Thursday, June 11, 2026
Home » തമിഴ്‌നാട് ഇന്ന് പോളിങ് ബൂത്തിലേക്ക്; ബംഗാളില്‍ ആദ്യഘട്ടം
തമിഴ്‌നാട്ടിലും ബംഗാളിലും റെക്കോര്‍ഡ് പോളിങ്

തമിഴ്‌നാട് ഇന്ന് പോളിങ് ബൂത്തിലേക്ക്; ബംഗാളില്‍ ആദ്യഘട്ടം

by Editor

തമിഴ്‌നാട് ഇന്ന് (വ്യാഴാഴ്ച) പോളിങ് ബൂത്തിലേക്ക്. 234 നിയമസഭ സീറ്റുകളിലായി ഒറ്റഘട്ടമായാണ് തിരഞ്ഞെടുപ്പ് നടക്കുക. അതേസമയം പശ്ചിമബംഗാളില്‍ ഇന്ന് നടക്കുന്ന ആദ്യഘട്ട തിരഞ്ഞെടുപ്പില്‍ 152 മണ്ഡലങ്ങളില്‍ ജനങ്ങള്‍ വോട്ടു ചെയ്യും. രണ്ടാം ഘട്ട വോട്ടെടുപ്പ് ഏപ്രിൽ 29-ന് നടക്കും.

തമിഴ്‌നാട്ടിൽ എംകെ സ്റ്റാലിന്‍ നയിക്കുന്ന ഡിഎംകെ – കോണ്‍ഗ്രസ്- മക്കള്‍ നീതി മയ്യം സഖ്യം, എഐഎഡിഎംകെ – ബിജെപി സഖ്യം, നടന്‍ വിജയ് നയിക്കുന്ന ടിവികെ എന്നിവ തമ്മിലാണ് പ്രധാന പോരാട്ടം നടക്കുന്നത്. 5.67 കോടി വോട്ടര്‍മാരാണ് തമിഴ്‌നാട്ടിലുള്ളത്. കൊട്ടിക്കലാശ ദിവസം മുഖ്യമന്ത്രി സ്റ്റാലിന്‍ കൊളത്തൂരിലും ഉപമുഖ്യമന്ത്രി ഉദയനിധി ചെപ്പോക്ക് തിരുവള്ളിക്കേനിയിലും പ്രചാരണം നടത്തിയപ്പോള്‍ വിജയ് ചെന്നൈയില്‍ റോഡ് ഷോ നടത്തി.

പശ്ചിമ ബംഗാളിൽ 16 ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന 152 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. ഇതിൽ വടക്കൻ ബംഗാളിലെ 54 സീറ്റുകളും ഉൾപ്പെടുന്നു. രാവിലെ 7 മണി മുതൽ വൈകിട്ട് 6 മണി വരെയാണ് പോളിങ് സമയം. 6 മണിക്ക് ക്യൂവിലുള്ളവർക്ക് വോട്ട് ചെയ്യാൻ അവസരം ലഭിക്കും. ആദ്യഘട്ടത്തിൽ മാത്രം 1,478 സ്ഥാനാർത്ഥികളാണ് മത്സരിക്കുന്നത്. ഏകദേശം 3.6 കോടി വോട്ടർമാരാണ് ഈ ഘട്ടത്തിൽ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കുന്നത്.

സ്വതന്ത്രവും നീതിയുക്തവുമായ വോട്ടെടുപ്പിനായി കേന്ദ്ര സേനയെയും ക്വിക്ക് റെസ്‌പോൺസ് ടീമുകളെയും (QRT) വിന്യസിച്ചിട്ടുണ്ട്. സൂപ്പർ സെൻസിറ്റീവ് ബൂത്തുകളിൽ എ.ഐ നിരീക്ഷണവും ഏർപ്പെടുത്തിയിട്ടുണ്ട്. ബാക്കിയുള്ള 142 മണ്ഡലങ്ങളിലേക്കുള്ള രണ്ടാം ഘട്ട വോട്ടെടുപ്പ് ഏപ്രിൽ 29 ബുധനാഴ്ച നടക്കും. വോട്ടെണ്ണൽ മെയ് 4-നാണ് നിശ്ചയിച്ചിരിക്കുന്നത്.

Send your news and Advertisements

You may also like

error: Content is protected !!