ടാംവർത്ത്, ന്യൂ സൗത്ത് വെയിൽസ്: സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് (STIOC) ടാംവർത്തിന്റെ ആഭിമുഖ്യത്തിൽ മാർത്തോമാ ശ്ലീഹായുടെ ഓർമ്മപ്പെരുന്നാൾ ജൂലൈ 19, 20 തീയതികളിൽ ടാംവർത്ത് സെന്റ് മേരീസ് ദേവാലയത്തിൽ ഭക്ത്യാദരപൂർവം ആഘോഷിച്ചു.
ജൂലൈ 19-ന് വൈകുന്നേരം ഇടവക വികാരി ഫാ. എബി മാത്യു തരകന്റെ നേതൃത്വത്തിൽ പെരുന്നാൾ കൊടിയേറ്റത്തോടെ ചടങ്ങുകൾക്ക് തുടക്കമായി. തുടർന്ന് സന്ധ്യാനമസ്കാരവും അനുബന്ധ ശുശ്രൂഷകളും നടന്നു. ടാംവർത്ത് കത്തോലിക്കാ ദേവാലയ വികാരി ഫാ. ക്രിസ്റ്റഫർ മുഖ്യ സന്ദേശം നൽകി. തുടർന്ന് നടന്ന പ്രദക്ഷിണവും ആദ്യഫല സമർപ്പണ ശുശ്രൂഷയും ഭക്തിനിർഭരമായി നടന്നു.
തുടർന്ന് സൺഡേ സ്കൂളിന്റെ ആഭിമുഖ്യത്തിൽ “കലാസന്ധ്യ – An Evening of Faith, Music & Talent” സംഘടിപ്പിച്ചു. സൺഡേ സ്കൂൾ പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റുകളും സമ്മാനങ്ങളും വിതരണം ചെയ്തു. തുടർന്ന് വാർത്ത മർത്ത മറിയം വനിതാ സമാജം (MMVS) നേതൃത്വത്തിൽ സ്നേഹവിരുന്നും ഒരുക്കി.
ജൂലൈ 20-ന് രാവിലെ ഫാ. അനീഷ് മാത്യു (വികാരി, സെന്റ് ജോർജ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച്, ബ്രിസ്ബേൻ) മുഖ്യകാർമികത്വം വഹിച്ചു. ഇടവക വികാരി ഫാ. എബി മാത്യു തരകനും ഡീക്കൻ സ്റ്റീഫൻ സാബുവും സഹകാർമികരായിരുന്നു. പ്രഭാതനമസ്കാരത്തോടനുബന്ധിച്ച് വിശുദ്ധ കുർബാന ഭക്തിസാന്ദ്രമായി അർപ്പിച്ചു.
വിശുദ്ധ കുർബാനയ്ക്കുശേഷം ഏഷ്യാ പസഫിക് ഡയോസിഷൻ കൗൺസിൽ അംഗം ശ്രീ. ഡാനിയേൽ ബർസ്ലീബി വിശ്വാസിസമൂഹത്തെ അഭിസംബോധന ചെയ്തു. തുടർന്ന് നേർച്ചവിളമ്പും നടന്നു.
സെക്രട്ടറി ശ്രീ. ജയേഷ് ജോയി, ട്രസ്റ്റി ശ്രീ. പ്രിൻസ് ഫിലിപ്പ് എന്നിവരുടെ നേതൃത്വത്തിലുള്ള മാനേജിങ് കമ്മിറ്റി, ഇടവകാംഗങ്ങളുടെ സജീവ സഹകരണം, സഹോദരി സഭാ പ്രതിനിധികളുടെയും വിവിധ മതവിഭാഗങ്ങളിൽപ്പെട്ട വിശിഷ്ടാതിഥികളുടെയും സാന്നിധ്യം എന്നിവ പെരുന്നാളിന് കൂടുതൽ മാറ്റുകൂട്ടി. ആത്മീയതയും സാഹോദര്യവും ഒരുപോലെ ഉയർത്തിപ്പിടിച്ച ആഘോഷമായി ഇത്തവണത്തെ മാർത്തോമാ ശ്ലീഹാ ഓർമ്മപ്പെരുന്നാൾ ശ്രദ്ധേയമായി.
Church Address:
St Mary’s Catholic Church,
12-16 Bligh St, North Tamworth NSW 2340
Vicar: Rev Fr Aby Mathew Tharakan
Phone: 0493781388

