ബമാകോ: പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ മാലിയിൽ ഭീകരാക്രമണ പരമ്പര. തലസ്ഥാനമായ ബമാകോ, മധ്യ-ഉത്തര മേഖലകളിലെ പ്രധാന നഗരങ്ങളായ സേവാരെ, കിഡാൽ, ഗാവ എന്നിവിടങ്ങളിലാണ് സ്ഫോടനങ്ങളും വെടിവെപ്പും ഉണ്ടായത്. പ്രദേശിക സമയം ശനിയാഴ്‌ച രാവിലെയാണ് ആറിനായിരുന്നു സംഭവം. തന്ത്രപ്രധാനമായ സൈനിക താവളങ്ങളും സർക്കാർ കെട്ടിടങ്ങളും ലക്ഷ്യം വെച്ചായിരുന്നു ആക്രമണം.
ആക്രമണത്തെത്തുടർന്ന് ബമാകോയിലെ അന്താരാഷ്ട്ര വിമാനത്താവളം താൽക്കാലികമായി അടച്ചു. മേഖലയിൽ സൈന്യം അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. സുരക്ഷാ സേനയും ഭീകരരും തമ്മിൽ വിവിധയിടങ്ങളിൽ ഏറ്റുമുട്ടൽ തുടരുന്നതായാണ് റിപ്പോർട്ടുകൾ. ആക്രമണത്തിൽ 70-ലധികം പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ. ഏകദേശം 200 മുതൽ 255 വരെ ആളുകൾക്ക് പരിക്കേറ്റതായാണ് റിപ്പോർട്ടുകൾ. അൽ-ഖ്വയ്ദയുമായി ബന്ധമുള്ള ജെ.എൻ.ഐ.എം (JNIM) എന്ന ഭീകരസംഘടനയും തുവാറെഗ് വിഘടനവാദി ഗ്രൂപ്പായ ഫ്രണ്ട് ഓഫ് അസവാദ് ലിബറേഷൻ (FLA) ഉം സംയുക്തമായാണ് ആക്രമണം നടത്തിയതെന്ന് അവകാശപ്പെട്ടു.
മാലിയിലെ ഭീകരാക്രമണത്തെ തുടർന്ന് ഇന്ത്യൻ എംബസി മാലിയിലെ ഇന്ത്യൻ പൗരന്മാർക്ക് ജാഗ്രതാ നിർദേശം നൽകി. മാലിയിലെ പ്രധാന നഗരങ്ങളിലും സൈനിക താവളങ്ങളിലുമാണ് ഭീകരർ ആക്രമണം നടത്തിയത്. നിലവിൽ സാഹചര്യം നിയന്ത്രണവിധേയമാണെന്ന് മാലി സൈന്യം അറിയിച്ചെങ്കിലും സ്ഥിതിഗതികൾ സൂക്ഷ്‌മമായി നിരീക്ഷിച്ചു വരികയാണെന്ന് ഇന്ത്യൻ എംബസി വ്യക്തമാക്കി.
മാലിയിലെ കാറ്റി ഉൾപ്പെടെയുള്ള വിവിധ ഭാഗങ്ങളിൽ സായുധ സംഘങ്ങൾ ആക്രമണം നടത്തിയ പശ്ചാത്തലത്തിലാണ് ബമാകോയിലെ ഇന്ത്യൻ എംബസി അടിയന്തര ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചത്. ഇന്ത്യൻ പൗരന്മാർ വീടിനുള്ളിൽ തന്നെ കഴിയണമെന്നാണ് പ്രധാന നിർദേശം. മാലിയിൽ താമസിക്കുന്ന എല്ലാ ഇന്ത്യൻ പൗരന്മാരും അതീവ ജാഗ്രത പാലിക്കണമെന്നും പുറത്തിറങ്ങരുതെന്നും നിർദേശത്തിൽ പറയുന്നു. അനാവശ്യ യാത്രകൾ ഒഴിവാക്കാനും നിർദേശമുണ്ട്.
പ്രാദേശിക അധികൃതരും എംബസിയും നൽകുന്ന നിർദേശങ്ങൾ കർശനമായി പിന്തുടരണമെന്ന് ആവശ്യപ്പെട്ട എംബസി അടിയന്തര സാഹചര്യങ്ങളിൽ +223 78486019 / 94793705 എന്നി നമ്പറുകളിൽ എംബസിയെ ബന്ധപ്പെടണമെന്നും അറിയിച്ചു.
മാലിയിലെ വിവിധ നഗരങ്ങളിൽ അതിശക്തമായ ആക്രമണങ്ങളാണ് നടന്നത്. അൽ-ഖ്വയ്ദയുമായി ബന്ധമുള്ള സംഘടനയായ ജെഎൻഐഎം, തുവാറെഗ്, വിമത ഗ്രൂപ്പായ എഫ്എൽഎ എന്നിവർ സംയുക്തമായാണ് ആക്രമണത്തിൻ്റെ ഉത്തരവാദിത്തം ഏറ്റെടുത്തത്. ഇന്ത്യൻ പൗരന്മാർ എംബസിയുടെ വെബ്സൈറ്റും സോഷ്യൽ മീഡിയ അക്കൗണ്ടുകളും വഴി വിവരങ്ങൾ അപ്ഡേറ്റ് ചെയ്യണമെന്നും നിർദേശമുണ്ട്.

