Wednesday, June 10, 2026
Home » ഇന്ത്യയിലേക്കുള്ള കപ്പൽ അടക്കം രണ്ട് ചരക്ക് കപ്പലുകൾ ഹോർമുസ് കടലിടുക്കിൽ ഇറാൻ പിടിച്ചെടുത്തു.
കപ്പലുകൾ ഹോർമുസ് കടലിടുക്കിൽ

ഇന്ത്യയിലേക്കുള്ള കപ്പൽ അടക്കം രണ്ട് ചരക്ക് കപ്പലുകൾ ഹോർമുസ് കടലിടുക്കിൽ ഇറാൻ പിടിച്ചെടുത്തു.

by Editor

ടെഹ്റാൻ: പശ്ചിമേഷ്യയിലെ സംഘർഷം പുതിയ തലത്തിലേക്ക്. ഹോർമുസ് കടലിടുക്ക് കടക്കാൻ ശ്രമിച്ച രണ്ട് ചരക്ക് കപ്പലുകൾ ഇറാൻ പിടിച്ചെടുത്ത് ഇറാൻ തീരത്തേക്ക് മാറ്റിയതായി റവല്യൂഷനറി ഗാർഡ്‌സ്‌. ഇതിൽ ഒരു കപ്പൽ ദുബായിൽനിന്ന് ഗുജറാത്തിലേക്ക് വരികയായിരുന്നു. നേരത്തെ രണ്ട് കപ്പലുകൾക്ക് നേരെ വെടിവെപ്പ് നടന്നതായി യുകെ മാരിടൈം ഏജൻസി റിപ്പോർട്ട് ചെയ്‌തിരുന്നു. ഈ കപ്പലുകളാണ് ഇറാൻ പിടിച്ചെടുത്തതെന്നാണ് സൂചന.

പനാമയുടെ പതാകയേന്തിയ എം.എസ്.സി ഫ്രാൻസിസ്‌ക, ലൈബീരിയൻ പതാകയുള്ള എപാമിനോണ്ടസ് എന്നീ ചരക്ക് കപ്പലുകളാണ് പിടിച്ചെടുത്തതെന്നാണ് റിപ്പോർട്ടുകൾ. ഇതിൽ എപാമിനോണ്ടാസ് എന്ന ലൈബീരിയൻ പതാകയുള്ള കപ്പൽ യുഎഇലെ ജബൽ അലി തുറമുഖത്ത് നിന്നും ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തേക്കാണ് യാത്ര ചെയ്‌തിരുന്നതെന്നാണ് കപ്പൽ ട്രാക്കിങ് ഡാറ്റയിൽ കാണിക്കുന്നത്. മൂന്നാമതായി ഒരു ഗ്രീക്ക് കപ്പൽകൂടി ലക്ഷ്യമിട്ടതായി ഐആർജിസി വൃത്തങ്ങളെ ഉദ്ധരിച്ച് ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

എം.എസ്.സി ഫ്രാൻസിസ്‌ക ഇറാൻ തീരത്ത് നിന്ന് ഏകദേശം ആറ് നോട്ടിക്കൽ മൈൽ അകലെ, കടലിടുക്കിൽ നിന്ന് പുറപ്പെട്ട് ഒമാൻ ഉൾക്കടലിലേക്ക് തെക്ക് ദിശയിൽ സഞ്ചരിക്കുമ്പോഴാണ് ആക്രമിക്കപ്പെട്ടത്. ഹോർമുസ് കടലിടുക്കിൽ ക്രമവും സുരക്ഷയും തടസപ്പെടുത്തിയെന്ന് ആരോപിച്ചാണ് ഇറാൻ കപ്പലുകൾ പിടിച്ചെടുത്തിരിക്കുന്നത്. അനുമതിയില്ലാതെയാണ് ഈ രണ്ട് കപ്പലുകളും ഹോർമുസ് കടക്കാൻ ശ്രമിച്ചതെന്നും ഐആർജിസിയുടെ പ്രസ്‌താവനയിൽ പറയുന്നു.

ഈ കപ്പലുകൾ രഹസ്യമായി ഹോർമുസ് കടലിടുക്ക് വിട്ട് പുറത്തേക്ക് പോകാൻ ശ്രമിക്കവെയാണ് ഐആർജിസി നാവിക സേനയുടെ യൂണിറ്റുകൾ ഇവയെ കണ്ടെത്തി തടഞ്ഞത്. തന്ത്രപ്രധാനമായ കടലിടുക്കിൽ ഇറാനിയൻ ജനതയുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഇത് ചെയ്തതെന്നാണ് ഇറാൻ്റെ അവകാശവാദം. കപ്പലുകളിലെ ചരക്കുകൾ, രേഖകൾ, മറ്റ് ബന്ധപ്പെട്ട വിവരങ്ങൾ എന്നിവ പരിശോധിക്കുന്നതിനായി ഇവയെ ഇറാനിയൻ തീരദേശങ്ങളിലേക്ക് മാറ്റിയതായും ഐആർജിസി പ്രസ്‌താവനയിൽ വ്യക്തമാക്കി.

പാക്കിസ്ഥാനിൽ നടക്കാനിരുന്ന സമാധാന ചർച്ചകൾ പരാജയപ്പെട്ടതിനു പിന്നാലെയാണ് ഇറാൻ്റെ ഭാഗത്തുനിന്ന് പ്രകോപനമുണ്ടായത്. യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ഇറാനുമായുള്ള വെടിനിർത്തൽ അനിശ്ച‌ിതകാലത്തേക്ക് നീട്ടിയതായി പ്രഖ്യാപിച്ച് മണിക്കൂറുകൾക്കകമാണ് ആക്രമണം നടന്നതെന്നത് സ്‌ഥിതിഗതികൾ സങ്കീർണമാക്കുന്നു. ട്രംപ് വെടിനിർത്തൽ പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഇറാന് മേലുള്ള നാവിക ഉപരോധം തുടരുകയാണ്. ഇറാൻ കപ്പലുകൾ പിടിച്ചെടുത്തതിനെ അമേരിക്ക കടുത്ത ഭാഷയിൽ വിമർശിച്ചിട്ടുണ്ട്.

ലോകത്തെ ആശങ്കയിലാക്കി വീണ്ടും ഇറാന്‍റെ പ്രകോപനം; ഒമാൻ തീരത്ത് കണ്ടെയ്നർ കപ്പലിന് നേരെ ഐ ആർ ജി സി ആക്രമണം.

Send your news and Advertisements

You may also like

error: Content is protected !!