Home » അമേരിക്കയിൽ ഇന്ത്യൻ യുവാവ് വെടിയേറ്റ് മരിച്ചു.
അമേരിക്കയിൽ ഇന്ത്യൻ യുവാവ് വെടിയേറ്റ് മരിച്ചു.

അമേരിക്കയിൽ ഇന്ത്യൻ യുവാവ് വെടിയേറ്റ് മരിച്ചു.

by Editor

ന്യൂയോർക്ക്: അമേരിക്കയിലെ ഫിലാഡൽഫിയയിൽ തെലങ്കാന സ്വദേശിയായ അൻഷുൽ കുഞ്ച (28) എന്ന ഇന്ത്യൻ യുവാവ് പിസ ഡെലിവറിക്കിടെ വെടിയേറ്റ് മരിച്ചു. വ്യാജ ഓർഡർ നൽകി വിജനമായ സ്ഥലത്തേക്ക് വിളിച്ചുവരുത്തിയാണ് ഇദ്ദേഹത്തെ കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക വിവരങ്ങൾ. ശനിയാഴ്ച രാത്രി ഫിലാഡൽഫിയയിലെ ഒരു വിജനമായ സ്ഥലത്തേക്ക് പിസ ഡെലിവറി ചെയ്യാനെത്തിയ അൻഷുലിന് നേരെ ആക്രമണമുണ്ടാകുകയായിരുന്നു. വെടിയേറ്റ അദ്ദേഹം സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു.

ഹൈദരാബാദിൽ നിന്ന് ബി.ടെക് പൂർത്തിയാക്കിയ ശേഷം ഉപരിപഠനത്തിനായാണ് അൻഷുൽ അമേരിക്കയിലേക്ക് പോയത്. കഴിഞ്ഞ നാല് വർഷമായി അമേരിക്കയിൽ താമസിക്കുന്ന അദ്ദേഹം പഠനശേഷം അവിടെ ‘കെ.ഡബ്ല്യു.സി’ എന്ന ബഹുരാഷ്ട്ര കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു. അധിക വരുമാനത്തിനായി വാരാന്ത്യങ്ങളിൽ പിസ ഡെലിവറി എക്സ്‌സിക്യുട്ടീവായും ജോലി ചെയ്‌തിരുന്നു. ഓർഡർ ലഭിച്ചതു പ്രകാരം പിസ എത്തിക്കാനായി പുറപ്പെട്ട അൻഷുലിനു നേരെ അജ്ഞാതൻ വെടിയുതിർക്കുകയായിരുന്നു. തലയിൽ പലതവണ വെടിയേറ്റ അൻഷുൽ സംഭവ സ്ഥലത്ത് തന്നെ മരണമടഞ്ഞു.

വ്യാജ പിസ ഓർഡറിലൂടെ ആസൂത്രിതമായി നടത്തിയ കൊലപാതകമാണെന്ന് കുടുംബം ആരോപിച്ചു. പിസ ഓർഡർ ചെയ്‌ത്‌ അൻഷുലിനെ ഉദേശിച്ച സ്ഥലത്ത് എത്തിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് കുടുംബത്തിൻ്റെ ആരോപണം. “പിസ എത്തിക്കാൻ ആളില്ലാത്ത സ്ഥലത്തേക്കാണ് അൻഷുലിനെ അയച്ചത്. പിന്നീട് അത് ഒരു കുടുക്കാണെന്ന് മനസിലായി. അവിടെ ആരും ഉണ്ടായിരുന്നില്ല. കൊല്ലാൻ വേണ്ടി ഒരുക്കിയ കെണിയായിരുന്നു അത്” -അൻഷുലിൻ്റെ സഹോദരി തൻവി കുഞ്ച പറഞ്ഞു. കൊലപാതകത്തിന് പിന്നിലെ ഉദ്ദേശ്യം എന്താണെന്ന് അറിയില്ലെന്നും അവർ വ്യക്തമാക്കി. നാട്ടിൽ സന്തോഷത്തോടെ ജീവിച്ചയാളായിരുന്നു അൻഷുൽ. അമേരിക്കയിലേക്ക് പോകാൻ യാതൊരു താൽപര്യവും ഉണ്ടായിരുന്നില്ല. എന്നാൽ നല്ല ഭാവി ഉണ്ടാകുമെന്ന് കരുതി നാല് വർഷം മുമ്പ് ഞങ്ങൾ നിർബന്ധിച്ച് അയച്ചു. മക്കളെ യു.എസിലേക്ക് അയക്കാൻ ആഗ്രഹിക്കുന്ന മാതാപിതാക്കൾക്ക് ഇതൊരു സന്ദേശമാണെന്നും അവർ പറഞ്ഞു.

അൻഷുലിൽ നിന്ന് പണമോ മറ്റ് വിലപിടിപ്പുള്ള വസ്‌തുക്കളോ മോഷ്‌ടിക്കപ്പെട്ടിട്ടില്ല. അതിനാൽ അക്രമികൾ ലക്ഷ്യമിട്ടത് അൻഷുലിനെ വകവരുത്താൻ തന്നെയാണെന്ന സംശയമാണ് ഉയരുന്നത്. അൻഷുലിൻ്റെ മൃതദേഹം എത്രയും വേഗം ഇന്ത്യയിലേക്ക് എത്തിക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടിട്ടുണ്ട്. കുറ്റവാളികളെ കണ്ടെത്തി നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും അവർ ആവശ്യപ്പെട്ടു. സംഭവത്തിൽ അനുശോചിച്ച ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലേറ്റ്, കുടുംബവുമായി ബന്ധപ്പെട്ട് ആവശ്യമായ എല്ലാ സഹായവും നൽകുന്നുണ്ടെന്ന് അറിയിച്ചു. കൊലപാതകക്കേസിൽ ഫിലാഡെൽഫിയ പൊലീസ് അന്വേഷണം തുടരുകയാണ്. പിസ എത്തിക്കേണ്ടിയിരുന്ന വിലാസം ആളൊഴിഞ്ഞതും ഉപയോഗത്തിലില്ലാത്തതുമായ സ്ഥലമാണെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി.

Send your news and Advertisements

You may also like

error: Content is protected !!