20
ബർലിൻ: ജർമനിയിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രമായ ശ്രീ ഗണേഷ് ഹിന്ദു ടെംപിൾ ബർലിനിലെ നോയ്കോൾൺ (Neukölln) ജില്ലയിൽ ഭക്തർക്കായി തുറന്നുകൊടുത്തു. ഏകദേശം 20 വർഷത്തെ നീണ്ട കാത്തിരിപ്പിനും ആസൂത്രണങ്ങൾക്കും ശേഷമാണ് ഈ പ്രൗഢഗംഭീരമായ ആരാധനാലയം യാഥാർഥ്യമായത്.
വിഘ്നേശ്വരനായ ഗണപതി ഭഗവാനാണ് ഈ ക്ഷേത്രത്തിലെ മുഖ്യ പ്രതിഷ്ഠ. 2026 ജൂൺ 3 മുതൽ 7 വരെ നീണ്ടുനിന്ന മഹാ കുംഭാഭിഷേകത്തോടെയാണ് ക്ഷേത്രത്തിന്റെ ഉദ്ഘാടന ചടങ്ങുകൾ സംഘടിപ്പിച്ചത്. യൂറോപ്പിലെ തന്നെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രങ്ങളിൽ ഒന്നാണിത്. ജർമനിയിലെ ഇന്ത്യൻ സമൂഹത്തിന് തങ്ങളുടെ സാംസ്കാരിക പൈതൃകം നിലനിർത്താനും ഒത്തുചേരാനുമുള്ള ഒരു വലിയ സാംസ്കാരിക കേന്ദ്രമായി ഇത് മാറും. ബർലിനിൽ ഉയരുന്ന രണ്ടാമത്തെ വലിയ ഹിന്ദു ക്ഷേത്രമാണിത്.

