Thursday, May 14, 2026
Home » റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി; ഉപരോധ ഇളവ് അമേരിക്ക നീട്ടി; ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് ആശ്വാസം
റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി; ഉപരോധ ഇളവ് അമേരിക്ക നീട്ടി; ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് ആശ്വാസം

റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി; ഉപരോധ ഇളവ് അമേരിക്ക നീട്ടി; ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് ആശ്വാസം

by Editor

വാഷിംഗ്‌ടൺ: റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി ചെയ്യുന്നതിന് ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന ഉപരോധ ഇളവ് അമേരിക്ക 30 ദിവസത്തേക്ക് കൂടി നീട്ടി. അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുതിച്ചുയരുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണ് മേയ് 16 വരെ ഈ ഇളവ് അനുവദിച്ചിരിക്കുന്നത്. ഇളവ് നീട്ടണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നെങ്കിലും പരിഗണിക്കില്ലെന്നായിരുന്നു ആദ്യം യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസ്സന്റ് പറഞ്ഞത്. എന്നാൽ, ഇന്ന് യുഎസ് പൊടുന്നനേ നിലപാട് മാറ്റുകയായിരുന്നു.

വിപണിയിൽ നിന്ന് റഷ്യൻ എണ്ണ പൂർണ്ണമായും ഒഴിവാക്കപ്പെട്ടാൽ അന്താരാഷ്ട്ര തലത്തിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയരാൻ സാധ്യതയുണ്ട്. ഇത് ഒഴിവാക്കാനാണ് അമേരിക്ക ഉപരോധ ഇളവ് നൽകുന്നത്. റഷ്യൻ എണ്ണ ബാരലിന് 60 ഡോളറിൽ താഴെയാണ് വാങ്ങുന്നതെങ്കിൽ അതിന് ഉപരോധം ബാധകമല്ലെന്ന നിബന്ധനയിലാണ് ഈ ഇളവ് നൽകിയിരിക്കുന്നത്. റഷ്യയുടെ യുദ്ധസന്നാഹങ്ങൾക്കുള്ള വരുമാനം കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് വില പരിധി അമേരിക്ക ഏർപ്പെടുത്തിയിരിക്കുന്നത്.

ജി7 (G7) രാജ്യങ്ങളും അമേരിക്കയും ചേർന്ന് ഏർപ്പെടുത്തിയ നിയമപ്രകാരം, റഷ്യൻ എണ്ണ ബാരലിന് 60 ഡോളറിൽ താഴെയാണെങ്കിൽ മാത്രമേ പാശ്ചാത്യ രാജ്യങ്ങളുടെ കപ്പലുകളും ഇൻഷുറൻസ് സേവനങ്ങളും ഉപയോഗിക്കാൻ അനുവാദമുള്ളൂ. ഇപ്പോൾ അമേരിക്ക നൽകിയിരിക്കുന്ന പ്രത്യേക ഇളവ് ഈ പ്രൈസ് ക്യാപിനും മുകളിലുള്ള എണ്ണ വാങ്ങുന്നതിനാണ്. പശ്ചിമേഷ്യയിലെ സംഘർഷം കാരണം എണ്ണവില വർദ്ധിച്ച സാഹചര്യത്തിൽ, പ്രൈസ് ക്യാപ് നിബന്ധനകൾ പാലിക്കാത്ത (Blacklisted) എണ്ണക്കപ്പലുകൾക്ക് പോലും ഏപ്രിൽ 17 മുതൽ മേയ് 16 വരെ ചരക്ക് ഇറക്കാൻ അമേരിക്ക അനുമതി നൽകി.

മേയ് 16 വരെയാണ് റഷ്യൻ എണ്ണയ്ക്കുള്ള ഇളവ് ഇപ്പോൾ നീട്ടിയത്. ഇറാൻ, ക്യൂബ, ഉത്തര കൊറിയ എന്നിവയ്ക്ക് ഇളവ് ബാധകമല്ല. കടലിൽ ഓയിൽ ടാങ്കറുകളിലുള്ള എണ്ണ വാങ്ങാനായിരുന്നു നേരത്തേ യുഎസ് ഒരുമാസത്തെ ഇളവ് പ്രഖ്യാപിച്ചത്. ഇതുവഴി 100 ദശലക്ഷം ബാരൽ എണ്ണയാണ് ആഗോള വിപണിയിൽ എത്തിയതെന്ന് റഷ്യ പറഞ്ഞിരുന്നു. ഇളവ് ഇല്ലെങ്കിലും ഇന്ത്യയ്ക്ക് ഊർജ ഉൽപന്നങ്ങളിൽ നൽകുന്ന പിന്തുണ റഷ്യ തുടരുമെന്ന് ഇന്ത്യയിലെ റഷ്യൻ അംബാസഡർ ഡെനിസ് ആലിപോവ് പറഞ്ഞു. ക്രൂഡ് ഓയിൽ, എൽപിജി, എൽഎൻജി എന്നിവ ഇന്ത്യയ്ക്ക് തുടർന്നും ലഭ്യമാക്കും.

സ്വന്തം ഊർജ്ജ സുരക്ഷയ്ക്കും സാമ്പത്തിക താല്പര്യങ്ങൾക്കും മുൻഗണന നൽകുമെന്നും, എവിടെ നിന്ന് കുറഞ്ഞ വിലയ്ക്ക് എണ്ണ ലഭിക്കുമോ അവിടെ നിന്ന് വാങ്ങുമെന്നും ഇന്ത്യ നേരത്തെ വ്യക്തമാക്കിയിരുന്നു. അമേരിക്കയുടെ പുതിയ നീക്കം ഇന്ത്യയുടെ ഈ നയതന്ത്ര നിലപാടിനുള്ള അംഗീകാരം കൂടിയായി വിലയിരുത്തപ്പെടുന്നു.

ഹോർമുസിൽ കപ്പലുകൾക്കു നേരെ ആക്രമണം; ആക്രമിച്ചതിൽ ഇന്ത്യൻ കപ്പലും; ഇറാൻ അംബാസഡറെ വിളിച്ചുവരുത്തി ഇന്ത്യ

Send your news and Advertisements

You may also like

error: Content is protected !!