Thursday, May 14, 2026
Home » ഇസ്രയേൽ-ലബനൻ സംഘർഷത്തിന് താൽകാലിക വിരാമം; പത്ത് ദിവസത്തെ വെടിനിർത്തൽ
ഇസ്രയേലും ലബനനും

ഇസ്രയേൽ-ലബനൻ സംഘർഷത്തിന് താൽകാലിക വിരാമം; പത്ത് ദിവസത്തെ വെടിനിർത്തൽ

by Editor

വാഷിങ്ടൺ: ഇസ്രയേലും ലബനനും തമ്മിൽ 10 ദിവസത്തെ താത്കാലിക വെടിനിർത്തലിന് ധാരണയായതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. ബെയ്‌റൂട്ട് സമയം ഏപ്രിൽ 17 വെള്ളിയാഴ്ച അർദ്ധരാത്രി മുതൽ (ഇന്ത്യൻ സമയം ഏപ്രിൽ 18 പുലർച്ചെ 2:30) വെടിനിർത്തൽ പ്രാബല്യത്തിൽ വരും. ഇസ്രയേലും ലബനൻ ആസ്ഥാനമായുള്ള ഹിസ്ബുള്ളയും തമ്മിൽ നിലനിൽക്കുന്ന അതിരൂക്ഷമായ സൈനിക നീക്കങ്ങൾക്കാണ് ഇതോടെ താൽകാലിക വിരാമം ആയത്. വൈറ്റ് ഹൗസിൽ നടത്തിയ പ്രസ്‌താവനയിലൂടെയാണ് ട്രംപ് ഈ ശുഭവാർത്ത ലോകത്തെ അറിയിച്ചത്.

ലബനൻ പ്രസിഡൻ്റ് ജോസഫ് ഔനുമായും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായും ഇക്കാര്യം സംസാരിച്ചെന്ന് ട്രംപ് ട്രൂത്ത് സോഷ്യലിൽ അറിയിച്ചു. ഇരുരാജ്യങ്ങളിലെയും ഉന്നത നേതാക്കളുമായി നടത്തിയ നിരന്തരമായ ചർച്ചകൾക്കൊടുവിലാണ് ഇത്തരമൊരു ധാരണയിലെത്താൻ സാധിച്ചതെന്ന് ട്രംപ് വ്യക്തമാക്കി. തുടർ ചർച്ചകൾക്കായി ഇരു രാജ്യങ്ങളുടെയും ഭരണത്തലവന്മാരെ ട്രംപ് വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ചിട്ടുണ്ട്. സമാധാനം കൈവരിക്കാനുള്ള നീക്കങ്ങളിൽ വൈസ് പ്രസിഡൻ്റ് ജെ.ഡി വാൻസിനും വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോയ്ക്കും ട്രംപ് നിർദേശങ്ങൾ നൽകി.

ഇസ്രയേലുമായുള്ള താൽകാലിക വെടിനിർത്തൽ കരാറിനെ ലബനീസ് പ്രധാനമന്ത്രി നവാഫ് സലാം സ്വാഗതം ചെയ്തു. വെടിനിർത്തൽ നിലവിൽ വരുന്നതോടെ അതിർത്തി മേഖലകളിൽ നിന്ന് സാധാരണക്കാരെ സുരക്ഷിതമായി മാറ്റുന്നതിനും മാനുഷിക സഹായങ്ങൾ എത്തിക്കുന്നതിനും സാധിക്കും. ദീർഘകാല സമാധാന കരാറിലേക്ക് എത്താനുള്ള ആദ്യ ചുവടുവെപ്പായാണ് ഇതിനെ കാണുന്നത്. തർക്ക വിഷയമായ അതിർത്തി പ്രശ്നങ്ങളിൽ സ്ഥിരമായ പരിഹാരം കണ്ടെത്താനാണ് നീക്കം. അന്താരാഷ്ട്ര സമൂഹം ഈ തീരുമാനത്തെ വലിയ ആശ്വാസത്തോടെയാണ് സ്വീകരിച്ചിരിക്കുന്നത്. യുദ്ധം വ്യാപിക്കുന്നത് തടയാൻ ഈ വെടിനിർത്തൽ സഹായിക്കുമെന്ന് ഐക്യരാഷ്ട്രസഭ ഉൾപ്പെടെയുള്ള സംഘടനകൾ പ്രത്യാശ പ്രകടിപ്പിച്ചു. 10 ദിവസത്തെ കാലാവധിക്കുള്ളിൽ സമാധാന ചർച്ചകളിൽ പുരോഗതി ഉണ്ടായാൽ വെടിനിർത്തൽ ദീർഘിപ്പിക്കാനാണ് അമേരിക്കയുടെ പദ്ധതി.

വെടിനിർത്തൽ സമയത്തും ലബനന്റെ അതിർത്തിയിൽ നിന്ന് 10 കിലോമീറ്റർ ദൂരത്തിൽ ഇസ്രയേൽ സൈന്യം തുടരുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കിയിട്ടുണ്ട്. ഹിസ്ബുള്ളയിൽ നിന്നുള്ള ഭീഷണികൾ തടയാനാണിതെന്നാണ് ഇസ്രയേലിന്റെ വിശദീകരണം.

Send your news and Advertisements

You may also like

error: Content is protected !!