കാൻബറ: ഓസ്ട്രേലിയയിലെ ദേശീയ ഭിന്നശേഷി ഇൻഷുറൻസ് പദ്ധതിയിൽ (NDIS) വൻതോതിലുള്ള അഴിച്ചുപണി നടത്താൻ ഫെഡറൽ ഗവൺമെന്റ് തീരുമാനിച്ചു. പദ്ധതിയുടെ സുസ്ഥിരത ഉറപ്പാക്കുന്നതിനായി ഏകദേശം 1,60,000 ഗുണഭോക്താക്കളെ പദ്ധതിയിൽ നിന്ന് മാറ്റാൻ സർക്കാർ ലക്ഷ്യമിടുന്നു. പദ്ധതിയുടെ ഗുണഭോക്താക്കളുടെ എണ്ണം കുറച്ചും അർഹത മാനദണ്ഡങ്ങളിൽ മാറ്റം വരുത്തിയും ബജറ്റിൽ വൻ ലാഭം ഉണ്ടാക്കാനാണ് സർക്കാർ നീക്കം. നിലവിൽ 7.6 ലക്ഷം പേർ അംഗങ്ങളായുള്ള പദ്ധതിയിൽ നിന്ന് നാല് വർഷത്തിനുള്ളിൽ വലിയൊരു വിഭാഗം ആളുകൾ പുറത്താകും.
2030 ഓടെ പദ്ധതിയിലെ അംഗങ്ങളുടെ എണ്ണം ആറ് ലക്ഷമായി കുറയ്ക്കാനാണ് ലക്ഷ്യം. പദ്ധതിയുടെ വാർഷിക വളർച്ചാ നിരക്ക് 2030 വരെ വെറും രണ്ട് ശതമാനമായി കുറച്ചു. മുൻപ് ഇത് അഞ്ച് ശതമാനം മുതൽ ആറ് ശതമാനം വരെയാക്കാനായിരുന്നു ആലോചിച്ചിരുന്നത്. ഈ മാറ്റങ്ങളിലൂടെ പദ്ധതിയുടെ ചിലവ് 70 ബില്യൺ ഡോളറിൽ നിന്ന് 55 ബില്യൺ ഡോളറായി കുറയ്ക്കാൻ സാധിക്കുമെന്ന് ആരോഗ്യ മന്ത്രി മാർക്ക് ബട്ലർ പറഞ്ഞു.
ഇനി മുതൽ രോഗനിർണ്ണയം (Diagnosis) മാത്രം അടിസ്ഥാനമാക്കി പദ്ധതിയിൽ അംഗത്വം ലഭിക്കില്ല. പകരം, ഒരു വ്യക്തിയുടെ ദൈനംദിന ജീവിതത്തെ ഭിന്നശേഷി എത്രത്തോളം ബാധിക്കുന്നു എന്നതിനെക്കുറിച്ചുള്ള കൃത്യമായ വിലയിരുത്തലുകൾ (Functional capacity assessments) മാനദണ്ഡമാക്കും. സേവന ദാതാക്കളുടെ രജിസ്ട്രേഷൻ നിർബന്ധമാക്കുകയും വ്യക്തിഗത പരിചരണം ഉൾപ്പെടെയുള്ള ഉയർന്ന റിസ്‌ക് മേഖലകളിൽ കർശന നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്യും. ഭിന്നശേഷി ഇൻഷുറൻസ് പദ്ധതിയുടെ ചിലവ് നിലവിൽ നിയന്ത്രണാതീതമായി വർധിക്കുകയാണെന്നും ഇത് സുസ്ഥിരമല്ലെന്നുമാണ് സർക്കാർ വാദം. “ഭിന്നശേഷി ഇൻഷുറൻസ് പദ്ധതിക്ക് അമിത ചിലവാണ്, അത് വളരെ വേഗത്തിൽ വളരുന്നു. ഇത് പുനക്രമീകരിച്ചില്ലെങ്കിൽ യഥാർത്ഥത്തിൽ സഹായം ആവശ്യമുള്ളവർക്ക് ഭാവിയിൽ ഈ പദ്ധതി ലഭ്യമാകില്ല,” മന്ത്രി മാർക്ക് ബട്ലർ വ്യക്തമാക്കി. സംഘടിത കുറ്റവാളികൾ പണം വെളുപ്പിക്കാനായി ഈ പദ്ധതി ദുരുപയോഗം ചെയ്യുന്നതായും റിപ്പോർട്ടുകളുണ്ട്.
NDIS-ൽ നിന്ന് ഒഴിവാക്കപ്പെടുന്നവർക്കായി സംസ്ഥാന ഗവൺമെന്റുകളുടെ സഹായത്തോടെ ‘ഫൗണ്ടേഷണൽ സപ്പോർട്ട്’ എന്ന പേരിൽ ബദൽ സംവിധാനങ്ങൾ ഒരുക്കുമെന്ന് ആരോഗ്യ മന്ത്രി മാർക്ക് ബട്ട്‌ലർ അറിയിച്ചിട്ടുണ്ട്. സർക്കാരിന്റെ ഈ നീക്കത്തിനെതിരെ ഭിന്നശേഷി അവകാശ പ്രവർത്തകരും പ്രതിപക്ഷ പാർട്ടികളും രംഗത്തെത്തിയിട്ടുണ്ട്. കൃത്യമായ കൂടിയാലോചനകൾ ഇല്ലാതെയാണ് ഈ തീരുമാനമെന്നും ഇത് സംസ്ഥാന സർക്കാരുകളുടെ മേൽ സാമ്പത്തിക ബാധ്യത വർധിപ്പിക്കുമെന്നും ക്വീൻസ്‌ലാൻ്റ് സർക്കാർ പ്രതികരിച്ചു.
സാധാരണ ജീവിതം നയിക്കാൻ ഭിന്നശേഷിക്കാർക്ക് പിന്തുണ നൽകുമെന്ന വാഗ്‌ദാനമാണ് സർക്കാർ ലംഘിക്കുന്നതെന്ന് ഭിന്നശേഷി പ്രവർത്തകർ ആരോപിക്കുന്നു. ഭിന്നശേഷി ഇൻഷുറൻസ് പദ്ധതിയിലെ തട്ടിപ്പുകൾ തടയാനും ഗുണനിലവാരം ഉറപ്പാക്കാനും ഈ പരിഷ്‌കാരങ്ങൾ സഹായിക്കുമെന്ന് ഒരു വിഭാഗം വിദഗ്‌ധർ അഭിപ്രായപ്പെടുന്നുണ്ടെങ്കിലും അർഹരായവർക്ക് സഹായം നിഷേധിക്കപ്പെടുമോ എന്ന ആശങ്ക ശക്തമാണ്.

