Thursday, June 11, 2026
Home » പാക്കിസ്ഥാനിലേക്കുള്ള യുഎസ് പ്രതിനിധി സംഘത്തിന്റെ യാത്ര ട്രംപ് റദ്ദാക്കി.
സമാധാന ചർച്ച

പാക്കിസ്ഥാനിലേക്കുള്ള യുഎസ് പ്രതിനിധി സംഘത്തിന്റെ യാത്ര ട്രംപ് റദ്ദാക്കി.

by Editor

വാഷിങ്ടൺ: ഇറാനുമായി സമാധാന ചർച്ചകൾ നടത്താൻ നിശ്ചയിച്ചിരുന്ന യുഎസ് പ്രതിനിധി സംഘത്തിന്റെ പാക്കിസ്ഥാൻ യാത്ര പ്രസിഡന്റ് ഡോണൾഡ് ട്രംപ് റദ്ദാക്കി. ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറഗ്ചിയുടെ നേതൃത്വത്തിലുള്ള സംഘം ചർച്ചകൾക്കായി കാത്തുനിൽക്കാതെ ഇസ്ലാമാബാദിൽ നിന്ന് മടങ്ങിയതിനെത്തുടർന്നാണ് ട്രംപ് യാത്ര റദ്ദാക്കിയത്.

ചര്‍ച്ചകള്‍ക്കായി പോകേണ്ടെന്ന് ഡോണള്‍ഡ് ട്രംപ് അമേരിക്കൻ സംഘത്തിന് നിര്‍ദേശം നൽകി. വേണമെങ്കിൽ ഇറാൻ ഇങ്ങോട്ട് സമീപിക്കട്ടെ എന്നാണ് നിലപാടെന്നും ട്രംപ് വ്യക്തമാക്കി. അനാവശ്യ യാത്രകൾ ഒരുപാടായെന്നും ഇറാൻ നേതൃത്വത്തിൽ ആരാണെന്ന് അവർക്ക് പോലും അറിയില്ലെന്നും ട്രംപ് വ്യക്തമാക്കിയതായി അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. യാത്ര റദ്ദാക്കിയതിന് പിന്നാലെ 10 മിനിറ്റിനുള്ളിൽ ഇറാൻ പുതിയൊരു നിർദ്ദേശം കൂടി സമർപ്പിച്ചതായി ട്രംപ് വെളിപ്പെടുത്തി. ഇത് നേരത്തെയുള്ളതിനേക്കാൾ ഭേദപ്പെട്ടതാണെങ്കിലും അമേരിക്കയുടെ നിബന്ധനകൾ പൂർണ്ണമായും അംഗീകരിക്കുന്നതല്ല എന്നും അദ്ദേഹം പറഞ്ഞു.

“എല്ലാ കാർഡുകളും ഞങ്ങളുടെ കൈവശമാണ്” എന്ന് പറഞ്ഞ ട്രംപ്, ഇനി ചർച്ചകൾ വേണമെങ്കിൽ ഇറാൻ നേരിട്ട് ഫോണിൽ വിളിക്കണമെന്നും 18 മണിക്കൂർ നീണ്ട വിമാനയാത്രകളുടെ ആവശ്യമില്ലെന്നും വ്യക്തമാക്കി. ഹോർമുസ് കടലിടുക്കിൽ അമേരിക്കൻ നാവികസേന ഇറാനുമായി ബന്ധമുള്ള കപ്പലുകൾ തടയുന്നത് തുടരുകയാണ്. ഇതുവരെ 37 കപ്പലുകൾ ഇത്തരത്തിൽ പിടിച്ചെടുത്തതായി റിപ്പോർട്ടുകൾ പറയുന്നു.

അതേസമയം അമേരിക്കയുമായി സമാധാന ചർച്ചകളിൽ നിലനിൽക്കുന്ന ആശങ്കകളും തങ്ങളുടെ നിർദേശങ്ങളും ഇറാൻ പാക്കിസ്ഥാന് കൈമാറി. ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരഗ്‍ച്ചി പാക് പ്രധാനമന്ത്രി, വിദേശകാര്യമന്ത്രി, സേനാ മേധാവി എന്നിവരുമായി ചർച്ചകൾ നടത്തി. പാക്കിസ്ഥാനിലെ കൂടിക്കാഴ്ചകള്‍ക്കുശേഷം ഇറാൻ വിദേശകാര്യമന്ത്രി ഒമാനിലേക്കും പിന്നീട് റഷ്യയിലേക്കും പോകും. ഇതിനിടെ പാക് പ്രസിഡന്‍റ് ചൈനയിലേക്കും യാത്ര തിരിച്ചു.

ഇറാൻ ചർച്ചകൾക്കായി യു.എസ് മിഡിൽ ഈസ്റ്റ് പ്രിതിവിധി സ്റ്റീവ് വിറ്റ്കോഫും ജാരിദ് കഷ്നറും ആണ് ചര്‍ച്ചകള്‍ക്കായി പാക്കിസ്ഥാനിലേ ഇസ്ലാമാബാദിലേക്ക് പോകാനിരുന്നത്. ആണവ വിഷയത്തിൽ തങ്ങൾ പരിധികൾ വെച്ചിട്ടുണ്ടെന്നാണ് ഇറാൻ വ്യക്തമാക്കുന്നത്. മേഖലയിൽ അമേരിക്ക വൻതോതിൽ സൈനിക സന്നാഹം കൂട്ടുന്നുണ്ട്. നിരവധി ടാങ്കർ വിമാനങ്ങൾ ഇസ്രയേലിൽ വിന്യസിച്ചതായാണ് റിപ്പോർട്ടുകൾ. സമവായം ഉണ്ടായില്ലെങ്കിൽ ആക്രമണം കടുപ്പിക്കുമെന്നാണ് സൂചന. ചുരുക്കത്തിൽ, മധ്യസ്ഥതയ്ക്കുള്ള ശ്രമങ്ങൾ പരാജയപ്പെട്ടതോടെ ഗൾഫ് മേഖല വീണ്ടും ഒരു യുദ്ധസമാനമായ അവസ്ഥയിലേക്ക് നീങ്ങുകയാണ്.

രണ്ടാംഘട്ട ചർച്ച: ഉന്നതതല നയതന്ത്ര പ്രതിനിധി സംഘങ്ങൾ പാക്കിസ്ഥാനിൽ.

Send your news and Advertisements

You may also like

error: Content is protected !!