Thursday, May 14, 2026
Home » പാക് സൈന്യം സൗദി അറേബ്യയിൽ മിഷൻ ആരംഭിച്ചതായി റിപ്പോർട്ട്; പാക്കിസ്ഥാന് വന്‍ സാമ്പത്തിക സഹായം.
പാക്കിസ്ഥാൻ സൗദി അറേബ്യ ഇറാൻ

പാക് സൈന്യം സൗദി അറേബ്യയിൽ മിഷൻ ആരംഭിച്ചതായി റിപ്പോർട്ട്; പാക്കിസ്ഥാന് വന്‍ സാമ്പത്തിക സഹായം.

by Editor

റിയാദ്: പാക്കിസ്ഥാനും സൗദി അറേബ്യയും തമ്മിലുള്ള സ്ട്രാറ്റജിക് മ്യൂച്വൽ ഡിഫൻസ് എഗ്രിമെന്റ് (എസ്എംഡിഎ) കരാർ പ്രകാരം കറാച്ചി ആസ്ഥാനമായുള്ള ‘ചാർജിംഗ് ബുൾ ഡിവിഷൻ’ എന്നറിയപ്പെടുന്ന പാക്കിസ്ഥാൻ ആർമിയുടെ 25-ാമത് മെക്കനൈസ്ഡ് ഡിവിഷൻ സൗദിയിൽ മിഷൻ ആരംഭിച്ചതായി റിപ്പോർട്ട്. പ്രധാനമായും യെമൻ അതിർത്തിയിൽ നിന്നുള്ള ഹൂതി വിമതരുടെ ഭീഷണി നേരിടാനും സൗദിയുടെ സുരക്ഷ ഉറപ്പാക്കാനുമാണ് ഈ സൈനിക നീക്കം ലക്ഷ്യമിടുന്നത്.

രണ്ട് ബ്രിഗേഡുകളുടെ സേനയും മറ്റു സംവിധാനങ്ങളുമടക്കം ഏകദേശം 10,000 സൈനികർ വിന്യസിക്കപ്പെട്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു. ടാങ്കുകളും കവചിത വാഹനങ്ങളും ഉൾപ്പെട്ട അത്യാധുനിക സജ്ജീകരണങ്ങളുള്ള വിഭാഗമാണിത്. കറാച്ചി തുറമുഖം വഴി കടൽ മാർഗ്ഗമാണ് സൈനികരെയും യുദ്ധസാമഗ്രികളെയും സൗദിയിലേക്ക് എത്തിച്ചത്. ഇസ്ലാമാബാദിൽ അമേരിക്കയും ഇറാനും തമ്മിലുള്ള ചർച്ചകൾ നടന്നപ്പോഴും 25-ാമത് മെക്കനൈസ്ഡ് ഡിവിഷന്റെ വിന്യാസം നടക്കുന്നുണ്ടായിരുന്നു. ഇന്ത്യൻ അതിർത്തികളിലെ മരുഭൂമികളിൽ വൈദ​ഗ്ധ്യം നേടിയ ഡിവിഷനാണ് സൗദിയിലുമെത്തിയത്.

കഴിഞ്ഞ മാസം തന്നെ സൗദി അറേബ്യയിലെ കിംഗ് അബ്ദുൽ അസീസ് എയർ ബേസിൽ ജെഎഫ്-17 ‘തണ്ടർ’, സപ്പോർട്ട് എയർക്രാഫ്റ്റുകൾ എന്നിവയുൾപ്പെടെയുള്ള പാക്കിസ്ഥാൻ യുദ്ധവിമാനങ്ങളുടെ ഒരു കൂട്ടം നിലയുറപ്പിച്ചിട്ടുണ്ട്. സപ്പോർട്ട് മിലിട്ടറി വിമാനങ്ങൾക്ക് പുറമേ ഏകദേശം 18 യുദ്ധവിമാനങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മേഖലയിലെ വർദ്ധിച്ചുവരുന്ന സംഘർഷങ്ങൾക്കിടയിൽ സൗദിയുടെ സുരക്ഷ ഉറപ്പാക്കുക എന്നതാണ് പ്രധാന ലക്ഷ്യം.

അതേസമയം സാമ്പത്തിക പ്രതിസന്ധിയില്‍ ഉഴലുന്ന പാക്കിസ്ഥാന് വന്‍ സാമ്പത്തിക സഹായവുമായി സൗദി അറേബ്യ. എട്ട് ബില്യണ്‍ ഡോളറിന്റെ ധനസഹായം നല്‍കാന്‍ സല്‍മാന്‍ രാജാവും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും നിര്‍ദേശിച്ചു. പാക്കിസ്ഥാന്‍ സെന്‍ട്രല്‍ ബാങ്കിലെ നിക്ഷേപങ്ങള്‍ വിപുലീകരിക്കുന്നതിലൂടെ രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ ഭദ്രമാക്കുകയാണ് സൗദിയുടെ ലക്ഷ്യം. ആകെ എട്ട് ബില്യണ്‍ ഡോളറിന്റെ സാമ്പത്തിക പാക്കേജ് സൗദി അറേബ്യ പാക്കിസ്ഥാനായി അനുവദിച്ചു. ഇതില്‍ പാക് സെന്‍ട്രല്‍ ബാങ്കില്‍ സൗദി നേരത്തെ നിക്ഷേപിച്ചിട്ടുള്ള അഞ്ച് ബില്യണ്‍ ഡോളറിന്റെ കാലാവധി നീട്ടി നല്‍കി. ഇതിന് പുറമെ മൂന്ന് ബില്യണ്‍ ഡോളര്‍ കൂടി അധിക നിക്ഷേപമായി പാക്കിസ്ഥാന് കൈമാറും. പാക് പ്രധാനമന്ത്രി ശഹബാസ് ഷരീഫിന്റെ സൗദി സന്ദര്‍ശനത്തിന് തൊട്ടു പിന്നാലെയാണ് ഈ പ്രഖ്യാപനം.

പാക്കിസ്ഥാനിലെ ജനങ്ങളുടെ ജീവിതസാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും സാമ്പത്തിക സ്ഥിരത ഉറപ്പാക്കുന്നതിനും സൗദി നല്‍കുന്ന തുടര്‍ച്ചയായ പിന്തുണയുടെ ഭാഗമാണിതെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ സൂചനയായും ഈ വന്‍ നിക്ഷേപത്തെ സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നു.

അമേരിക്ക-ഇറാൻ രണ്ടാം ഘട്ട ചർച്ച ഉടനില്ലെന്ന് സൂചന; ഹോർമുസ് ഉപരോധം കടുപ്പിക്കാൻ യുഎസ്

Send your news and Advertisements

You may also like

error: Content is protected !!