Home » വനിതാ സംവരണം അടക്കം മൂന്ന് ബില്ലുകൾ ലോക്സഭയിൽ അവതരിപ്പിച്ചു; എതിർപ്പുമായി പ്രതിപക്ഷം.

വനിതാ സംവരണം അടക്കം മൂന്ന് ബില്ലുകൾ ലോക്സഭയിൽ അവതരിപ്പിച്ചു; എതിർപ്പുമായി പ്രതിപക്ഷം.

by Editor
Send your news and Advertisements

ന്യൂഡൽഹി: ലോക്‌സഭയിലും നിയമസഭയിലും 33 ശതമാനം വനിതാ സംവരണം, മണ്ഡല പുനർനിർണയം, കേന്ദ്രഭരണ പ്രദേശങ്ങളിലെ സീറ്റുകളുടെ എണ്ണം വർധിപ്പിക്കൽ എന്നീ മൂന്ന് ബില്ലുകൾ പാർലമെന്റിൽ അവതരിപ്പിച്ചു. ശക്തമായ പ്രതിപക്ഷ പ്രതിഷേധത്തിനിടയിൽ ആഭ്യന്തര മന്ത്രി അമിത് ഷാ, നിയമമന്ത്രി അർജുൻ റാം മേഘ്വാൾ എന്നിവരാണ് ലോക്‌സഭയിൽ ബില്ലുകൾ അവതരിപ്പിച്ചത്. അടുത്ത 12 മണിക്കൂർ ചർച്ചയാകാമെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു പറഞ്ഞു. ആവശ്യമെങ്കിൽ ചർച്ച 18 മണിക്കൂറായി നീട്ടാമെന്നു ലോക്സഭ സ്പീക്കർ ഓം ബിർല അറിയിച്ചു. വനിതാ സംവരണ ബിൽ അവതരിപ്പിക്കാന്‍ നടത്തിയ വോട്ടെടുപ്പിൽ 251 പേർ ബിൽ അവതരണത്തെ അനുകൂലിച്ചപ്പോൾ 185 പേർ എതിർത്ത് വോട്ടു ചെയ്തു.

പ്രതിപക്ഷ എതിർപ്പിനിടെയാണ് ബിൽ സഭയുടെ മേശപ്പുറത്തുവച്ചത്. വനിതാ സംവരണ ഭേദഗതി ബിൽ ഉൾപ്പെടെ പാർലമെന്റിൽ ഇന്ന് അവതരിപ്പിച്ച മൂന്ന് ബില്ലുകളിൽ നാളെ വൈകിട്ട് നാലിന് വോട്ടെടുപ്പ് നടക്കും. ബില്ലവതരണത്തെ പ്രതിപക്ഷം ശക്തമായി എതിർത്തു. മണ്ഡല പുനർനിർണയം നടത്തുന്നത് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ പ്രാതിനിധ്യം കുറയ്ക്കാൻ ഇടയാക്കുമെന്നും, 2029-ലെ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള രാഷ്ട്രീയ നീക്കമാണിതെന്നും ഇന്ത്യാ സഖ്യം ആരോപിക്കുന്നു. മണ്ഡല പുനർനിർണയത്തിനായി കാത്തുനിൽക്കാതെ നിലവിലുള്ള 543 സീറ്റുകളിൽ തന്നെ സംവരണം നടപ്പിലാക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.

2029 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് വനിതാ സംവരണം നടപ്പിലാക്കാനാണ് സർക്കാർ പദ്ധതിയിടുന്നത്. ഇന്ന് സഭ തുടങ്ങിയതോടെ വനിതാ സംവരണ ബില്ല് അവതരിപ്പിക്കാൻ സ്‌പീക്കർ അനുമതി നൽകിയതോടെയാണ് പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തിയത്. ഇവരോട് സീറ്റിൽ ഇരിക്കാൻ സ്പീക്കർ നിർദേശം നൽകി. അതിനിടെ അന്തരിച്ച പ്രശസ്‌ത ഗായിക ആശാ ഭോസ്ലെക്കും അന്തരിച്ച മുൻ അംഗങ്ങൾക്കും സഭ ആദരാഞ്ജലി അർപ്പിച്ചു. ശേഷം സഭാ നടപടികൾ തുടങ്ങിയെങ്കിലും ബില്ലിൽ പ്രതിഷേധം കടുപ്പിക്കുകയാണ് പ്രതിപക്ഷം. ബില്ലിനോട് സഹകരിക്കേണ്ടെന്നാണ് പ്രതിപക്ഷ തീരുമാനം.

കറുത്ത വസ്ത്രം ധരിച്ചാണ് ഡിഎംകെ അംഗങ്ങൾ സഭയിൽ എത്തിയത്. വനിതാ ബിൽ ഭേദഗതി അവതരിപ്പിക്കാൻ സർക്കാർ അനുമതി തേടിയതോടെ പ്രതിപക്ഷ നിരയിൽ നിന്ന് കെ.സി വേണുഗോപാൽ എംപി എതിർത്ത് സംസാരിച്ചു. ഫെഡറൽ തത്വത്തിന് നേരെയുള്ള ആക്രമണമാണെന്നും ഭരണഘടനയെ ഹൈജാക്ക് ചെയ്യാനുള്ള നീക്കമാണെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ സ്പീക്കർ ഇടപെട്ടു. എന്നാൽ സംസാരിക്കണമെന്ന ആവശ്യം പ്രതിപക്ഷം ഉയർത്തി. എല്ലാം സംസാരിക്കാൻ അവസരം നൽകുമെന്നും എല്ലാവർക്കും സമയം ലഭിക്കുമെന്നും സ്‌പീക്കർ പറഞ്ഞു. ബില്ലിൽ എതെങ്കിലും വിഷയം ഉണ്ടെങ്കിൽ അത് ചർച്ചയിൽ പറയണമെന്ന് അമിത് ഷാ പറഞ്ഞു. അവതരണത്തിലെ സാങ്കേതിക പ്രശ്‌നമാണ് ഇപ്പോൾ പറയേണ്ടതെന്നും സഭയിലെ ചട്ടം പാലിക്കണമെന്നും അമിത് ഷാ പറഞ്ഞു.

മണ്ഡല പുനർനിർണയത്തിനു വേണ്ടിയാണു വനിതാ സംവരണം കൊണ്ടുവരുന്നതെന്നും ആ രീതിയെയാണ് എതിർക്കുന്നതെന്നും എൻ.കെ.പ്രേമചന്ദ്രൻ പറഞ്ഞു. ബിൽ ഫെഡറലിസത്തിനു നേരെയുള്ള ആക്രമണമാണെന്ന് അസദുദ്ദീൻ ഒവൈസി പറഞ്ഞു. ജനാധിപത്യത്തെ ഇല്ലാതാക്കുന്ന ബിൽ ആശങ്കപ്പെടുത്തുന്നുവെന്ന് കെ. രാധാകൃഷ്ണനും പറഞ്ഞു.

മണ്ഡല പുനർ നിർണയത്തിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ ആശങ്ക പരിഹരിക്കാൻ 50% സീറ്റ് വർധന എന്ന ഫോർമുല.

You may also like

error: Content is protected !!