Thursday, June 11, 2026
Home » ലില്ലി – കഥയല്ലിത്
ലില്ലി - കഥയല്ലിത്

ലില്ലി – കഥയല്ലിത്

by Editor

ലില്ലി വെറും maid അല്ല, ബി എ മലയാളം മൂന്നാം വർഷം ആയപ്പോ ഒരു നിർമാണ തൊഴിലാളി ആയിരുന്ന ബാബുവുമായി ഒളിച്ചോടി കെട്ടിയതാണ്. കുറച്ച് കുട്ടികളെ മലയാളം പഠിപ്പിക്കുക ഒപ്പം വീടുകളിൽ സഹായിക്കുക, അങ്ങനെ ലില്ലിക്കു തിരക്കാണ്.
“രണ്ടാളും കൂടി സമ്പാദിയ്ക്കുവാണല്ലോ പിള്ളേരും പിറുങ്ങിണിയുമില്ലാത്തത് അങ്ങനേം ലാഭം” എന്ന് കമന്റുന്നവരോട് ‘നിങ്ങക്കും പിള്ളേര് വേണ്ടാന്ന് വെച്ചാപ്പോരാരുന്നോ’.. അങ്ങനെ ചുട്ട counter കൊടുക്കുന്ന ലില്ലിയെ എനിക്കിഷ്ടമാണ്. ബാബു എന്നും കഷ്ടപ്പെടുന്ന കൂട്ടത്തിലാണ്. പക്ഷെ ഈയിടെ ഉണ്ടായ ഒരു പക്ഷാഘാതം അയാളെ കിടത്തി കളഞ്ഞു.

ന്യൂസ്‌പേപ്പർ കെട്ടും കുറച്ചു പ്ലാസ്റ്റിക്ക് സാധനങ്ങളും ആക്രിക്കടേൽ കൊടുക്കാൻ കൂട്ടുവരാനാണ് അന്നവൾ എന്റെ കാറിൽ കേറിയത്. തിരിച്ചുവരുമ്പോൾ ലില്ലിയെ അവളുടെ വീടിനു മുന്നിൽ വിടാമെന്നായിരുന്നു പ്ലാൻ.
‘ഇന്ന് ബാബൂന് മൂഡ് ശെരിയല്ല ചേച്ചി, മിണ്ടാട്ടവും ഉരിയാട്ടവും ഇല്ല, ഇടയ്ക്കങ്ങനാ. ങാ സമാധാനമുണ്ട്. അതുകൊണ്ടാ ഇന്ന് ഞാൻ നേരത്തെ വന്നതും.’

‘ബാബൂന് frustration കാണും ലില്ലി, എപ്പോഴും ഓടി നടന്നിരുന്ന ആളിന് കിടക്കുന്നത് ഒരു ശിക്ഷയല്ലേ’
‘അറിയാം ചേച്ചി എനിക്ക് കുഴപ്പമില്ല വീട്ടിൽ സ്വസ്ഥതയും ശാന്തതയും ഉണ്ടല്ലോ. അല്ലാതെ ചുമ്മാ അലമ്പ്…’
ലില്ലി മുഴുവൻ പറഞ്ഞില്ല!

അവളുടെ വീടെത്തി ‘ചേച്ചി കേറി വാ. ഞാൻ ലോലോലിക്ക കൂടി തന്നു വിടാം ‘
ഞാൻ പുറത്ത് wait ചെയ്തു. വൃത്തിയുള്ള പരിസരം. അകത്തൂന്ന് അവരുടെ സംസാരം കേൾക്കാം.എടുത്ത് വെച്ച ഭക്ഷണം കഴിച്ചോ എന്ന് ലില്ലി ചോദിച്ചിരിക്കണം. ബാബൂന്റെ മറുപടി ഭയങ്കര ഉറക്കെ ആണ് ‘എനിക്ക് എഴുനേൽക്കാൻ എന്ത് പാടാന്ന് അറിയാതാണോ നീ പാത്രം ആ പൊക്കത്ത് കൊണ്ടുവെച്ചത്. എന്തുപ്പാ കറിക്ക്! എന്നെ കൊല്ലാനാണോ ഇത്രേം ചേർത്തെ! എല്ലാ ദിവസവും ഒരേ കറി… ഒന്നും പുതിയത് ചെയ്യാൻ പറ്റില്ലേ നിനക്ക്, ഞാൻ ഇങ്ങനെ കിടക്കുന്നത് കൊണ്ട് എന്തു തന്നാലും തിന്നോളുവല്ലോല്ലെ’

ലില്ലിയും വിട്ടുകൊടുക്കുന്നില്ല… ‘എനിക്കിത്രേം കൈപ്പുണ്യമൊക്കെ ഉള്ളു. ആ ലക്ഷ്മി നായരേയോ വല്ലോം വിളിച്ചു cook ചെയ്യിപ്പിക്കാം എന്തേ …’

ഞാൻ കാത്ത് നിൽക്കുന്ന കാര്യം അറിയാതെ ആണല്ലോ ബാബു ബഹളം വെക്കുന്നത്. പക്ഷെ ലില്ലി….

ഞാൻ മുറ്റത്തേക്കിറങ്ങി. ലില്ലി പിന്നിൽ നിന്നും വിളിച്ചു ‘ചേച്ചി പേടിച്ചോടണ്ട…ഇത് നോർമൽ! ആള് പാത്രം വടിച്ചു കഴിച്ചിട്ടുമുണ്ട് ‘ (അവൾ ചിരിക്കുന്നുണ്ടായിരുന്നു)
പിന്നെ തൊട്ടടുത്തെത്തി ശബ്ദം താഴ്ത്തി ‘ഞാൻ തളർന്നുപോയാൽ ബാബു മുഴുവൻ തളരും അതുകൊണ്ട് ഞാൻ കരയുന്നപോലും ഒളിച്ചാ. ചേച്ചിക്കറിയുവോ ഒറ്റപ്പെടൽ എന്നത് ഒപ്പം ആരും ഇല്ലാത്തത് അല്ല നമ്മളെ കേൾക്കാൻ ആരുമില്ലാത്ത അവസ്ഥയാണ്, പറയാതെ ഇരിക്കുന്ന വാക്കുകളാണ് നെഞ്ച് പൊട്ടിക്കുന്നത്. ശബ്ദമില്ലാത്ത മുറി എനിക്ക് പേടിയാ ചേച്ചി അതോണ്ട് ഞാൻ പുള്ളിയെ maximum ചൊറിയും’ അവൾ വീണ്ടും ചിരിച്ചു!

സങ്കടങ്ങളും നോവുകളും വിട്ടൊഴിയാത്തപ്പോഴും, മറയാകുന്ന ചിലരുടെ ചിരിക്ക് എത്ര ഭംഗിയാണ്!
പക്ഷെ എനിക്ക് കരയാൻ തോന്നി.
ലോലോലിക്കയുമായി കുത്തനെയുള്ള ഇറക്കം ഇറങ്ങുമ്പോൾ സ്വയം വിയർപ്പാണെന്ന് നടിച്ച്, ഒരു പൊട്ടചിരിയുടെ പിന്നിൽ ഞാനാ കണ്ണീർ മറച്ചുവെച്ചു.

രാരിമ ശങ്കരൻകുട്ടി

Send your news and Advertisements

You may also like

error: Content is protected !!