Friday, April 17, 2026
Home » അതിർത്തിയിൽ എണ്ണൂറോളം ഭീകരർ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ ശ്രമം നടത്തുന്നതായി രഹസ്യാന്വേഷണ ഏജൻസികൾ.

അതിർത്തിയിൽ എണ്ണൂറോളം ഭീകരർ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ ശ്രമം നടത്തുന്നതായി രഹസ്യാന്വേഷണ ഏജൻസികൾ.

by Editor
Send your news and Advertisements

ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തിൽ സമാധാനത്തിൻ്റെ മുഖംമൂടി അണിയാൻ ശ്രമിക്കുമ്പോഴും, മറുവശത്ത് ഇന്ത്യക്കെതിരെ ഭീകരാക്രമണങ്ങൾക്ക് പാക്കിസ്ഥാൻ കോപ്പുകൂട്ടുന്നു. എഴുപതോളം ലോഞ്ച് പാഡുകളിലായി എണ്ണൂറോളം ഭീകരർ ഇന്ത്യയിലേക്ക് കടക്കാൻ തക്കംപാർത്തിരിക്കുകയാണെന്ന് കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികൾ മുന്നറിയിപ്പ് നൽകി. ഇതേത്തുടർന്ന് അതിർത്തിയിലും നിയന്ത്രണ രേഖയിലും സുരക്ഷാ സേന ജാഗ്രത ശക്തമാക്കി.

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നടക്കുന്ന തിരഞ്ഞെടുപ്പുകളുടെയും അന്താരാഷ്ട്ര സാഹചര്യങ്ങളുടെയും പശ്ചാത്തലത്തിൽ സുരക്ഷാ സേനയുടെ ശ്രദ്ധ മാറുന്ന സമയം മുതലെടുക്കാനാണ് ഭീകരർ ലക്ഷ്യമിടുന്നത്. നിർജ്ജീവമായിരുന്ന പല ലോഞ്ച് പാഡുകളും പാക്കിസ്ഥാൻ വീണ്ടും സജീവമാക്കിയതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ജമ്മു കശ്മീരിലേക്ക് വലിയ തോതിലുള്ള നുഴഞ്ഞുകയറ്റം നടത്തി പ്രദേശത്ത് അശാന്തി സൃഷ്ടിക്കുക എന്നതാണ് ഇവരുടെ പ്രധാന ലക്ഷ്യം.

പാക് അധിനിവേശ കശ്‌മീരിൽ സജ്ജീകരിച്ച 70 ലോഞ്ച് പാഡുകളിൽ 15 എണ്ണം ജമ്മുവിലെ അന്താരാഷ്ട്ര അതിർത്തിയോട് ചേർന്നാണ്. ഒരേസമയം 10 മുതൽ 15 വരെ അംഗങ്ങളുള്ള ചെറുകൂട്ടങ്ങളായി നുഴഞ്ഞുകയറാനാണ് പാക് ശ്രമമെന്നാണ് സൂചന. ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷം ലഘൂകരിക്കാൻ മധ്യസ്ഥനായി ചമഞ്ഞ് പാക്കിസ്ഥാൻ അന്താരാഷ്ട്ര ശ്രദ്ധ നേടാൻ ശ്രമിക്കുന്നതിനിടെയാണ് ഈ നീക്കമെന്നത് ശ്രദ്ധേയമാണ്. ഒരു വശത്ത് സമാധാന ചർച്ചകൾ നടത്തുമ്പോഴും മറുവശത്ത് പാക്കിസ്ഥാൻ ചാര സംഘടനയായ ഐ.എസ്.ഐയും പാക് സൈന്യവും ചേർന്ന് ഭീകരരെ ഇന്ത്യയിലേക്ക് കയറ്റിവിടാൻ നേരിട്ട് നിർദേശം നൽകുകയാണെന്നാണ് റിപ്പോർട്ട്.

ഭീകരർ വിവിധ സമയങ്ങളിലായി അതിർത്തി കടക്കാൻ പദ്ധതിയിടുന്ന സാഹചര്യത്തിൽ അതിർത്തിയിലെ പരിശോധനകളും നിരീക്ഷണവും കർശനമാക്കാൻ കേന്ദ്ര ഏജൻസികൾ നിർദേശം നൽകിയിട്ടുണ്ട്. സൈന്യവും ബി.എസ്.എഫും അതിർത്തി മേഖലകളിൽ അതീവ ജാഗ്രതയിലാണ്. ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയിൽ (LoC) സൈന്യം നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. പുതിയ സാങ്കേതിക വിദ്യകളും ഡ്രോണുകളും നിരീക്ഷണത്തിനായി ഉപയോഗിക്കുന്നുണ്ട്. മാർച്ചിലും ഏപ്രിലിലും രജൗരി, ഉറി സെക്ടറുകളിൽ നടന്ന നുഴഞ്ഞുകയറ്റ ശ്രമങ്ങൾ ഇന്ത്യൻ സൈന്യം വിജയകരമായി തകർക്കുകയും ഭീകരരെ വധിക്കുകയും ചെയ്‌തിരുന്നു.

ഗിൽ‌ജിത് – ബാള്‍ട്ടിസ്താന്‍ ലഡാക്കിന്റെ ഭാഗം; പാക് അധീന കാശ്മീർ ഇന്ത്യയിൽ ലയിക്കുമോ?.

You may also like

error: Content is protected !!