വാഷിംഗ്‌ടൺ: ഇറാനുമായുള്ള സമാധാന ചർച്ചകളിൽ തീരുമാനമായില്ലെങ്കിൽ കടുത്ത സൈനിക നടപടി സ്വീകരിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വരുന്ന ബുധനാഴ്ചയ്ക്കുള്ളിൽ പുതിയ സമാധാന കരാറിൽ ധാരണയിലെത്തിയില്ലെങ്കിൽ ഇറാന്റെ പ്രധാന തുറമുഖങ്ങളും തന്ത്രപ്രധാന കേന്ദ്രങ്ങളും ലക്ഷ്യമിട്ട് ബോംബാക്രമണം നടത്തുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്.
വെടിനിർത്തൽ കരാർ നീട്ടുന്ന കാര്യത്തിൽ തനിക്ക് ഉറപ്പില്ലെന്ന് വ്യക്തമാക്കിയ ട്രംപ് നിലവിൽ ഇറാനിലെ തുറമുഖങ്ങൾക്കുമേൽ ഏർപ്പെടുത്തിയിരിക്കുന്ന നാവിക ഉപരോധം കർശനമായി തുടരുമെന്നും അറിയിച്ചു. “നിർഭാഗ്യവശാൽ ഞങ്ങൾക്ക് വീണ്ടും ബോംബുകൾ വർഷിക്കേണ്ടി വരും” എന്നായിരുന്നു മാധ്യമ പ്രവർത്തകരോട് ട്രംപിൻ്റെ പ്രതികരണം. ഏപ്രിൽ പകുതി മുതൽ ഇറാനിയൻ തുറമുഖങ്ങളിലേക്കുള്ള കപ്പൽ ഗതാഗതം യുഎസ് നാവികസേന തടഞ്ഞുവരികയാണ്.
ഹോർമുസ് കടലിടുക്ക് തുറന്നുകൊടുക്കാനും ആണവ പദ്ധതികളിൽ വിട്ടുവീഴ്ച ചെയ്യാനും അദ്ദേഹം ഇറാനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അമേരിക്കയുടെ നീക്കങ്ങൾ നിയമവിരുദ്ധവും പ്രകോപനപരവുമാണെന്ന് ഇറാൻ അപലപിച്ചു. ഉപരോധം തുടർന്നാൽ ആഗോള ഊർജ വിതരണത്തിൻ്റെ ജീവനാഡിയായ ഹോർമുസ് കടലിടുക്ക് അടയ്ക്കുമെന്ന് ഇറാനും ഭീഷണി മുഴക്കിയിട്ടുണ്ട്. ലോകത്തിലെ എണ്ണ-വാതക വിതരണത്തിന്റെ 20 ശതമാനവും കടന്നുപോകുന്ന പാതയാണിത്. ഇത് ആഗോള വിപണിയിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയേക്കും.
പാക്കിസ്ഥാനിൽ വെച്ച് നടന്ന നയതന്ത്ര ചർച്ചകൾ പരാജയപ്പെട്ടതാണ് നിലവിലെ പ്രതിസന്ധിക്ക് ആക്കം കൂട്ടിയത്. ആണവ കരാർ, ഉപരോധം നീക്കൽ തുടങ്ങിയ വിഷയങ്ങളിൽ ഇരുരാജ്യങ്ങളും തമ്മിൽ ഇപ്പോഴും വലിയ ഭിന്നത നിലനിൽക്കുന്നു. ഒരു കരാറിൽ എത്താൻ താൻ ആഗ്രഹിക്കുന്നു എന്ന് ട്രംപ് പറയുമ്പോഴും അദേഹത്തിന്റെ കടുത്ത ഭാഷയിലുള്ള മുന്നറിയിപ്പുകൾ പശ്ചിമേഷ്യയിൽ വീണ്ടും ഒരു വൻയുദ്ധത്തിന്റെ കാഹളമായാണ് വിലയിരുത്തപ്പെടുന്നത്.
ഹോര്‍മുസ് കടലിടുക്ക് പൂര്‍ണമായും തുറന്നതായി ഇറാന്‍; നാവിക ഉപരോധം തുടരുമെന്ന് ട്രംപ്

