ന്യൂ ഡൽഹി: പശ്ചിമേഷ്യൻ സമാധാന ശ്രമങ്ങൾക്ക് കനത്ത തിരിച്ചടി നൽകിക്കൊണ്ട് ഹോർമുസ് കടലിടുക്കിൽ ചരക്കുകപ്പലുകൾക്കു നേരെ ആക്രമണം. അമേരിക്കയുടെ നാവിക ഉപരോധം പിൻവലിക്കാത്തതിൽ പ്രതിഷേധിച്ച് ഇറാൻ ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചതിന് പിന്നാലെയാണ് ആക്രമണം ഉണ്ടായത്. ഇതോടെ മേഖലയിൽ സംഘർഷം വീണ്ടും മൂർച്ഛിച്ചിരിക്കുകയാണ്.
ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുകയായിരുന്ന രണ്ട് ഇന്ത്യൻ പതാകയുള്ള കപ്പലുകൾക്ക് നേരെ ഇറാൻ റെവല്യൂഷണറി ഗാർഡിന്റെ (IRGC) ബോട്ടുകളിൽ നിന്ന് വെടിവെപ്പുണ്ടായതായി റിപ്പോർട്ടുകൾ വരുന്നുണ്ട്. തുടർന്ന് ഇറാൻ അംബാസഡറെ വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തി. വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി, ഇറാൻ അംബാസഡറെ നേരിട്ട് വിളിച്ചുവരുത്തി ഇന്ത്യയുടെ ശക്തമായ ആശങ്കയും പ്രതിഷേധവും അറിയിച്ചു. വാണിജ്യ കപ്പലുകളുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കണമെന്നും, ഇന്ത്യയിലേക്കുള്ള കപ്പലുകളുടെ സുരക്ഷിതമായ യാത്ര പുനരാരംഭിക്കാൻ നടപടി വേണമെന്നും വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.
ഒമാൻ തീരത്തോട് ചേർന്ന് 25 നോട്ടിക്കൽ മൈൽ അകലെയും 20 നോട്ടിക്കൽ മൈൽ അകലെയും മൂന്ന് നോട്ടിക്കൽ മൈൽ അകലെയുമാണ് കപ്പലുകൾ ആക്രമിക്കപ്പെട്ടത്. മൂന്ന് ആക്രമണങ്ങളാണ് യുകെ മാരിടൈം ഏജൻസി സ്ഥിരീകരിച്ചത്. ഒരു ക്രൂയിസ് കപ്പലിന് സമീപം സ്ഫോടന ശബ്ദം കേട്ടതായി റിപ്പോർട്ടുണ്ട്. ഒരു കണ്ടെയിനർ കപ്പലിന് ആക്രമണത്തിൽ കണ്ടെയ്നറുകൾക്ക് കേടുപാടുകൾ സംഭവിച്ചു. ആക്രമിക്കപ്പെട്ട മറ്റൊരു കപ്പൽ ഒരു ടാങ്കറാണ്. ഇറാൻ്റെ റെവല്യൂഷണറി ഗാർഡുമായി ബന്ധമുള്ള രണ്ട് ഗൺബോട്ടുകൾ യാതൊരു മുന്നറിയിപ്പും കൂടാതെ വെടിയുതിർക്കുകയായിരുന്നു എന്ന് കപ്പൽ ക്യാപ്റ്റൻ റിപ്പോർട്ട് ചെയ്‌തു. കപ്പലിലെ ജീവനക്കാർ സുരക്ഷിതരാണെന്നാണ് പ്രാഥമിക വിവരം.
ലെബനനിൽ വെടിനിർത്തൽ പ്രഖ്യാപിച്ചതിനെത്തുടർന്ന് ഹോർമുസ് തുറക്കാൻ ഇറാൻ തയ്യാറായെങ്കിലും ഇറാൻ തുറമുഖങ്ങൾക്കുമേലുള്ള ഉപരോധം അമേരിക്ക പിൻവലിച്ചിരുന്നില്ല. ഇതിൽ പ്രതിഷേധിച്ചാണ് 24 മണിക്കൂറിനകം ഇറാൻ കടലിടുക്ക് വീണ്ടും അടച്ചത്. ഇസ്ലമാബാദിൽ തിങ്കളാഴ്‌ച നടക്കേണ്ടിയിരുന്ന രണ്ടാംഘട്ട ചർച്ചകളിൽ നിന്ന് ഇറാൻ പിന്മാറാൻ ഇത് കാരണമായി. സമ്പുഷ്‌ടീകരിച്ച യുറേനിയം കൈമാറണമെന്നതടക്കമുള്ള അമേരിക്കയുടെ അമിതമായ ആവശ്യങ്ങൾ അംഗീകരിക്കാൻ കഴിയില്ലെന്ന് ഇറാൻ വ്യക്തമാക്കി. ചർച്ചകൾ തുടരണമെങ്കിൽ ഉപരോധം പിൻവലിക്കുകയും അനാവശ്യ നിബന്ധനകൾ ഒഴിവാക്കുകയും വേണമെന്നാണ് ഇറാൻ്റെ നിലപാട്. നാവിക ഉപരോധം ആരംഭിച്ച ശേഷം ഇതുവരെ 23 കപ്പലുകൾ തടഞ്ഞ് തിരിച്ചയച്ചതായി യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. നിലവിൽ ഹോർമുസ് കടലിടുക്ക് ഇറാനിയൻ സായുധ സേനയുടെ കർശന നിയന്ത്രണത്തിലാണെന്നും പഴയ സ്ഥിതി തുടരുമെന്നും ഇറാൻ വ്യക്തമാക്കി.
ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു; അമേരിക്ക വാഗ്ദാനങ്ങൾ ലംഘിച്ചുവെന്ന് ഇറാൻ

