Thursday, May 14, 2026
Home » അമേരിക്ക-ഇറാൻ രണ്ടാം ഘട്ട ചർച്ച ഉടനില്ലെന്ന് സൂചന; ഹോർമുസ് ഉപരോധം കടുപ്പിക്കാൻ യുഎസ്
ഹോർമുസ് കടലിടുക്ക് ഇറാൻ

അമേരിക്ക-ഇറാൻ രണ്ടാം ഘട്ട ചർച്ച ഉടനില്ലെന്ന് സൂചന; ഹോർമുസ് ഉപരോധം കടുപ്പിക്കാൻ യുഎസ്

by Editor

അമേരിക്ക-ഇറാൻ രണ്ടാം ഘട്ട സമാധാന ചർച്ച ഉടൻ നടക്കാനിടയില്ലെന്ന് സൂചന. ചർച്ചകൾ പുനരാരംഭിക്കുന്നതിനെക്കുറിച്ച് തീരുമാനമൊന്നും എടുത്തിട്ടില്ലെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. രണ്ടാം ഘട്ട ചർച്ചയ്ക്കുള്ള തിയതി ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രാലയ വക്താവും വ്യക്തമാക്കി. ഇറാൻ്റെ യുറേനിയം സമ്പുഷ്‌ടീകരണം ഉൾപ്പെടെ പല സുപ്രധാന വിഷയങ്ങളിലും ഇരുരാജ്യങ്ങളും കടുംപിടുത്തം തുടരുന്നതിനാലാണ് അടുത്ത ചർച്ച എന്ന് നടക്കുമെന്ന കാര്യത്തിൽ തീരുമാനമാകാത്തത്. ഇക്കാര്യങ്ങളിൽ ഏകദേശ ധാരണ ആയതിന് ശേഷം നേർക്കുനേർ ചർച്ചയ്ക്കിരിക്കാമെന്നാണ് പൊതുവായ അഭിപ്രായം.

രണ്ടാം ഘട്ട ചർച്ചയ്ക്ക് മുന്നോടിയായി അമേരിക്ക രണ്ട് നിബന്ധനകൾ മുന്നോട്ടു വെച്ചിരുന്നു. ഹോർമുസ് കടലിടുക്ക് പൂർണമായും തുറന്നു നൽകുക, ചർച്ചകളിൽ പങ്കെടുക്കുന്ന ഇറാനിയൻ പ്രതിനിധി സംഘം ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സിൻ്റെ (ഐആർജിസി) പിന്തുണയും തീരുമാനങ്ങൾ എടുക്കാനുള്ള അധികാരവും ഉറപ്പാക്കുക എന്നിവയാണ് അമേരിക്ക മുന്നോട്ടു വെച്ച പ്രധാന ആവശ്യങ്ങൾ.

തുടർചർച്ചയുമായി ബന്ധപെട്ടു ഇറാനും ചില ഉപാധികൾ വെച്ചതായാണ് റിപ്പോർട്ടുകൾ. ചർച്ചകളുടെ രണ്ടാം ഘട്ടം തുടങ്ങും മുന്നേ ഹോർമുസ് കടലിടുക്ക് തുറക്കണമമെന്നതാണ് ഇറാന്‍റെ ഒന്നാമത്തെ ഉപാധി. നിലവിൽ അമേരിക്ക ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധം പിൻവലിച്ച് പൂർണമായ നിലയിൽ ഹോർമുസ് തുറന്നാൽ മാത്രമേ ചർച്ചയിലേക്ക് ഉള്ളു എന്ന നിലപാട് പാക്കിസ്ഥാനെ അറിയിച്ചതായാണ് വിവരം. ചർച്ചയ്ക്കെത്തുന്ന അമേരിക്കൻ സംഘത്തിന് തീരുമാനങ്ങളെടുക്കാൻ അധികാരം നൽകണമെന്നതാണ് ട്രംപിന് മുന്നിൽ ഇറാൻ വച്ച രണ്ടാമത്തെ ഉപാധിയെന്നാണ് റിപ്പോർട്ട്. നേരത്തെ ഇസ്ലാമാബാദിൽ നടന്ന ഒന്നാം ഘട്ട ചർച്ച പരാജയപ്പെടാനുള്ള കാരണം, അമേരിക്കൻ പ്രതിനിധി സംഘത്തിന് തീരുമാനമെടുക്കാൻ അധികാരമില്ലാത്തതായിരുന്നുവെന്ന് ഇറാൻ വിമർശിച്ചിരുന്നു.

രണ്ടാംഘട്ട സമാധാന ചർച്ചയ്ക്ക് കളമൊരുക്കുന്നതിനായി പാക് സംയുക്ത സൈനിക മേധാവി അസിം മുനീറിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം ഇറാനിൽ എത്തിയിരുന്നു. അസിം മുനീറിൻ്റെ സന്ദർശനത്തിൽ ചില വിഷയങ്ങളിൽ നിലനിന്നിരുന്ന ഭിന്നതകൾ ലഘൂകരിക്കപ്പെട്ടതായും എന്നാൽ ആണവായുധവുമായി ബന്ധപ്പെട്ട വിഷയങ്ങളിലുള്ള വിയോജിപ്പ് ഇപ്പോഴും തുടരുകയാണെന്നും മുതിർന്ന ഇറാനിയൻ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.

അതേസമയം ഇറാനെതിരായ ഹോർമുസ് ഉപരോധം കടുപ്പിക്കാൻ ആണ് യുഎസ് തീരുമാനം. ഇറാനെ സഹായിക്കുന്ന എല്ലാ കപ്പലുകളെയും ആക്രമിക്കുമെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് പറഞ്ഞു. രാജ്യാന്തര കപ്പൽപാതയിലും ഇറാന്റെ ജലപാതയിലും ആക്രമണം നടത്തും. ഇറാന്റെ തുറമുഖങ്ങളിലേക്ക് വരുന്ന എല്ലാ കപ്പലുകൾക്കും ഉപരോധം ബാധകമാണ്. ഇറാന്റെ സൈനിക നീക്കങ്ങൾ യുഎസ് നിരീക്ഷിച്ചുകൊണ്ടിരുന്നതായി പ്രതിരോധ സെക്രട്ടറി അറിയിച്ചു.

ഹോർമുസ് ഉപരോധം പാലിച്ചില്ലെങ്കിൽ നിങ്ങളുടെ നിർണായകമായ അടിസ്ഥാന സൗകര്യങ്ങൾ, ശേഷിക്കുന്ന വൈദ്യുതി ഉൽപ്പാദനം, ഊർജ്ജ വ്യവസായം എന്നിവയിൽ കോട്ടം സംഭവിക്കും. എന്നിരുന്നാലും, ഫെബ്രുവരി 28 ന് ഇറാനെതിരായ യുഎസ്-ഇസ്രായേൽ ആക്രമണത്തോടെ ആരംഭിച്ച സംഘർഷം നയതന്ത്രത്തിലൂടെ പരിഹരിക്കാൻ യുഎസ് ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ഇറാനുമായുള്ള യുദ്ധം അവസാനിക്കാറായെന്ന് ട്രംപ്; പാക് പ്രധാനമന്ത്രി സൗദിയിലേയ്ക്ക്

Send your news and Advertisements

You may also like

error: Content is protected !!