Thursday, May 14, 2026
Home » ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു; അമേരിക്ക വാഗ്ദാനങ്ങൾ ലംഘിച്ചുവെന്ന് ഇറാൻ
ഹോർമുസ് കടലിടുക്ക് ഇറാൻ

ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു; അമേരിക്ക വാഗ്ദാനങ്ങൾ ലംഘിച്ചുവെന്ന് ഇറാൻ

by Editor

ടെഹ്‌റാൻ: ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചതായി ഇറാൻ അറിയിച്ചു. അമേരിക്കയുമായുള്ള സമാധാന ചർച്ചകൾ പരാജയപ്പെട്ടതും, സമുദ്രപാതയിൽ അമേരിക്ക ഏർപ്പെടുത്തിയ നാവിക ഉപരോധം തുടരുന്നതിലൂടെ അവർ വാഗ്ദാനങ്ങൾ ലംഘിച്ചുവെന്നും ഇറാൻ കുറ്റപ്പെടുത്തി. ലബനനിൽ വെടിനിർത്തൽ കരാർ ഉണ്ടായതിനെത്തുടർന്ന് വെള്ളിയാഴ്ചയാണ് ഇറാൻ ഹോർമുസ് കടലിടുക്ക് വീണ്ടും തുറന്നത്.

ഇറാനിലേക്ക് എത്തുന്ന എല്ലാ കപ്പലുകൾക്കും യുഎസ് സഞ്ചാരസ്വാതന്ത്ര്യം പുനഃസ്ഥാപിക്കുന്നതുവരെ, ഹോർമുസ് കടലിടുക്കിലെ സാഹചര്യം കർശനമായ നിയന്ത്രണത്തിലായിരിക്കുമെന്നാണ് ഇറാന്റെ വിശദീകരണം. എന്നാൽ, ഇറാന്റെ ആണവ പദ്ധതി ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ദീർഘകാല കരാറിൽ എത്തുന്നതുവരെ യുഎസ് നാവികസേനയുടെ ഉപരോധം തുടരുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു.

അമേരിക്ക മുന്നോട്ടുവച്ച നിർദേശങ്ങൾക്ക് വഴങ്ങിയെന്ന യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശ വാദങ്ങൾ ഇറാൻ തള്ളി. ഒരു മണിക്കൂറിൽ ട്രംപ് ഏഴ് അവകാശ വാദങ്ങൾ നടത്തിയെങ്കിലും ആ ഏഴ് അവകാശ വാദവും തെറ്റാണെന്ന് വ്യക്തമാക്കി ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബഗേർ ഗാലിബഫ് രംഗത്തെത്തുകയായിരുന്നു. നുണ പറഞ്ഞ് യുദ്ധം ജയിക്കാൻ അമേരിക്കയ്ക്കാവില്ല. ഹോർമുസിലെ നിയന്ത്രണങ്ങൾ സംബന്ധിച്ച വിവരങ്ങൾ സമൂഹ മാധ്യമത്തിലല്ല തീരുമാനിക്കുന്നത്. അത് സാഹചര്യങ്ങൾ അനുസരിച്ചാണ്. അമേരിക്ക നാവിക ഉപരോധം നീക്കിയില്ലെങ്കിൽ ഹോർമുസ് കടലിടുക്ക് വീണ്ടും അടയ്ക്കുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി. കടലിടുക്കിലൂടെയുള്ള ഗതാഗതം ഇറാൻ്റെ അനുമതിയോടെ നിർദിഷ്‌ട റൂട്ടിലൂടെ ആയിരിക്കുമെന്നും ഗാലിബഫ് കൂട്ടിച്ചേർത്തു.

കൂടാതെ ഇറാനുമായി കരാറിലേർപ്പെട്ടാൽ സമ്പുഷ്‌ടീകരിച്ച യുറേനിയം അമേരിക്ക ഏറ്റെടുക്കുമെന്ന ട്രംപിന്റെ പ്രസ്താവനയും ഇറാൻ നിഷേധിച്ചു. ആണവോർജ ആവശ്യത്തിനായി യുറേനിയം തുടർന്നും ഉപയോഗിക്കും. യുറേനിയം സമ്പുഷ്‌ടീകരണം അവസാനിപ്പിക്കില്ല. ഹിസ്‌ബുള്ളയുടെ നിശ്ചയ ദാർഢ്യവും പ്രതിരോധ അച്ചുതണ്ടിന്റെ കെട്ടുറപ്പുമാണ് ഇസ്രയേൽ-ലബനനൻ വെടിനിർത്തലിലേക്ക് നയിച്ചതെന്നും ഇറാൻ പ്രസ്താവിച്ചു.

‘ബുധനാഴ്ചയ്ക്കുള്ളിൽ കരാറായില്ലെങ്കിൽ ബോംബുകൾ വർഷിക്കേണ്ടി വരും’; ഇറാന് ട്രംപിന്റെ അന്ത്യശാസനം

Send your news and Advertisements

You may also like

error: Content is protected !!