Thursday, July 17, 2025
Mantis Partners Sydney
Home » ലണ്ടൻ – കൊച്ചി ഡയറക്ട് വിമാന സർവീസുകൾ എയർ ഇന്ത്യ റദ്ദാക്കുന്നു; സർവീസുകൾ പുനഃസ്ഥാപിച്ചെടുക്കാനുള്ള ശ്രമത്തിൽ മലയാളികൾ.
എയര്‍ ഇന്ത്യ

ലണ്ടൻ – കൊച്ചി ഡയറക്ട് വിമാന സർവീസുകൾ എയർ ഇന്ത്യ റദ്ദാക്കുന്നു; സർവീസുകൾ പുനഃസ്ഥാപിച്ചെടുക്കാനുള്ള ശ്രമത്തിൽ മലയാളികൾ.

by Editor

ലണ്ടൻ: ബ്രിട്ടനിലെ മലയാളികളുടെ നാട്ടിലേക്കുള്ള യാത്രയ്ക്ക് ഏറെ സഹായകമായിരുന്ന ലണ്ടൻ- കൊച്ചി ഡയറക്ട് വിമാന സർവീസുകൾ എയർ ഇന്ത്യ നിർത്തലാക്കുന്നു. മാർച്ച് 30 മുതൽ ലണ്ടനിലെ ഗട്ട്വിക് വിമാനത്താവളത്തിൽനിന്നും കൊച്ചിയിലേക്ക് നിലവിൽ ആഴ്ചയിൽ 3 സർവീസുകൾ ഉണ്ടായിരുന്നതാണ് നിർത്തലാക്കുന്നത്.

കോവിഡ് കാലത്ത് വന്ദേഭാരത് മിഷന്റെ ഭാഗമായി തുടങ്ങിയ ഈ സർവീസ് തുടക്കത്തിൽ ആഴ്ചയിൽ ഒരെണ്ണമായിരുന്നു. എന്നാൽ പിന്നീട് യാത്രക്കാരുടെ എണ്ണം അനുദിനം വർധിച്ചുവരികയും ഇന്ത്യയിലേക്കുള്ള ഏറ്റവും ജനപ്രിയ റൂട്ടുകളിലൊന്നായി ഇതു മാറുകയും ചെയ്തതോടെ സർവീസ് ആഴ്ചയിൽ രണ്ടായും, പിന്നീട് മൂന്നായും ഉയർത്തുകയായിരുന്നു. ഇപ്പോൾ ന്യായമായ ഒരു കാരണവും പറയാതെയാണ് പൊടുന്നനെ സർവീസുകൾ നിർത്തലാക്കാനുള്ള തീരുമാനം എയർ ഇന്ത്യ കൈക്കൊണ്ടത്. മാർച്ച് 30-നു ശേഷം ഈ റൂട്ടിൽ ബുക്കിങ് എടുക്കുന്നില്ല. നേരത്തെ ഈ സർവീസുകളിൽ ടിക്കറ്റ് ബുക്കു ചെയ്തിരുന്നവർക്ക് മറ്റു വഴികളിലൂടെ യാത്ര ഒരുക്കാമെന്ന ഉറപ്പു നൽകുകയും ചെയ്തു. ഇത് സ്വീകാര്യമല്ലാത്തവർക്ക് ടിക്കറ്റ് ചാർജ് തിരികെ നൽകും.

ചുരുങ്ങിയ കാലംകൊണ്ട് നാട്ടിലേക്കുള്ള ലൈഫ് ലൈനായി മാറിയ എയർ ഇന്ത്യ സർവീസുകൾ നിർത്തലാക്കിയതിന്റെ നിരാശയിലും സങ്കടത്തിലുമാണ് ബ്രിട്ടനിലെ മലയാളികൾ ഒന്നടങ്കം. ഓൺലൈൻ പെറ്റീഷനിലൂടെയും വിവധ സംഘടനകളുടെ നേതൃത്വത്തിലും എംപിമാരുടെയും മുഖ്യമന്ത്രിയുടെയും പ്രധാനമന്ത്രിയുടെയും ശ്രദ്ധയിൽ വിഷയം കൊണ്ടുവന്ന് സർവീസുകൾ പുനഃസ്ഥാപിച്ചെടുക്കാനുള്ള ശ്രമത്തിലാണ് ബ്രിട്ടനിലെ മലയാളികൾ. വിവിധ ട്രാവൽ ഏജൻസികൾ സംയുക്തമായി എയർ ഇന്ത്യ മാനേജ്മെന്റിനുമേലും സർവീസിനായി ശക്തമായ സമ്മർദവും സ്വാധീനവും ചൊലുത്തുന്നുണ്ട്.

2023-ലും സമാനമായ രീതിയിൽ ഈ സർവീസുകൾ നിർത്തലാക്കാൻ ശ്രമം ഉണ്ടായിരുന്നു. എന്നാൽ മലയാളി സംഘടനകളും മറ്റും എംപിമാരുടെയും അന്നത്തെ കേന്ദ്രമന്ത്രി വി. മുരളീധരന്റെയും സഹായത്തോടെ നടത്തിയ ശ്രമങ്ങൾ വിജയിച്ചതിനാൽ സർവീസുകൾ മുടങ്ങിയില്ല. സമാനമായ ഇടപെടലുകളാണ് ഇക്കുറിയും ഉണ്ടാകേണ്ടത്. കേന്ദ്രമന്ത്രി സുരേഷ്ഗോപിയുടെ സഹായമാണ് ഇക്കാര്യത്തിൽ അടിയന്തരമായി ഉണ്ടാകേണ്ടതെന്ന വിശ്വാസമാണ് ബ്രിട്ടനിലെ മലയാളി സമൂഹത്തിനുള്ളത്.

കൊച്ചി വിമാനത്തിന്റെ കാര്യത്തിൽ അടിയന്തര ഇടപെടൽ ഉണ്ടാകണമെന്നാവശ്യപ്പെട്ട് ബ്രിട്ടനിലെ മലയാളി സംഘടനകളുടെ കൂട്ടായ്മയായ യുക്മ ഓൺലൈൻ പെറ്റീഷൻ ആരംഭിച്ചു.

Send your news and Advertisements

You may also like

error: Content is protected !!