ഗാങ്ടോക്: സിക്കിമിലെ നാംചി ജില്ലയിലുള്ള സമർദുംഗിൽ നിർമാണത്തിലിരുന്ന തുരങ്കത്തിലുണ്ടായ മണ്ണിടിച്ചിലിൽ 10 പേർ മരിച്ചു. ഒട്ടേറെ പേർ കുടുങ്ങിക്കിടക്കുന്നെന്ന് സൂചന. ദേശീയ ജലവൈദ്യുത പദ്ധതിയുടെ (NHPC) ടീസ്റ്റ സ്റ്റേജ് VI-ന്റെ ഭാഗമായി സമർഡംഗിൽ നിർമിക്കുന്ന ഏഴ് കിലോമീറ്റർ നീളമുള്ള തുരങ്കത്തിലാണ് ഈ ദരുണ ദുരന്തമുണ്ടായത്. തിങ്കളാഴ്‌ച ഉച്ചകഴിഞ്ഞാണ് തുരങ്കത്തിൻ്റെ പ്രവേശന കവാടത്തിലേക്ക് ഭീമൻ മൺതിട്ട ഇടിഞ്ഞുവീണത്. അപകട സമയത്ത് തുരങ്കത്തിനുള്ളിൽ ജോലിയിലുണ്ടായിരുന്ന നിരവധി തൊഴിലാളികൾ അകത്ത് കുടുങ്ങിക്കിടക്കുകയാണെന്നാണ് പ്രാഥമിക നിഗമനം.
മണ്ണിടിച്ചിലിന് പിന്നാലെ തുരങ്കത്തിനുള്ളിൽ മീഥെയ്ൻ, കാർബൺ മോണോക്സൈഡ് തുടങ്ങിയ മാരക വാതകങ്ങൾ ഉയർന്ന അളവിൽ നിറഞ്ഞത് രക്ഷാപ്രവർത്തനം അതീവ സങ്കീർണ്ണമാക്കുന്നു എന്നാണ് റിപ്പോർട്ടുകൾ. ആദ്യഘട്ടത്തിൽ ഉള്ളിലേക്ക് കടക്കാൻ ശ്രമിച്ച രക്ഷാപ്രവർത്തകർക്ക് തലകറക്കവും ബോധക്ഷയവും അനുഭവപ്പെട്ടതിനെ തുടർന്ന് ദൗത്യം താൽകാലികമായി നിർത്തിവെക്കേണ്ടി വന്നിരുന്നു. നിലവിൽ പ്രത്യേക ഗ്യാസ് മാസ്കുകളും മറ്റ് ആധുനിക സുരക്ഷാ സംവിധാനങ്ങളും സജ്ജമാക്കിയാണ് എൻഡിആർഎഫ് ഉൾപ്പെടെയുള്ള സേനകൾ തിരച്ചിൽ തുടരുന്നത്. ഏകദേശം 15 മുതൽ 20 വരെ തൊഴിലാളികൾ ഇപ്പോഴും തുരങ്കത്തിന്റെ മൂന്ന് കിലോമീറ്ററോളം ഉള്ളിലായി കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. അതേസമയം 12-ലധികം പേരെ ഇതുവരെ രക്ഷപ്പെടുത്താൻ സാധിച്ചിട്ടുണ്ട്
അപകടത്തിൽ മരിച്ച എട്ട് പേരുടെ മൃതദേഹങ്ങൾ നാംചി, സിംഗ്‌തം, ഗാങ്ങ്ടോക് എന്നിവിടങ്ങളിലെ വിവിധ ആശുപത്രി മോർച്ചറികളിലേക്ക് മാറ്റിയിട്ടുണ്ടെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. എൻഡിആർഎഫ്, എസ്‌ഡിആർഎഫ്, സിക്കിം പൊലീസ്, അഗ്നിശമന സേന എന്നിവർ സംയുക്തമായി നടത്തുന്ന രക്ഷാപ്രവർത്തനത്തിന് നാംചി ജില്ലാ കളക്ടർ അനുപ താംലിങ് നേരിട്ട് നേതൃത്വം നൽകുന്നു. തുരങ്കത്തിനുള്ളിലെ വെളിച്ചക്കുറവും ഇടുങ്ങിയ സ്ഥലസൗകര്യവും ദൗത്യത്തിന് വെല്ലുവിളി സൃഷ്ടിക്കുന്നുണ്ടെങ്കിലും ഉള്ളിൽ കുടുങ്ങിയ തൊഴിലാളികളുടെ കൃത്യമായ എണ്ണം തിട്ടപ്പെടുത്താനും സുരക്ഷിതമായി പുറത്തെത്തിക്കാനുമുള്ള ശ്രമങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണ്.
ടീസ്റ്റ സ്റ്റേജ് VI ജലവൈദ്യുത പദ്ധതിയുടെ ഭാഗമായി പട്ടേൽ എഞ്ചിനീയറിങ് കമ്പനിയാണ് എൻഎച്ച്പിസിക്കായി തുരങ്കം നിർമിച്ചുകൊണ്ടിരുന്നത്. അടിയന്തര സാഹചര്യം നേരിടാൻ നിരവധി ആംബുലൻസുകളും മെഡിക്കൽ സംഘങ്ങളും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. നിലവിൽ ആളപായം കുറയ്ക്കാനും കുടുങ്ങിക്കിടക്കുന്നവരെ ജീവനോടെ പുറത്തെത്തിക്കാനുമാണ് പ്രഥമ പരിഗണന നൽകുന്നതെന്നും ദൗത്യത്തിന് ശേഷം ദുരന്തത്തിൻ്റെ കാരണത്തെക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തുമെന്നും കളക്ടർ വ്യക്തമാക്കി.

