിച്ചു.

2023 ഏപ്രിൽ 23 ജെമിനി ശങ്കരൻ (99-ാം വയസ്സിൽ) അന്തരിച്ചു.

ഭാര്യ: ശോഭന, മക്കൾ: അജയ് ശങ്കർ, അശോക് ശങ്കർ, ഡോ. രേണുശങ്കർ (പ്രൊഫസർ, മെൽബൺ ഓസ്‌ട്രേലിയ.) മരുമക്കൾ: പൂർണിമ അജയ്‌ ശങ്കർ, സുനിതാ അശോക് ശങ്കർ, പ്രദീപ്‌ നായർ (കംപ്യൂട്ടർ എൻജിനിയർ മെൽബൺ, ഓസ്‌ട്രേലിയ).

ആർ. ഗോപാലകൃഷ്ണൻ

Send your news and Advertisements

You may also like

error: Content is protected !!