Sunday, April 26, 2026
Home » പച്ചമനുഷ്യരെ പച്ചക്ക് കത്തിക്കുന്ന ആചാരങ്ങൾ വേണ്ട!
പച്ചമനുഷ്യരെ പച്ചക്ക് കത്തിക്കുന്ന ആചാരങ്ങൾ വേണ്ട!

പച്ചമനുഷ്യരെ പച്ചക്ക് കത്തിക്കുന്ന ആചാരങ്ങൾ വേണ്ട!

by Editor
Send your news and Advertisements

മുൻപ്‌ ജോലിയുടെ ഭാഗമായി പലവിധ അപകടങ്ങളിൽ പെട്ട മനുഷ്യരെ കാണുവാനും അവിടെയൊക്കെ സംയമനത്തോടെ ഇടപെടാനും എനിക്ക് കഴിഞ്ഞിട്ടുണ്ട്, എന്നാൽ പൊള്ളലേറ്റ് കിടക്കുന്ന മനുഷ്യരെ കണ്ടുനിൽക്കുവാൻ എന്റെ മനസിന്‌ ഒരിക്കലും സാധിച്ചില്ല. തൃശൂർ മുണ്ടത്തിക്കോട് ഉണ്ടായ വെടിക്കെട്ട് അപകടം നമ്മുടെ സാംസ്‌ക്കാരിക കേരളത്തിൽ തീർച്ചയായും ഒരു വീണ്ടുവിചാരത്തിന് വഴി തുറക്കേണ്ടതുണ്ട്. ഏതാണ്ട് നാൽപതോളം പേർക്ക് പരിക്കും പതിനാല് മരണങ്ങളും സംഭവിച്ച ഈ അപകടത്തിൽ അഞ്ചുപേർ ഗുരുതരമായ് തുടരുന്നു, നാലുപേരെ ഇനിയും കണ്ടെത്തുവാൻ കഴിഞ്ഞിട്ടില്ല.

പാവപ്പെട്ട പച്ചമനുഷ്യരെ പച്ചയ്ക്ക് കത്തിച്ചു കളയുന്ന വെടിക്കെട്ട് എന്ന ആചാരം ഇനി നമ്മുടെ പള്ളിയങ്കണങ്ങളിലും ക്ഷേത്രമൈതാനികളിലും വേണോ എന്ന പുനർചിന്തനം നമുക്കുണ്ടാകണം. ആകാശത്തു വിരിയുന്ന പലവർണ്ണങ്ങളിലെ മത്താപ്പൂ കാണുവാൻ നല്ല ചേലാണ്. എന്നാൽ അതിന്റെ പിന്നിൽ ഏതുനിമിഷവും ചിന്നിച്ചിതറിയേക്കാവുന്ന കുറെ പാവപ്പെട്ട പച്ചമനുഷ്യരുടെ ജീവിതങ്ങളും ഉണ്ടെന്നുള്ള ബോധ്യം നമുക്കുണ്ടാകണം,

ഓർമ്മവെച്ച നാൾമുതൽ തൃശ്ശൂർപൂരം കാണുന്ന ഒരു തൃശ്ശൂർക്കാരിയുടെ വാക്കുകൾ ഇങ്ങെനെ.. “ഇത് കൊണ്ട് ആർക്കെങ്കിലും എന്തെങ്കിലും ഗുണമുണ്ടോ..? പൂരപ്പറമ്പിനടുത്തു ഒരുപാട് ആശുപത്രികളുണ്ട്. അവിടെ ആ സമയങ്ങളിൽ ജനിക്കുന്ന കുഞ്ഞുങ്ങൾ, രോഗികൾ എല്ലാവർക്കും ഇത് എത്രമാത്രം ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട് എന്ന് ആരും ചിന്തിക്കുന്നില്ല”

ആവർത്തിക്കുന്ന ദുരന്തങ്ങൾ കണ്ട് ജനങ്ങളും പ്രതികരിച്ചു തുടങ്ങി വെടിക്കെട്ട് എന്നേ നിറുത്തലാക്കേണ്ട സമയം കഴിഞ്ഞു.. അതോ ഇനിയും ഒരുപാട് പേരുടെ ജീവനെടുത്തിട്ടേ ഇതൊക്കെ നിറുത്തലാക്കു എന്നാണോ!. പോരാഞ്ഞിട്ട് പരിസര മലിനികരണവും, ശബ്ദമലിനീകരണവും, വായൂ മലിനീകരണവും. കാശു വാരി കത്തിച്ചു കളയുക അതാണിതിന്റെയൊക്കെ അവസാനം. ഈ പണമൊക്കെ വേറെ എത്രയോ നല്ലകാര്യങ്ങൾക്ക് ഉപയോഗിക്കുവാൻ കഴിയും!.

എത്രയോ വെടിക്കെട്ടാപകടങ്ങൾ കേരളത്തിൽത്തന്നെ നടന്നു. അതിൽത്തന്നെ എത്രയോ ജീവനുകൾ പൊലിഞ്ഞു. ആചാരത്തിന്റെ പേരിൽ വെടിക്കെട്ടുകൾ ഇന്നും നടന്നുകൊണ്ടിരിക്കുന്നു. എത്ര കണ്ടാലും കൊണ്ടാലും അതിൽനിന്നൊന്നും ഒരു പാഠവും പഠിക്കാത്തവർ. ആചാരം, അതിനെ തൊട്ടുകളിക്കുന്നതിലെ ‘അപകടവസ്ഥ ‘രാഷ്ട്രീയ പാർട്ടികൾക്കെല്ലാം ബോധ്യമുള്ളതുകൊണ്ടാകാം ഇത് ഇന്നും തുടർന്നുകൊണ്ടിരിക്കുന്നതും.

ഏതായാലും ഈ വെടിക്കെട്ട് ദുരന്തം സാംസ്കാരിക കേരളത്തിൽ വലിയൊരു മാറ്റങ്ങൾക്ക് വഴി തുറക്കട്ടെ, വെടിക്കെട്ട് മാത്രമല്ല തുടരെത്തുടരെ ദുരന്തങ്ങളായി മാറുന്ന നമ്മുടെ ഉത്സവക്കാലത്തെ ആന എഴുന്നെള്ളിപ്പുകളും ഒഴിവാക്കണം. അതുപോലെ അഗ്നികാവടി, കുട്ടികളുടെയും മുതിർന്നവരുടെയും ദേഹത്തു കുത്തിത്തുളച്ചുള്ള കാവടിശൂലങ്ങൾ, തുടങ്ങി മനുഷ്യന് ദോഷങ്ങളായി മാറുന്ന കാര്യങ്ങൾ, ആചാരങ്ങൾ എന്ന പേരിൽ ഇനി നമുക്ക് വേണോ എന്ന് പുനർചിന്തിക്കുവാൻ ഓരോരുത്തർക്കും കഴിയട്ടെ, ആചാരങ്ങളും ആഘോഷങ്ങളും ജനമനസുകളിൽ സന്തോഷം നിറയ്ക്കുന്നതാക്കണം അല്ലാതെ ഒരു ആയുസ്സിന്റെ മുഴുവൻ സമ്പാദ്യവും പ്രിയപ്പെട്ടവരെയും ചാരമാക്കാനാവരുത്.

വെടിക്കെട്ട് പുരകൾക്ക് തീപിടിക്കുമ്പോൾ എരിഞ്ഞുതീരുന്നത് വെറും വെടിമരുന്നല്ല, ഒരുപിടി മനുഷ്യരുടെ സ്വപ്നങ്ങളും പ്രതീക്ഷകളുമാണ്. ഒന്നിനുപുറകെ ഒന്നായി ദുരന്തങ്ങൾ ആവർത്തിക്കപ്പെടുമ്പോഴും നാം എന്തിനാണ് ഈ അപകടകരമായ രീതിയെ മുറുകെ പിടിക്കുന്നത്?

മനുഷ്യസമൂഹത്തിന് ദോഷമാകുന്നവ മാറ്റിക്കളയുവാൻ ഇതേ ജനസമൂഹം തന്നെ മുന്നോട്ട് വരേണ്ടതുണ്ട്. അതിനായി ഈ സന്ദേശം പങ്കിട്ടു പോകുക. ദുരന്തങ്ങൾ നമ്മുടെ നാട്ടിൽ പഴങ്കഥകളായി മാറട്ടെ.

എം.തങ്കച്ചൻ ജോസഫ്

You may also like

error: Content is protected !!