തിരുവന്തപുരം: പതിനെട്ട് വയസ്സുവരെയുള്ള കുട്ടികളുടെ മൊബൈൽ ഫോൺ, കമ്പ്യൂട്ടർ തുടങ്ങിയ സ്ക്രീനുകളുടെ ഉപയോഗം നിയന്ത്രിക്കാൻ പ്രത്യേക നിയമം കൊണ്ടുവരണമെന്ന് കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ സർക്കാരിനോട് നിർദ്ദേശിച്ചു. നിയമ നിർമാണത്തിന് പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ ഉന്നതതല സമിതി രൂപീകരിച്ച് തുടർ നടപടി സ്വീകരിക്കണമെന്ന് ബാലാവകാശ കമ്മിഷൻ ചെയർപേഴ്‌സൺ കെ.വി മനോജ് കുമാർ, അംഗം ഷാജേഷ് ഭാസ്‌കർ എന്നിവരുടെ ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. കമ്മീഷൻ ഉത്തരവിലെ ശുപാർശകൾ 2026-27 അധ്യായന വർഷം മുതൽ പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി നടപ്പിലാക്കണമെന്നാണ് നിർദേശം.
വനിതാ-ശിശു വികസന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയും ആരോഗ്യം, നിയമം, ഇലക്ട്രോണിക്സ് ഇൻഫർമേഷൻ ടെക്നോളജി എന്നീ വകുപ്പ് സെക്രട്ടറിമാരും, സംസ്ഥാന പൊലീസ് മേധാവിയും ഉൾപ്പെടുന്നതാകണം ഉന്നതതല സമിതിയെന്നും ഉത്തരവിൽ പറയുന്നു. കോവിഡിന് ശേഷം സ്ക്രീൻ അഡിക്ഷൻ കുട്ടികളിൽ വലിയ പ്രശ്‌നങ്ങൾ സൃഷ്‌ടിക്കുന്നുണ്ട്. ഇൻറർനെറ്റ്, മൊബൈൽ ഗെയിമുകൾ, സോഷ്യൽ മീഡിയ എന്നിവയുടെ അമിത ഉപയോഗം കുട്ടികളുടെ മാനസിക-ശാരീരിക-വൈകാരിക വിദ്യാഭ്യാസ ജീവിതത്തെ ദോഷകരമായി ബാധിച്ചിട്ടുണ്ടെന്നും കമ്മീഷൻ നിരീക്ഷിച്ചു.
രണ്ട് വയസുവരെ കുട്ടികൾക്ക് വീഡിയോകോൾ ഒഴികെ സ്ക്രീൻ ഉപയോഗം പൂർണമായും ഒഴിവാക്കണം. അഞ്ച് വയസുവരെയുള്ള കുട്ടികൾക്ക് മാതാപിതാക്കളുടെ അറിവോടെ ഒരു മണിക്കൂറായി നിജപ്പെടുത്തണം. പന്ത്രണ്ട് വയസുവരെ സ്ക്രീൻ സമയം പരമാവധി രണ്ട് മണിക്കൂറായി നിയന്ത്രിക്കണം. പതിനെട്ട് വയസുവരെ പഠനത്തിന് പുറമെ സ്ക്രീൻ സമയം രണ്ട് മണിക്കൂറായി പരിമിതപ്പെടുത്തണം എന്ന മാനസികാരോഗ്യ വിദഗ്‌ധരുടെയും ആരോഗ്യ പ്രവർത്തകരുടെയും കണ്ടെത്തലുകൾ കമ്മിഷൻ അംഗീകരിച്ചു.
സ്കൂളുകളിൽ ഫോൺ കൊണ്ടുവരുന്നതിനും ഉപയോഗിക്കുന്നതിനും നിയന്ത്രണം ആവശ്യമാണ്. നിർദ്ദേശങ്ങൾ ലംഘിക്കുന്ന പക്ഷം ഫോൺ പിടിച്ചെടുക്കാനും ഏഴ് ദിവസത്തിന് ശേഷം രക്ഷിതാക്കളെ വിളിച്ചുവരുത്തി തിരികെ നൽകാനും നിർദ്ദേശമുണ്ട്. ഫോൺ ഉപയോഗം പൂർണ്ണമായി ഒഴിവാക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ, കുട്ടികളെ സുരക്ഷിതമായ ഇന്റർനെറ്റ് ഉപയോഗത്തെക്കുറിച്ച് ബോധവാന്മാരാക്കാൻ (Social Media Literacy) സ്കൂളുകളിൽ പദ്ധതികൾ നടപ്പിലാക്കണമെന്നും കമ്മീഷൻ ചെയർമാൻ കെ.വി. മനോജ് കുമാർ ചൂണ്ടിക്കാട്ടി.

