Friday, June 5, 2026
Home » ലെബനോനിൽ ഇസ്രായേൽ ആക്രമണം തുടരുന്നു; ഹിസ്ബുള്ള കമ്മാൻഡറെ വധിച്ചു.
ലെബനോനിൽ ഇസ്രായേൽ ആക്രമണം തുടരുന്നു; ഹിസ്ബുള്ള കമ്മാൻഡറെ വധിച്ചു.

ലെബനോനിൽ ഇസ്രായേൽ ആക്രമണം തുടരുന്നു; ഹിസ്ബുള്ള കമ്മാൻഡറെ വധിച്ചു.

by Editor

ബെയ്‌റൂട്ട്: ലെബനോനിൽ ഇസ്രായേൽ ആക്രമണം തുടരുന്നു. ഇന്ന് നടത്തിയ ആക്രമണത്തിൽ ഹിസ്ബുള്ളയുടെ എഞ്ചിനീയറിങ് വിഭാഗം കമാൻഡറായ അബ്ദുൾ ഹർബിനെ (Abdul Harb) വധിച്ചതായി ഇസ്രായേൽ സൈന്യം സ്ഥിരീകരിച്ചു. അമേരിക്കയുടെ മധ്യസ്ഥതയിൽ രൂപീകരിച്ച വെടിനിർത്തൽ ധാരണകൾ നിലനിൽക്കുന്നുണ്ടെങ്കിലും, അതിരൂക്ഷമായ വ്യോമാക്രമണങ്ങളും ശക്തമായ പ്രത്യാക്രമണങ്ങളുമാണ് അതിർത്തി മേഖലകളിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നത്.

തെക്കൻ ലെബനോനിൽ ഇസ്രായേൽ സൈന്യത്തിന് നേരെ സ്ഫോടകവസ്തുക്കൾ സ്ഥാപിക്കുന്നതിലും ആക്രമണങ്ങൾ ആസൂത്രണം ചെയ്യുന്നതിലും ഇയാൾക്ക് പ്രധാന പങ്കുണ്ടായിരുന്നുവെന്നാണ് ഇസ്രായേൽ വ്യക്തമാക്കുന്നത്. ഇതിനു മുൻപ് മെയ് മാസത്തിലും ഹിസ്ബുള്ളയുടെ പ്രമുഖ കമാൻഡറായ അഹമ്മദ് അലി ബലൂത് (Ahmed Ali Balout) ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളെ ഇസ്രായേൽ വധിച്ചിരുന്നു.

അമേരിക്കയുടെ മധ്യസ്ഥതയിൽ ഇസ്രായേലും ലെബനൻ സർക്കാരും ഒപ്പുവെച്ച വെടിനിർത്തൽ കരാർ ഹിസ്ബുള്ള മേധാവി നയീം ഖാസിം തള്ളി. ഈ കരാർ ലെബനനെ അടിമപ്പെടുത്താനുള്ളതാണെന്ന് ഹിസ്ബുള്ള ആരോപിക്കുന്നു. തെക്കൻ ലെബനോനിൽ നിന്ന് തങ്ങളുടെ സൈന്യത്തെ പിൻവലിക്കില്ലെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ് വ്യക്തമാക്കിയതോടെ സമാധാന ശ്രമങ്ങൾ വീണ്ടും പ്രതിസന്ധിയിലായിരിക്കുകയാണ്.

ഇതുവരെ ലെബനോനിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 3,500 കടന്നതായാണ് ലെബനൻ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. ലിതാനി നദിക്ക് വടക്കുള്ള മൂന്ന് ഗ്രാമങ്ങളിലെ ജനങ്ങളോട് അടിയന്തരമായി ഒഴിഞ്ഞുപോകാൻ ഇസ്രായേൽ സൈന്യം വീണ്ടും കടുത്ത മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ മേഖലകളിൽ വരും മണിക്കൂറുകളിൽ ശക്തമായ ആക്രമണം ഉണ്ടാകുമെന്നാണ് സൂചന.

ഇസ്രായേൽ സൈന്യം ലെബനനിൽ നിന്ന് പൂർണ്ണമായി പിൻവാങ്ങാതെയും ആക്രമണം പൂർണ്ണമായി നിർത്താതെയും തങ്ങൾ പ്രതിരോധം അവസാനിപ്പിക്കില്ലെന്ന് ഹിസ്ബുള്ള വ്യക്തമാക്കി. ഇസ്രായേലി ടാങ്കുകൾക്ക് നേരെ ഹിസ്ബുള്ള മിസൈൽ ആക്രമണം നടത്തുകയും ഒരു ഇസ്രായേലി സൈനികൻ കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്.

അമേരിക്കയും ഇറാനും തമ്മിലുള്ള ഈ സൈനിക സംഘർഷം പൂർണ്ണമായി അവസാനിക്കണമെങ്കിൽ ഇസ്രായേൽ ലെബനോനിൽ നടത്തുന്ന ആക്രമണങ്ങൾ നിർത്തിവെക്കണമെന്ന് ഇറാന്റെ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ലെബനോനിലെ ഹിസ്ബുള്ള കേന്ദ്രങ്ങൾക്ക് നേരെ ഇസ്രായേൽ ആക്രമണം തുടരുന്നതിൽ പ്രതിഷേധിച്ചാണ് ഇറാൻ അമേരിക്കൻ താവളങ്ങളെ ലക്ഷ്യമിടുന്നത്.

ഇസ്രായേലിലെ ജനങ്ങളോട് ഒഴിഞ്ഞുപോവാൻ ഇറാൻ; ബെയ്റൂട്ടിൽ ആക്രമണം നടത്തിയാൽ കനത്ത തിരിച്ചടിയെന്ന് ഭീഷണി.

ലെബനനിലെ 900 വർഷം പഴക്കമുള്ള ബ്യൂഫോർട്ട് കോട്ടയും അതിനടുത്തുള്ള തന്ത്രപ്രധാനമായ കുന്നുകളും ഇസ്രായേൽ പിടിച്ചെടുത്തു.

Send your news and Advertisements

You may also like

error: Content is protected !!