പാലാ: പാലാ നഗരസഭയിൽ പ്രതിപക്ഷമായ ഇടതുപക്ഷം കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസായി. എതിരില്ലാത്ത 17 വോട്ടിനാണ് പ്രമേയം പാസായത്. എൽഡിഎഫിലെ 12 പേർക്കു പുറമെ വിപ്പ് ലംഘിച്ച് യോഗത്തിനെത്തിയ കോൺഗ്രസിലെ നാല് അംഗങ്ങളും കോൺഗ്രസ് വിമതയായി വിജയിച്ച ഉപാധ്യക്ഷ മായാ രാഹുലും പ്രമേയത്തെ പിന്തുണച്ചു. ഇതോടെ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭാധ്യക്ഷ ദിയ ബിനു പുറത്തായി, യുഡിഎഫിന് ഭരണം നഷ്ടമായി.
ടോണി തൈപ്പറമ്പിൽ, ബിജു മാത്യൂസ്, ലിസി കുട്ടി മാത്യു, രജിത പ്രകാശ് എന്നീ കോൺഗ്രസ് അംഗങ്ങളാണ് വിപ്പ് ലംഘിച്ച് യോഗത്തിനെത്തിയത്. റിയ ചീരാംകുഴി, സെബാസ്റ്റ്യൻ പനക്കൽ എന്നവർ ഹാജരായില്ല. കേരള കോൺഗ്രസിന്റെ മൂന്ന് അംഗങ്ങളായ സോണിയ ചിറ്റേട്ട്, ബിജു വരിക്കാനി, സിജി ടോണി എന്നിവരും മാണി.സി കാപ്പന്റെ പാർട്ടിയായ കെഡിപിയിലെ പ്രിൻസി സണ്ണിയും ഹാജരായിരുന്നില്ല. നഗരസഭാധ്യക്ഷ ദിയാ ബിനു ഉൾപ്പെടുന്ന സ്വതന്ത്ര കൂട്ടായ്‌മയോട് കോൺഗ്രസ് കൗൺസിലർമാരും സ്വതന്ത്ര അംഗമായ ഉപാധ്യക്ഷ മായാ രാഹുലും തെറ്റിയതോടെയാണ് പാലാ നഗരസഭയിൽ ഭരണപക്ഷത്ത് പ്രതിസന്ധിയുണ്ടായത്. ഈ രാഷ്ട്രീയ സാഹചര്യം തങ്ങൾക്കനുകൂലമാക്കാനുള്ള നീക്കങ്ങളുടെ ഭാഗമായാണ് ഇടതുപക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവന്നത്.
2025-ലെ തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ 26 അംഗ പാലാ നഗരസഭയിൽ എൽഡിഎഫിന് 11 സീറ്റും യുഡിഎഫിന് 10 സീറ്റും ലഭിച്ചു. ഇതിന് പുറമേ പുളിക്കകണ്ടം കുടുംബത്തിലെ മൂന്നുപേരും കോൺഗ്രസ് വിമതയായ സ്വതന്ത്രയായി മത്സരിച്ച മായാ രാഹുലും മറ്റൊരു സ്ഥാനാർഥിയും വിജയിച്ചു. നേരത്തേ സിപിഎമ്മിൽനിന്ന് പുറത്താക്കപ്പെട്ട ബിനു പുളിക്കകണ്ടം യുഡിഎഫുമായി കൈകോർത്തു. ബിനു പുളിക്കകണ്ടം മുന്നോട്ടുവെച്ച ആവശ്യങ്ങളെല്ലാം യുഡിഎഫ് അംഗീകരിച്ചു. അങ്ങനെ പുളിക്കകണ്ടം കുടുംബത്തിന്റെ പിന്തുണയിൽ പാലാ നഗരസഭയിൽ യുഡിഎഫ് ഭരണം ഉറപ്പിച്ചു. ഇതിനൊപ്പം വിമതയായ മായ രാഹുലും തിരികെ യുഡിഎഫിനൊപ്പമെത്തി.
യുഡിഎഫുമായുള്ള ചർച്ചകളിൽ ദിയ ബിനുവിനെ ആദ്യടേമിൽ നഗരസഭാ അധ്യക്ഷ ആക്കണമെന്നായിരുന്നു ബിനു പുളിക്കകണ്ടം യുഡിഎഫിന് മുന്നിൽവെച്ച പ്രധാന ആവശ്യം. ഇത് യുഡിഎഫ് അംഗീകരിച്ചു. ഇതോടെ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭാ അധ്യക്ഷയെന്ന നേട്ടവും അന്ന് 21-കാരിയായ ദിയ ബിനുവിന് സ്വന്തമായി. എന്നാൽ, വെറും ആറുമാസം മാത്രം ആ കസേരയിൽ ഇരിക്കാനായിരുന്നു ദിയ ബിനുവിന്റെ വിധി. മദ്രാസ് ക്രിസ്ത്യൻ കോളേജിൽനിന്ന് ഇക്കണോമിക്സിൽ ബിരുദം പൂർത്തിയാക്കിയ ദിയ, എംബിഎ പഠനത്തിന് തയ്യാറെടുക്കുന്നതിനിടെയാണ് തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കാനെത്തിയത്. പിതാവ് ബിനു പുളിക്കകണ്ടം രണ്ടുതവണ പ്രതിനിധീകരിച്ച 15-ാം വാർഡിൽ ദിയ മികച്ച ഭൂരിപക്ഷത്തിന് വിജയിക്കുകയും ചെയ്തു. ബിനു പുളിക്കകണ്ടം 14-ാം വാർഡിലും ബിജു പുളിക്കകണ്ടം 13-ാം വാർഡിലും ജനവിധി നേടി വിജയിച്ചു. ഈ മൂന്ന് വാർഡുകളിലും സ്ഥാനാർഥികളെ നിർത്താതെ യുഡിഎഫ് പുളിക്കകണ്ടം കുടുംബാംഗങ്ങളുടെ സ്വതന്ത്ര കൂട്ടായ്മയ്ക്ക് പിന്തുണയും നൽകിയിരുന്നു.

